ക്ലാസ്‌മേറ്റ്‌സിന് ശേഷം ഇംഗ്ലീഷ് സിനിമകളിലെ പോലെ വിനീതിനെയും ഫഹദിനെയും നായകന്മാരാക്കി ഒരു പടം പ്ലാന്‍ ചെയ്തിരുന്നു: ലാല്‍ ജോസ്
Entertainment
ക്ലാസ്‌മേറ്റ്‌സിന് ശേഷം ഇംഗ്ലീഷ് സിനിമകളിലെ പോലെ വിനീതിനെയും ഫഹദിനെയും നായകന്മാരാക്കി ഒരു പടം പ്ലാന്‍ ചെയ്തിരുന്നു: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th May 2024, 8:44 pm

ക്ലാസ്‌മേറ്റ്സ് സിനിമയുടെ സമയത്ത് താനും ജെയിംസ് ആല്‍ബര്‍ട്ടും ചേര്‍ന്ന് വിനീത് ശ്രീനിവാസനെയും ഫഹദ് ഫാസിലിനെയും നായകന്മാരാക്കി ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നെന്ന് പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. താന്‍ അഭിനയിച്ച മന്ദാകിനി എന്ന സിനിമയുടെ ഭാഗമായി സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ക്ലാസ്‌മേറ്റ്സ് സിനിമ കഴിഞ്ഞ് ഞാനും ജെയിംസ് ആല്‍ബര്‍ട്ടും ചേര്‍ന്ന് ഒരു സിനിമ ആലോചിച്ചിരുന്നു. ക്ലാസ്‌മേറ്റ്‌സിന്റെ ഡബ്ബിങ്ങ് സമയത്തായിരുന്നു അത്. അന്ന് ഞാന്‍ ആ സിനിമക്കായി പറഞ്ഞ ഒരു കാസ്റ്റിങ്ങായിരുന്നു ശ്രീനിയേട്ടന്റെ മകന്‍ വിനീതും പാച്ചിക്കയുടെ മകന്‍ ഫഹദും.

പഴയ ഇംഗ്ലീഷ് സിനിമകളില്‍ നായകന്മാരായി ഒരു വൈറ്റും ഒരു ബ്ലാക്കും വരുന്ന രീതിയുണ്ട്. ടെറന്‍സ് ഹിലും മറ്റൊരാളും അല്ലെങ്കില്‍ എഡ്ഡി മര്‍ഫി കൂടെയൊരാളും പോലെ. അത്തരത്തിലുള്ള ഒരു ഫണ്‍ ഫിലിം ഇങ്ങനെയുള്ള രണ്ടുപേരെ ഒരുമിച്ച് കൊണ്ട് ചെയ്യാനായിരുന്നു പ്ലാന്‍.

രണ്ടുപേരും അറിയപ്പെടുന്ന ആളുകളുടെ മക്കളാണ്. പിന്നെ രണ്ടുപേരും അഭിനയിക്കുമെന്നും എനിക്കറിയാം. അവരെ നായകന്മാരാക്കി ഒരു സിനിമ ആലോചിക്കാമെന്ന് പറഞ്ഞു. പക്ഷെ ആ സിനിമ ചെയ്തത് ജോണി ആന്റണിയാണ്. അതാണ് സൈക്കിള്‍ എന്ന സിനിമ.

ഞാന്‍ അന്ന് ആലോചിച്ചത് ബെംഗളൂരുവില്‍ വെച്ചിട്ടുള്ള വേറെ ഒരുതരം സിനിമയായിരുന്നു. ജോണി ആന്റണിയുമായി ഒരു സിനിമ ചെയ്യണമെന്ന് വന്നപ്പോഴാണ് അവര്‍ കാസ്റ്റിങ്ങ് അങ്ങനെ ആലോചിച്ച് വിനീതിനെയും വിനുവിനെയും നായകന്മാരാക്കി ഒരു സിനിമയെടുത്തത്,’ ലാല്‍ ജോസ് പറഞ്ഞു.

ലാല്‍ ജോസ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് മന്ദാകിനി. അനാര്‍ക്കലി മരയ്ക്കാര്‍, അല്‍ത്താഫ് സലിം എന്നിവര്‍ ഒന്നിച്ച ചിത്രം ഒരു കോമഡി എന്റര്‍ടൈനറാണ്. ചിത്രത്തില്‍ ലാല്‍ ജോസിന് പുറമെ മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്.


Content Highlight: Lal Jose Talks About Vineeth Sreenivasan And Fahadh Faasil Movie