ലോകകപ്പിനോടനുബന്ധിച്ചുള്ള ഇടവേളക്ക് ശേഷം സ്പാനിഷ് ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ലാ ലിഗ പുനരാരംഭിച്ചിരിക്കുകയാണ്.
നിലവിലെ ലീഗ് ചാമ്പ്യൻമാരും, ചാമ്പ്യൻസ് ലീഗ് ജേതാക്കളുമായ റയൽ മാഡ്രിഡ് ആദ്യ മത്സരത്തിൽ വല്ലാഡോലിദിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 2-0 എന്ന സ്കോറിന് വിജയിച്ചിരുന്നു.
കരീം ബെൻസെമയുടെ ഇരട്ട ഗോളുകളിലാണ് മത്സരം റയൽ വിജയിച്ചത്. എന്നാൽ മത്സരം നടന്ന വല്ലാഡോലിദിന്റെ ഹോം സ്റ്റേഡിയമായ ജോസ് സൊറില്ലയിൽ വെച്ച് വല്ലാഡോലിദിന്റെ ആരാധകർ ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയറിനെതിരെ വംശീയ അധിക്ഷേപങ്ങൾ ചൊരിയുകയും, പേപ്പറുകൾ വലിച്ചെറിയുകയും ചെയ്തിരുന്നു.
മത്സരശേഷം സംഭവവുമായി ബന്ധപ്പെട്ട് വിനീഷ്യസ് ജൂനിയർ ട്വീറ്റ് ചെയ്തിരുന്നു.
“സ്റ്റേഡിയങ്ങളിലെല്ലാം റേസിസം അതിന്റെ പാരമത്യത്തിലെത്തിയിരിക്കുകയാണ്. ലാ ലിഗ എന്നത്തേയും പോലെ ഇപ്പോഴും ഒന്നും ചെയ്യുന്നില്ല,’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
“ഞാൻ എന്റെ തല ഉയർത്തിപിടിക്കുക തന്നെ ചെയ്യും. എന്നിട്ട് മാഡ്രിഡിന് വേണ്ടിയുള്ള വിജയങ്ങൾ നന്നായി തന്നെ ഞാൻ ആഘോഷിക്കും,’ അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതാദ്യമായല്ല ബ്രസീലിയൻ താരത്തിനെതിരെ വംശീയ അധിക്ഷേപങ്ങൾ ഉണ്ടാവുന്നത്.
മുമ്പ് മാഡ്രിഡിലെ മറ്റൊരു ക്ലബ്ബായ അത് ലറ്റിക്കോ മാഡ്രിഡ് ആരാധകർ വിനീഷ്യസിനെതിരെ വംശീയ ആക്ഷേപം നടത്തിയത് വലിയ വാർത്തയായിരുന്നു.
വിഷയത്തിൽ മാപ്പ് പറഞ്ഞ് അത് ലറ്റിക്കോ ആരാധകൻ കൂടിയായ സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസ് തന്നെ അന്ന് രംഗത്ത് വന്നിരുന്നു.