തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് പ്രതിപക്ഷ തൊഴിലാളി സംഘടനയായ ഐ.എന്‍.ടി.യു.സി നേതൃത്വം നല്‍കുന്ന ടി.ഡി.എഫിന്റെയും ഒപ്പം എ.ഐ.ടി.യു.സിയുടെയും പണിമുടക്ക് തുടരുന്നു.
വെള്ളിയാഴ്ച മാത്രം സമരം പ്രഖ്യാപിച്ചിരുന്ന എ.ഐ.ടി.യു.സിയുടെ എംപ്‌ളോയീസ് യൂണിയനാണ് ശനിയാഴ്ച കൂടി പണിമുടക്കാന്‍ തീരുമാനിച്ചത്.
അതേസമയം, ജോലിക്കെത്തുന്ന തൊഴിലാളികളെ ഉപയോഗിച്ച് ശനിയാഴ്ച പരമാവധി സര്‍വ്വീസുകള്‍ നടത്താനും, അവര്‍ക്ക് ഡബിള്‍ ഡ്യൂട്ടി നല്‍കാനും കെ.എസ്.ആര്‍.ടി.സി സി.എം.ഡി യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അവശ്യറൂട്ടുകള്‍ക്ക് പ്രാധാന്യം നല്‍കി ദീര്‍ഘദൂര സര്‍വീസുകള്‍, ഒറ്റപ്പെട്ട സര്‍വീസുകള്‍, പ്രധാന റൂട്ടുകളിലേക്കുള്ള സര്‍വീസുകള്‍ എന്നിവയും റിസര്‍വേഷന്‍ നല്‍കിയിട്ടുള്ള സര്‍വീസുകളും നടത്തും. വാരാന്ത്യദിനമായതിനാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ സര്‍വീസ് ക്രമീകരിക്കുമെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചു.
ജീവനക്കാരുടെ ആവശ്യം ന്യായമാണെങ്കിലും ശമ്പള പരിഷ്‌കരണം 30 കോടിയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും, ആയതിനാല്‍ സാവകാശം വേണമെന്നും ഗതാഗാതമന്ത്രി വ്യക്തമാക്കി.