കൊച്ചിയിൽ പുകപ്രളയം
ഹരികൃഷ്ണ ബി

കൊച്ചി: കാക്കനാടിനടുത്തുള്ള ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് തീ പിടിച്ചതിനെ തുടർന്ന് മൂന്ന് ദിവസത്തോളം കൊച്ചി നഗരത്തെ പുക വലയം ചെയ്തിരിക്കുകയായിരുന്നു. എന്നാൽ ഇന്നലെ ഉച്ചയോടെ പുക ഭാഗികമായെങ്കിലും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്കിനും മറ്റ് പ്രകൃതിക്ക് ദോഷമുണ്ടാക്കുന്ന വസ്തുക്കൾക്കും തീപിടിച്ചത് കാരണം മാരകമായ തോതിൽ വിഷാഅംശമുള്ള പുകയാണ് നഗരത്തിലാകെ പടർന്നത്. പുകമൂലം കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ശ്വാസ തടസവും മറ്റ് ബുദ്ധിമുട്ടുകളും അനുഭവപ്പെടുകയും നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരികയും ചെയ്തു.

പ്രധാനമായും ഇരുമ്പനം, തൃപ്പൂണിത്തുറ, പനമ്പള്ളി നഗർ, വൈറ്റില എന്നിവിടങ്ങളിൽ കഴിയുന്നവരാണ് പുക കാരണം ബുദ്ധിമുട്ടിയത്. ഇന്നലെ ഉച്ചയോടെ പുക ഏതാണ്ട് താണുവെങ്കിലും പൂർണമായും വിട്ടു മാറിയിട്ടില്ല. മാലിന്യത്തിന്റെ ഉള്ളിൽ കനൽ ഉള്ളതിനാൽ പുക പൂർണ്ണമായും ഇല്ലാതാക്കുക എന്നത് ശ്രമകരമാണ്. ഒരേ സമയം പ്ലാന്റിന്റെ പല സ്ഥലത്ത് നിന്നും തീ പടർന്നത് സംശയത്തിന് ഇടയാക്കുന്നതാണ്. ഇതിൽ അട്ടിമറിക്കുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കൊച്ചി മേയറായ സൗമിനി ജെയിൻ പറയുന്നു. 
പുക ഏതാണ്ട് പൂർണ്ണമായും തടയാൻ കഴിഞ്ഞിട്ടുണ്ടെന്നും ഇനി 25 ശതമാനം മാത്രമാണ് ബാക്കിയുള്ളതെന്നും എറണാകുളം ജില്ലാ കലക്റ്ററായ മുഹമ്മദ്‌ സഫിറുള്ള പറയുന്നു പുക മൂലം വീടുകളിൽ നിന്നും മാറി താമസിക്കേണ്ടി വന്നവരും നിരവധിയാണ്.
ശ്വാസം മുട്ടും കണ്ണെരിച്ചിലും കാരണമാണ് പലരും ഈ തീരുമാനത്തിലേക്ക് എത്തിയത്. ഏതായാലും ഇന്നത്തോടെ പുക പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കുമെന്നും പുക മൂലമുള്ള ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷ നേടാൻ സാധിക്കുമെന്നുമാണ് ജനങ്ങളും അധികൃതരും കരുതുന്നത്.
ഹരികൃഷ്ണ ബി
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ, വീഡിയോഗ്രാഫിയില്‍ പരിശീലനം നേടി, ഏഷ്യാനെറ്റ് ന്യൂസില്‍ രണ്ടുവര്‍ഷം ക്യാമറാമാനായി പ്രവര്‍ത്തിച്ചു, നിലവില്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍