താത്കാലിക ലാഭം ലക്ഷ്യമിട്ട് ആണത്ത പൊതുബോധത്തെ അഴിഞ്ഞാടാന്‍ വിടുകയാണ് രാഷ്ട്രീയപാര്‍ട്ടിക്കാര്‍; ആണ്‍കൂട്ട ആക്രമണങ്ങള്‍ക്കെതിരെ കെ.കെ രമ
Kerala Politics
താത്കാലിക ലാഭം ലക്ഷ്യമിട്ട് ആണത്ത പൊതുബോധത്തെ അഴിഞ്ഞാടാന്‍ വിടുകയാണ് രാഷ്ട്രീയപാര്‍ട്ടിക്കാര്‍; ആണ്‍കൂട്ട ആക്രമണങ്ങള്‍ക്കെതിരെ കെ.കെ രമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd February 2018, 4:28 pm

കോഴിക്കോട്: പൊതുവിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും അവഹേളനങ്ങളും കേരളത്തില്‍ വര്‍ദ്ധിച്ചതായി ആര്‍.എം.പി.ഐ നേതാവ് കെ.കെ. രമ.

പൊതുവിടങ്ങളില്‍ സ്ത്രീകളുടെയും എല്‍ ജി ബി ടി വിഭാഗങ്ങളുടെയും സാന്നിധ്യവും ഇടപെടലുകളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് ജനാധിപത്യ ബോധവും സമത്വ സ്വപ്നവുമുള്ള ഏതൊരാള്‍ക്കും ആവേശം പകരുന്ന കാഴ്ചയാണെന്നും എന്നാല്‍ ഇത് യാഥാസ്ഥിതിക ആണ്‍ബോധത്തെ, അല്ലെങ്കില്‍ പുരുഷാധിപത്യത്തെ പ്രകോപിപ്പിക്കുന്നതാണെന്നും കെ.കെ രമ പറയുന്നു. മുമ്പില്ലാത്തവിധം അക്രമോത്സുകമായ ആണ്‍കൂട്ട ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് ഇതിന്റെ മറുവശമാണെന്നും കെ.കെ രമ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമായ രാഷ്ട്രീയ പാര്‍ട്ടികളും ഈ പുരുഷാധിപത്യ ലോക ബോധത്താലാണ് നയിക്കപ്പെടുന്നത്. ജനതയുടെ സാമാന്യ ബോധത്തെ തിരുത്തുകയും നയിക്കുകയും ചെയ്യുകയാണ് രാഷ്ട്രീയം. എന്നാല്‍ പാര്‍ട്ടികള്‍ അതിനുപകരം താത്കാലിക ലാഭം ലക്ഷ്യമിട്ട് ഈ ആണത്ത പൊതുബോധത്തെ അഴിഞ്ഞാടാന്‍ വിടുകയാണെന്നും കെ.കെ രമ കുറ്റപ്പെടുത്തി.

പ്രതികരണ ശേഷിയുള്ള, പൊതുവിടങ്ങളില്‍ കാണുന്ന സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും അവഹേളനങ്ങളും ഈയടുത്തതായി കേരളത്തില്‍ വല്ലാതെ വര്‍ദ്ധിക്കുന്നു. ചലച്ചിത്ര രംഗത്തെ വനിതാ സംഘടനയ്‌ക്കെതിരെ, അതില്‍ തന്നെ റിമ കല്ലിങ്കല്‍, പാര്‍വതി തുടങ്ങിയ നടിമാര്‍ക്കെതിരെയൊക്കെ നടന്ന ആക്രമണങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ ഒടുവിലത്തെ ചില ഉദാഹരണങ്ങളാണ് കോഴിക്കോട് ഗര്‍ഭിണിയായ യുവതിയെ ആക്രമിച്ചു ഗര്‍ഭസ്ഥ ശിശുവിനെ കൊന്ന സംഭവം. സ്ഥലത്തെ സി.പി.ഐ.എം നേതാവാണ് ഇപ്പോള്‍ ആ കേസില്‍ റിമാന്റില്‍ കഴിയുന്നത്.

ബാലസംഘം നേതാവായ നവമി രാമചന്ദ്രന്‍ ആര്‍ത്തവത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരില്‍ സംഘ് പരിവാറിന്റെ ഭീഷണിയും കേട്ടാലറക്കുന്ന തെറിവിളിയും ഏറ്റുവാങ്ങുന്നു. അവരുടെ സഹോദരിക്ക് നേരെയും ആക്രമണശ്രമം നടന്നു.

സി.പി.ഐ.എം പാല ഏരിയ കമ്മിറ്റി അംഗമായ പുഷ്പ ചന്ദ്രനെ ആര്‍.എസ്.എസുകാര്‍ തലയ്ക്കു വെട്ടി മാരകമായി പരിക്കേല്പിച്ചിരിക്കുന്നു.

കെ എസ് യു ജില്ലാ നേതാവായിരുന്ന ജസ്ല മാടശ്ശേരിക്കു നേരെ അവര്‍ സ്വതന്ത്രമായ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് അനുകൂലികളായ വിവിധ പ്രൊഫൈലുകളില്‍ നിന്നും വ്യാപകമായ ലൈംഗികാക്രമണ സ്വഭാവമുള്ള വ്യക്തിഹത്യയാണ് ആ കുട്ടി നേരിടേണ്ടി വന്നത്.

സ്ത്രീകളുടെ ജുമുഅയ്ക്ക് നേതൃത്വം നല്‍കിയ ജാമിത ടീച്ചര്‍ നേരിടേണ്ടി വന്ന അവഹേളനം മതത്തിന്റെ ധാര്‍മികത തൊട്ടു തീണ്ടാത്തതായിരുന്നു. ഈ സംഭവങ്ങളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നെന്നും കെ.കെ രമ പറയുന്നു.

വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളില്‍ നിന്ന് പരസ്പരം പൊരുതുമ്പോഴും പൊതുരംഗത്ത് ഇടപെടുന്ന സ്ത്രീകള്‍ക്ക് ഇടയില്‍ ഒരു ഐക്യനിര രൂപപ്പെടെണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സംഭവങ്ങളാകെ വിരല്‍ ചൂണ്ടുന്നത്. കാരണം സമൂഹത്തില്‍ എന്നതു പോലെ നാം ഓരോരുത്തരും വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രത്തിലും പ്രസ്ഥാനത്തിലുമുള്ള നമ്മുടെ ഇടങ്ങളും നാം പൊരുതിത്തന്നെ നേടേണ്ടതുണ്ടെന്നും അവര്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പൊതുവിടങ്ങള്‍ ആണുങ്ങള്‍ക്ക് മാത്രമുള്ളതല്ല, ആക്രമണങ്ങളും അവഹേളനങ്ങളും അതിജീവിക്കുന്ന സ്ത്രീകള്‍ക്കും ലിംഗ/ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നില്‍ക്കുക.
…………………………………….

പൊതുവിടങ്ങളില്‍ സ്ത്രീകളുടെയും എല്‍ ജി ബി ടി വിഭാഗങ്ങളുടെയും സാന്നിധ്യവും ഇടപെടലുകളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് ജനാധിപത്യ ബോധവും സമത്വ സ്വപ്നവുമുള്ള ഏതൊരാള്‍ക്കും ആവേശം പകരുന്ന കാഴ്ചയാണ്. അത് യാഥാസ്ഥിതിക ആണ്‍ബോധത്തെ, പുരുഷാധിപത്യത്തെ പ്രകോപിപ്പിക്കുന്നതും മുമ്പില്ലാത്തവിധം അക്രമോത്സുകമായ ആണ്‍കൂട്ട ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയും ചെയ്യുന്നത് ഇതിന്റെ മറുവശമാണ്.

പ്രതികരണ ശേഷിയുള്ള, പൊതുവിടങ്ങളില്‍ കാണുന്ന സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും അവഹേളനങ്ങളും ഈയടുത്തതായി കേരളത്തില്‍ വല്ലാതെ വര്‍ദ്ധിക്കുന്നു. ചലച്ചിത്ര രംഗത്തെ വനിതാ സംഘടനയ്‌ക്കെതിരെ, അതില്‍ തന്നെ റിമ കല്ലിങ്കല്‍, പാര്‍വതി തുടങ്ങിയ നടിമാര്‍ക്കെതിരെയൊക്കെ നടന്ന ആക്രമണങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ ഒടുവിലത്തെ ചില ഉദാഹരണങ്ങളാണ് കോഴിക്കോട് ഗര്‍ഭിണിയായ യുവതിയെ ആക്രമിച്ചു ഗര്‍ഭസ്ഥ ശിശുവിനെ കൊന്ന സംഭവം. സ്ഥലത്തെ സിപിഎം നേതാവാണ് ഇപ്പോള്‍ ആ കേസില്‍ റിമാന്റില്‍ കഴിയുന്നത്.

ബാലസംഘം നേതാവായ നവമി രാമചന്ദ്രന്‍ ആര്‍ത്തവത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരില്‍ സംഘ് പരിവാറിന്റെ ഭീഷണിയും കേട്ടാലറക്കുന്ന തെറിവിളിയും ഏറ്റുവാങ്ങുന്നു. അവരുടെ സഹോദരിക്ക് നേരെയും ആക്രമണശ്രമം നടന്നു.

സി.പി.ഐ.എം പാല ഏരിയ കമ്മിറ്റി അംഗമായ പുഷ്പ ചന്ദ്രനെ ആര്‍.എസ്.എസുകാര്‍ തലയ്ക്കു വെട്ടി മാരകമായി പരിക്കേല്പിച്ചിരിക്കുന്നു.

കെ എസ് യു ജില്ലാ നേതാവായിരുന്ന ജസ്ല മാടശ്ശേരിക്കു നേരെ അവര്‍ സ്വതന്ത്രമായ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് അനുകൂലികളായ വിവിധ പ്രൊഫൈലുകളില്‍ നിന്നും വ്യാപകമായ ലൈംഗികാക്രമണ സ്വഭാവമുള്ള വ്യക്തിഹത്യയാണ് ആ കുട്ടി നേരിടേണ്ടി വന്നത്.

സ്ത്രീകളുടെ ജുമുഅയ്ക്ക് നേതൃത്വം നല്‍കിയ ജാമിത ടീച്ചര്‍ നേരിടേണ്ടി വന്ന അവഹേളനം മതത്തിന്റെ ധാര്‍മികത തൊട്ടു തീണ്ടാത്തതായിരുന്നു. ഈ സംഭവങ്ങളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമായ രാഷ്ട്രീയ പാര്‍ട്ടികളും ഈ പുരുഷാധിപത്യ ലോക ബോധത്താലാണ് നയിക്കപ്പെടുന്നത്. ജനതയുടെ സാമാന്യ ബോധത്തെ തിരുത്തുകയും നയിക്കുകയും ചെയ്യുകയാണ് രാഷ്ട്രീയം. എന്നാല്‍ പാര്‍ട്ടികള്‍ അതിനുപകരം താത്കാലിക ലാഭം ലക്ഷ്യമിട്ട് ഈ ആണത്ത പൊതുബോധത്തെ അഴിഞ്ഞാടാന്‍ വിടുന്നു.

ഭരണ കക്ഷിയില്‍ പെട്ട സ്ത്രീകളെ പോലും ആക്രമിക്കാനും അവഹേളിക്കാനും സംഘ് പരിവാര്‍ ശക്തികള്‍ക്ക് മൗനാനുവാദം നല്‍കിയത് ഇവിടുത്തെ അഭ്യന്തര വകുപ്പാണ്. പോലീസിനെ നോക്കുകുത്തിയാക്കി കോഴിക്കോട് മാവോ വാദി നേതാവ് കുപ്പുസ്വാമിയുടെ മൃതദേഹത്തെ അവഹേളിച്ചതും ഇക്കഴിഞ്ഞ ഡിസംബര്‍ ആറാം തീയതി വടകരയില്‍ വിശ്വ ഹിന്ദു പരിഷത്ത് ബാബറി മസ്ജിദ് തകര്‍ത്ത ഓര്‍മ്മയില്‍ സ്വാഭിമാന്‍ മാര്‍ച്ച് നടത്തിയതും ആരും മറന്നിട്ടില്ല.

ആര്‍ട്ടിസ്റ്റ് അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കാന്‍ കഴിയാത്ത വിധം സിവില്‍ ജീവിതത്തില്‍ സംഘപരിവാര്‍ ഇടപെടലുകള്‍ നടത്തുമ്പോള്‍ കയ്യും കെട്ടി നോക്കിയിരിക്കുന്ന പോലീസിനും അഭ്യന്തര വകുപ്പിനും ഉത്തരവാദിത്തമുണ്ട് നമിതയ്ക്ക് നേരെയുള്ള സൈബര്‍ ആക്രമണത്തിലും പുഷ്പ ചന്ദ്രന്റെ തല വെട്ടിപ്പിളര്‍ന്ന സംഭവത്തിലും.

വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളില്‍ നിന്ന് പരസ്പരം പൊരുതുമ്പോഴും പൊതുരംഗത്ത് ഇടപെടുന്ന സ്ത്രീകള്‍ക്ക് ഇടയില്‍ ഒരു ഐക്യനിര രൂപപ്പെടെണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സംഭവങ്ങളാകെ വിരല്‍ ചൂണ്ടുന്നത്. കാരണം സമൂഹത്തില്‍ എന്നതു പോലെ നാം ഓരോരുത്തരും വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രത്തിലും പ്രസ്ഥാനത്തിലുമുള്ള നമ്മുടെ ഇടങ്ങളും നാം പൊരുതിത്തന്നെ നേടേണ്ടതുണ്ട്.

അതുകൊണ്ട് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പുഷ്പ ചന്ദ്രനൊപ്പമാണ് നവമിക്കൊപ്പമാണ്. ജസ്ലയക്കൊപ്പമാണ്. ..
പോലീസുകാരാലും സദാചാര ഗുണ്ടകളാലും ആക്രമിക്കപ്പെടുന്ന ട്രാന്‍സ്ജെന്‍ഡറുകള്‍ക്കൊപ്പമാണ്..
അവരുടെ ചെറുത്തുനില്പുകള്‍ക്കൊപ്പമാണ്.

കെ കെ രമ