'ഇത് ഗാന്ധി ഗ്രാമമല്ല കൊത്തയാണ്', കിങ് ഓഫ് കൊത്ത ടീസർ പുറത്ത്
Entertainment
'ഇത് ഗാന്ധി ഗ്രാമമല്ല കൊത്തയാണ്', കിങ് ഓഫ് കൊത്ത ടീസർ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th June 2023, 6:09 pm

ദുല്‍ഖര്‍ സല്‍മാന്റെ കിങ് ഓഫ് കൊത്ത മലയാളം ടീസര്‍ പുറത്ത് വിട്ട് മമ്മൂട്ടി. തെലുങ്ക് ടീസര്‍ മഹേഷ് ബാബുവും തമിഴ് ടീസര്‍ ചിമ്പുവുമാണ് റിലീസ് ചെയ്തത്. മലയാളം ടീസര്‍ പുറത്ത് വിടുന്നത് മമ്മൂട്ടിയാണെന്നറിഞ്ഞതോടെ ആവേശത്തിലായിരുന്നു ആരാധകര്‍.

‘ഇത് ഗാന്ധി ഗ്രാമമല്ല കൊത്തയാണ്’ എന്ന മാസ് ഡയലോഗോടുകൂടി ദുൽഖറിനെ കാണിക്കുന്ന ടീസറിലെ ഭാഗം മാത്രം മതി പ്രേക്ഷകർക്ക് സിനിമ ഇറങ്ങുന്നതുവരെ കാത്തിരിക്കാൻ. ഒപ്പം ജേക്സ് ബിജോയിയുടെ മാസ്സ് ബി.ജി.എം പ്രേക്ഷകരെ വീണ്ടും വീണ്ടും ടീസർ കാണാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട കഥാപാത്രങ്ങളെ വെളിപ്പെടുത്തിക്കൊണ്ടുള്ള ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിനും അതിലെ ബാക്ക്ഗ്രൗണ്ട് സ്‌കോറിങ്ങിനും വലിയ പ്രശംസ ലഭിച്ചിരുന്നു. ഇത് കൂടാതെ കഴിഞ്ഞ ദിവസം കിങ് ഓഫ് കൊത്തയിലെ ദുല്‍ഖറിന്റെ പുതിയ ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. എരിയുന്ന സിഗരറ്റും കയ്യിൽ ഒരു തോക്കുമായി തടി പെട്ടികളുടെ കൂമ്പാരത്തിനിടയിൽ ഇരിക്കുന്ന ദുൽഖറിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ലൈക്കുകൾ വാരിക്കൂട്ടിയതാണ്.

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം വേഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഷാന്‍ റഹ്‌മാനും ജേക്സ് ബിജോയും ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, വട ചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം: നിമീഷ് രവി, സ്‌ക്രിപ്റ്റ്: അഭിലാഷ് എന്‍. ചന്ദ്രന്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, ആക്ഷന്‍: രാജശേഖര്‍, മേക്കപ്പ്: റോണെക്സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍: ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ദീപക് പരമേശ്വരന്‍, മ്യൂസിക്: സോണി മ്യൂസിക്, വിതരണം: വേഫേറെര്‍ ഫിലിംസ്, പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlights: King of Kotha teaser