പുതിയ സ്റ്റിയറിങ് കമ്മിറ്റി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; തരൂരിനെ ഒഴിവാക്കി, എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും കെ.സിയും സമിതിയില്‍
national news
പുതിയ സ്റ്റിയറിങ് കമ്മിറ്റി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; തരൂരിനെ ഒഴിവാക്കി, എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും കെ.സിയും സമിതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th October 2022, 8:33 pm

ന്യൂദല്‍ഹി: പ്രവര്‍ത്തകസമിതി പുനസംഘടനക്കുള്ള നടപടികള്‍ക്കായി കോണ്‍ഗ്രസ് പാര്‍ട്ടി പുതിയ സ്റ്റിയറിങ് കമ്മിറ്റി പ്രഖ്യാപിച്ചു. പാര്‍ട്ടി അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചുമതലയേറ്റതിന് പിന്നാലെ നിലവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ രാജി സമര്‍പ്പിച്ചിരുന്നു. പുതിയ പ്രവര്‍ത്തകസമിതി ചുമതലയേല്‍ക്കും വരെയുള്ള പകരം സംവിധാനമായിട്ടാണ് സ്റ്റിയറിങ് കമ്മിറ്റി നിലവില്‍ വരുന്നത്.

പുതുതായി നിയമിക്കപ്പെട്ട സ്റ്റിയറിങ് കമ്മിറ്റിയില്‍ ഗാന്ധി കുടുംബത്തില്‍ നിന്നുള്ള എല്ലാവരും അംഗങ്ങളാണ്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സ്റ്റിയറിങ് കമ്മിറ്റിയിലുണ്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും സമിതിയില്‍ ഇടം നേടി.

കേരളത്തില്‍ നിന്നും മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയും സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സമിതിയിലെത്തി. അതേസമയം, അധ്യക്ഷ തെരഞ്ഞെടുപ്പിലൂടെ പാര്‍ട്ടിക്കുള്ളില്‍ തരംഗം സൃഷ്ടിച്ച ശശി തരൂരിന്റെ പേര് സ്റ്റിയറിങ് കമ്മിറ്റിയിലില്ല.

പുതിയ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പിലൂടെ അംഗങ്ങളെ കണ്ടെത്താന്‍ രാഹുല്‍ ഗാന്ധി നേരത്തെ സമ്മതമറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ വ്യക്തത വരും.

അടുത്ത വര്‍ഷം ആദ്യം നടക്കുന്ന എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിലാണ് പുതിയ പ്രവര്‍ത്തക സമിതി നിയമിക്കപ്പെടുക. അതുവരെ സ്റ്റിയറിങ് കമ്മിറ്റിയാവും പാര്‍ട്ടിയുടെ നേതൃപരമായ ചുമതല വഹിക്കുക.

അഭിഷേക് മനു സിങ്‌വി, അജയ് മാക്കന്‍, അംബികാ സോണി, ജയ്‌റാം രമേശ്, ജിതേന്ദ്ര സിംഗ്, മുകുള്‍ വാസ്‌നിക്, പി. ചിദംബരം, രണ്‍ദീപ് സുര്‍ജെവാല, താരീഖ് അന്‍വര്‍, അധീര്‍ രഞ്ജന്‍ ചൗധരി, ദിഗ്‌വിജയ് സിങ്, മീരാ കുമാര്‍, പവന്‍ കുമാര്‍ ബന്‍സല്‍, രാജീവ് ശുക്ല, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരടക്കം ആകെ 47 പേരാണ് പുതിയ സ്റ്റിയറിങ് കമ്മിറ്റിയില്‍ അംഗങ്ങളായിട്ടുള്ളത്.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം മത്സരാര്‍ഥികളായിരുന്ന ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുന്‍ പ്രസിഡന്റ് സോണിയാ ഗാന്ധിയും അടുത്തടുത്തിരിക്കുന്ന ചിത്രം കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ‘ജനാധിപത്യം സിന്ദാബാദ്’ എന്ന അടിക്കുറിപ്പോടെയാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ചിത്രം പങ്കുവെച്ചത്. മൂന്ന് നേതാക്കളും സംസാരിച്ചിരിക്കുന്നതാണ് ചിത്രം.

Content Highlight: Kharge Forms News Steering Committee For Congress Party