ന്യൂദല്‍ഹി: കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് എപ്രില്‍ 6 ന്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണ് തിയ്യതി പ്രഖ്യാപിച്ചത്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. മലപ്പുറം ഉപതെരഞ്ഞെടുപ്പും അതേ ദിവസം തന്നെ നടക്കും.
മാർച്ച് 12 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മാർച്ച് 19 ന് പത്രിക സമർപ്പിക്കാനുള്ള സമയ പരിധി അവസാനിക്കും. മാർച്ച് 20 ന് സൂക്ഷ്മ പരിശോധന നടക്കും. മാർച്ച് 22 ന് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമാണ്.
കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലേയും തീയതികളാണ് പ്രഖ്യാപിച്ചത്.
ആസാമിൽ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തും. ആദ്യ ഘട്ടം മാർച്ച് 27ന്. മേയ് 2നായിരിക്കും വോട്ടെണ്ണൽ. 47 മണ്ഡലങ്ങളിലേക്കാണ് ആകെ തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടം ഏപ്രിൽ 1നും മൂന്നാംഘട്ടം ഏപ്രിൽ 6നും നടക്കും.
തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് തന്നെ. ഒറ്റഘട്ടമായിട്ടായിരിക്കും ഈ തെരഞ്ഞെടുപ്പും വോട്ടെണ്ണൽ മേയ് രണ്ടിന് തന്നെ നടക്കും.
പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും. ഏപ്രിൽ ആറിനായിരിക്കും തെരഞ്ഞെടുപ്പ്.
കൊവിഡ് സാഹചര്യത്തില്‍ കൂടുതല്‍ പോളിംഗ് ബൂത്തുകള്‍ സജീകരിക്കും. അഞ്ചിടത്തായി 2.7 ലക്ഷം പോളിംഗ് ബൂത്തുകളാണ് ഉണ്ടാവുക. 18.86 കോടി വോട്ടര്‍മാര്‍ ആണ് അഞ്ചിടങ്ങളിലായി ഉള്ളത് എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
കേരളത്തില്‍ 40,771 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. ഒരു മണിക്കൂര്‍ വരെ പോളിംഗ് ടെെം കൂട്ടാന്‍ പറ്റും. 80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.
നോമിനേഷന് നല്‍കുന്നതിനായി സ്ഥാനാര്‍ത്ഥിയുടെ കൂടെ രണ്ട് ആളുകള്‍ മാത്രമേ പാടുള്ളുവെന്നും കമ്മീഷന്‍ അറിയിച്ചു. വീടുകള്‍ കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേര്‍ മാത്രമേ പാടുള്ളുവെന്നും കമ്മീഷന്‍ അറിയിച്ചു.
എപ്രില്‍ 14-ന് മുന്‍പായി വോട്ടെടുപ്പ് നടത്തണം എന്നായിരുന്നു എല്‍.ഡി.എഫും യു.ഡി.എഫും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. എന്നാല്‍ കേരളത്തില്‍ മെയ് മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നാണ് ബി.ജെ.പി ഇലക്ഷനെ കമ്മീഷനെ അറിയിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക