നേരത്തേ അപേക്ഷ നല്‍കിയിട്ടുണ്ട്, വിവാദവുമായി കാസര്‍കോഡ് കളക്ടറുടെ അവധിക്ക് ബന്ധമില്ല; രേഖകള്‍ പുറത്ത്
Kerala News
നേരത്തേ അപേക്ഷ നല്‍കിയിട്ടുണ്ട്, വിവാദവുമായി കാസര്‍കോഡ് കളക്ടറുടെ അവധിക്ക് ബന്ധമില്ല; രേഖകള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd January 2022, 6:43 pm

കോഴിക്കോട്: കാസര്‍കോഡ് കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്രയുടെ അവധിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് വിരാമം.

കളക്ടര്‍ അവധിയില്‍ പ്രവേശിച്ചതിന് പിന്നില്‍ സി.പി.ഐ.എം ജില്ലാ സമ്മേളനവുമായി ബന്ധമില്ലെന്ന് പുറത്തുവന്ന രേഖകള്‍ സചിപ്പിക്കുന്നു. കളക്ടറുടെ അവധിയുമായി ബന്ധപ്പെട്ട രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.

ഈ മാസം 15നാണ് കളക്ടര്‍ അവധിക്കായി അപേക്ഷ നല്‍കിയത്. കുടുംബം സഹിതം ജന്മനാടായ മുംബൈയിലേക്ക് പോകുന്നതിനാണ് കളക്ടര്‍ അവധി അപേക്ഷ നല്‍കിയത്.

ഭര്‍ത്താവും കുട്ടികളും യാത്രയില്‍ കൂടെയുള്ളതായും അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 15-ാം തീയതി കളക്ടര്‍ അവധിക്ക് അപേക്ഷ നല്‍കിയിരുന്നെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയിയും സ്ഥിരീകരിച്ചു.

സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാഴാഴ്ച കാസര്‍ഗോഡ് പൊതുപരിപാടികള്‍ക്ക് ജില്ലാ കളക്ടര്‍ വിലക്കേര്‍പ്പെടുത്തുകയും പിന്നീട് ഉത്തരവ് പിന്‍വലിച്ചതും വിവാദമായിരുന്നു. സി.പി.ഐ.എം സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു നീക്കം എന്നായിരുന്നു വിമര്‍ശനം.

ഇതിന് പിന്നാലെയാണ് കളക്ടര്‍ അവധിയില്‍ പ്രവേശിച്ചത് ഈ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു എന്നായിരുന്നു അഭ്യൂഹങ്ങള്‍.

അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ സി.പി.ഐ.എം ജില്ലാ സമ്മേളനം മാറ്റിവച്ചിട്ടുണ്ട്. 28, 29, 30 എന്നീ തീയതികളില്‍ നടത്തേണ്ടിയിരുന്ന സമ്മേളനങ്ങളാണ് മാറ്റിവച്ചത്. പുതിയ തീയതി തീരുമാനിച്ചിട്ടില്ല.

സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളും വെട്ടിച്ചുരുക്കിയേക്കും. ഹൈക്കോടതി വിധിയെ തുടര്‍ന്ന് കാസര്‍കോട് സി.പി.ഐ.എം ജില്ലാ സമ്മേളനം ഒറ്റ ദിവസത്തേക്ക് വെട്ടിച്ചുരുക്കാന്‍ സി.പി.ഐ.എം നിര്‍ബന്ധിതമായിരുന്നു. കൂടാതെ തൃശൂര്‍ സമ്മേളനവും വെട്ടിച്ചുരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴ സമ്മേളനം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.

 

നേരത്തെ കൊവിഡ് രൂക്ഷമായ തിരുവനന്തപുരം ജില്ലയില്‍ മെഗാ തിരുവാതിര സംഘടിപ്പിച്ച സി പി എം വെട്ടിലായിരുന്നു. സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ വകവയ്ക്കാതെയാണ് കാസര്‍കോടും തൃശൂരും ആദ്യം തീരുമാനിച്ച പ്രകാരം സമ്മേളനവുമായി സി.പി.ഐ.എം മുന്നോട്ടു പോയത്. എന്നാല്‍ കോടതി വിധി എത്തിയതോടെ സി.പി.ഐ.എം സമ്മേളനം വെട്ടിച്ചുരുക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Kasargod Collector Bhandari Swagat Ranveer Chandra’s leave rumors put an end