ബെംഗളുരു: പൂജാരിയെ വിവാഹം ചെയ്യുന്ന ബ്രാഹ്മണ യുവതികള്‍ക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. ബി.എസ് യെദിയൂരപ്പ സര്‍ക്കാരാണ് മൈത്രേയി എന്ന പേരില്‍ പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം രൂപീകരിച്ച സ്റ്റേറ്റ് ബ്രാഹ്മണ്‍ ഡെവലപ്‌മെന്റ് ബോര്‍ഡാണ് ബ്രാഹ്മണ യുവതികള്‍ക്കായി പുതിയ രണ്ട് പദ്ധതികള്‍ കൊണ്ടുവന്നത്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ബ്രാഹ്മണ യുവതികള്‍ക്ക് 25000 രൂപ ധനസഹായം നല്‍കാനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അരുന്ധതി എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് മാത്രമാണ് സഹായം ലഭിക്കുക. ആദ്യ വിവാഹത്തില്‍ മാത്രമേ പദ്ധതി വഴി ധനസഹായം ലഭിക്കുകയുള്ളൂ. ഇതിനോടകം 500 പേര്‍ അരുന്ധതി പദ്ധതിക്കായി അര്‍ഹരായിട്ടുണ്ടെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എച്ച്.എസ് സച്ചിദാനന്ദ മൂര്‍ത്തി പറഞ്ഞു.
പദ്ധതിക്കെതിര രൂക്ഷ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്. ബി.ജെ.പി സര്‍ക്കാര്‍ പദ്ധതിയിലൂടെ സമുദായ പ്രീണനമാണ് ലക്ഷ്യമിടുന്നത് എന്നാണ് പദ്ധതിക്കെതിരെ പ്രധാന വിമര്‍ശനമായി ഉയരുന്നത്.
കര്‍ണാടക ജനസംഖ്യയില്‍ അഞ്ച് ശതമാനമാണ് ബ്രാഹ്മണരുള്ളത്. എന്ത് സാമൂഹിക ഉന്നമനമാണ് പദ്ധതിയിലൂടെ ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്നും സര്‍ക്കാരിന് നേരെ ചോദ്യമുയരുന്നുണ്ട്.