കര്‍ണന്‍, വീണ്ടും ഒരു മാരി സെല്‍വരാജ് ക്ലാസിക്
അന്ന കീർത്തി ജോർജ്

മാരി സെല്‍വരാജിന്റെ കര്‍ണന്‍ വളരെ പവര്‍ഫുള്ളായ, പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ പ്രേക്ഷകനെ കാണിക്കാന്‍ വേണ്ടി തന്നെ തയ്യാറാക്കിയിട്ടുള്ള സിനിമയാണ്. സമൂഹം ഇന്നും മനുഷ്യരായി പരിഗണിക്കാന്‍ തയ്യാറാകാത്ത ഒരു ജനത, ഒടുവില്‍ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്നതാണ് കര്‍ണന്റെ കഥ.

വ്യവസ്ഥിതിയോട് വാളെടുത്ത് കലഹിക്കാന്‍ ഒരാള്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യം അതിന്റെ എല്ലാ തീവ്രതയോടും കൂടി കര്‍ണന്‍ കാണിച്ചുതരികയാണ്. തലമുറകളായി ഇവിടുത്തെ സാമൂഹ്യ വ്യവസ്ഥയും മേല്‍ജാതിക്കാരും ചവിട്ടി മെതിച്ച ഒരു ജനത ഇനിയും മുതുകും തലയും താഴ്ത്തി നടക്കില്ലെന്ന് പറയാന്‍ തയ്യാറാകുമ്പോള്‍ അതിനൊപ്പം ഉറച്ചുനില്‍ക്കുകയാണ് ഈ ചിത്രം.

പരിയേരും പെരുമാളിനെ ഓര്‍ക്കാതെ മാരി സെല്‍വരാജിന്റെ കര്‍ണന് കയറാനാകില്ലായിരുന്നു. പക്ഷെ പരിയേരും പെരുമാളില്‍ നിന്നും വ്യത്യസ്തമായ രീതികള്‍ അവലംബിക്കുന്ന, ശരിക്കും കുതിരപ്പുറത്തേറി വരുന്ന കടവുളാണ് ഇതിലെ നായകനായ കര്‍ണന്‍.

കര്‍ണന്‍ എളുപ്പത്തില്‍ കണ്ടിരിക്കാവുന്ന ഒരു സിനിമയേയല്ല. ആ ഒരു പ്രതീക്ഷയും വെച്ചല്ല ചിത്രത്തിന് പോയതും. ചിത്രം തുടങ്ങുന്നത് തന്നെ തെരുവുനായയെ പോലെ വഴിയില്‍ കിടന്ന് മരിക്കേണ്ടി വരുന്ന ഒരു കൊച്ചു പെണ്‍കുട്ടിയില്‍ നിന്നാണ്. അവിടെ നിന്നും അവളുടെ ഗ്രാമത്തിന്റെ വിഷ്വലിലേക്ക് ചിത്രം നീങ്ങുമ്പോള്‍ അവള്‍ തന്നെയാണ് ആ ഗ്രാമമെന്ന് മനസ്സിലാകും.

പിന്നീട് ആ ഗ്രാമം, സ്വയം ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ തീരുമാനിക്കുന്നതാണ് കര്‍ണന്റെ കഥ. മനുഷ്യനായി പരിഗണിക്കപ്പെടുക എന്ന അടിസ്ഥാന ആവശ്യത്തിന് വേണ്ടിയാണ് അവര്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. പക്ഷെ അപ്പോള്‍ പോലും മരണഭയത്തോടെയല്ലാതെ, പ്രിയപ്പെട്ടവര്‍ എന്നന്നേക്കുമായി നഷ്ടപ്പെട്ടേക്കാം എന്ന പേടിയോടെയല്ലാതെ അവര്‍ക്ക് ഒരടി മുന്നോട്ടു പോകാനാകില്ല എന്ന് കര്‍ണന്‍ വ്യക്തമാക്കുന്നുണ്ട്.

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.