Advertisement
national news
മുസ്‌ലിം വിദ്വേഷ പ്രസംഗം; സത്യപാല്‍ സിങ് ബാഘേലിനെ പ്രധാനമന്ത്രി രാജി വെപ്പിക്കുക: കരണ്‍ ഥാപ്പര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 May 11, 01:35 pm
Thursday, 11th May 2023, 7:05 pm

ന്യൂദല്‍ഹി: മുസ്‌ലിങ്ങള്‍ക്കെതിരെ നീതിന്യായ വകുപ്പ് സഹമന്ത്രിയായ സത്യപാല്‍ സിങ് ബാഘേല്‍ നടത്തിയ പരാമര്‍ശങ്ങളില്‍ അദ്ദേഹത്തെ രാജിവെപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ മുസ്‌ലിങ്ങള്‍ക്കെതിരെ ക്രൂരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടും അദ്ദേഹം മൗനം പാലിക്കുകയാണെന്നും അദ്ദേഹം ദി ടെലഗ്രാഫില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.

നരേന്ദ്ര മോദി അദ്ദേഹത്തിന്റെ ഭരണകാലയളവില്‍ ഒരു തവണ മാത്രമേ ഇത്തരം പരാമര്‍ശങ്ങളില്‍ ഇടപെട്ടിട്ടുള്ളൂവെന്നും അത് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നും കരണ്‍ ഥാപ്പര്‍ വ്യക്തമാക്കി.

‘ഈയടുത്ത് നീതിന്യായ വകുപ്പ് സഹ മന്ത്രി മുസ്‌ലിങ്ങള്‍ക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ആര്‍.എസ്.എസ് സംഘടിപ്പിച്ച വേദിയില്‍ അദ്ദേഹം, സഹിഷ്ണുതരായ മുസ്‌ലിങ്ങള്‍ വിരലിലെണ്ണാവുന്ന അത്രയേ ഉള്ളൂവെന്ന് പറഞ്ഞു.

അവര്‍ ഗവര്‍ണര്‍, വൈസ് ചാന്‍സലര്‍, വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ കിട്ടാന്‍ വേണ്ടി സഹിഷ്ണുതയുടെ മുഖം മൂടി ധരിക്കുകയാണെന്നും അവര്‍ റിട്ടയേര്‍ഡ് ആയാല്‍ അവരുടെ മനസിലുള്ളത് പറയുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഏതെങ്കിലും ഒരു രാജ്യത്ത് മന്ത്രിമാര്‍ പൗരന്മാരെ കുറിച്ച് നിന്ദ്യവും വിഡ്ഢിത്തം നിറഞ്ഞതുമായ പ്രസ്താവനകള്‍ നടത്തുന്നത് അസഹനീയമാണ്. ഇതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ കാരണങ്ങളുണ്ട്.

ഇത്തരം പ്രസ്താവനകള്‍ മുഴുവന്‍ സര്‍ക്കാരിനെയും കളങ്കപ്പെടുത്തും. അതിലുപരിയായി ഇവരെ നിയമിക്കുന്ന പ്രധാനമന്ത്രിയെക്കുറിച്ചും ഇതൊരു മതിപ്പ് ഉണ്ടാക്കുന്നു.

അദ്ദേഹത്തിന്റെ ഭരണത്തില്‍ മുസ്‌ലിങ്ങള്‍ രണ്ടാം പൗരന്മാരായി മാറിയിരിക്കുന്ന ധാരണ മാറ്റണമെങ്കില്‍ പ്രധാനമന്ത്രി വളരെ പെട്ടെന്ന് തന്നെ സത്യപാല്‍ സിങ് ബാഘേലിനെ രാജിവെപ്പിക്കണം. ജനാധിപത്യത്തില്‍ ഏതൊരു പ്രധാനമന്ത്രിയും മടികൂടാതെ അത് ചെയ്യും,’ കരണ്‍ ഥാപ്പര്‍ പറഞ്ഞു.

ഇത്തരത്തില്‍ ചെറുതും വലുതുമായ നേതാക്കള്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങളില്‍ എത്ര തവണ പ്രധാനമന്ത്രി മൗനം പാലിച്ചിരുന്നുവെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ചെറുതും വലുതുമായ സര്‍ക്കാര്‍ അംഗങ്ങള്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്ര തവണ നിശബ്ദമായി എന്ന് പരിശോധിക്കേണ്ടതുണ്ട്.

അദ്ദേഹത്തിന്റെ മന്ത്രിമാര്‍ മുസ്‌ലിങ്ങളെ ബാബറിന്റെ മകന്‍ എന്നും മുഖ്യമന്ത്രിമാര്‍ അബ്ബാ ജാന്‍ എന്നും വിളിക്കുന്നു. ബി.ജെ.പി അവരോട് പാകിസ്ഥാനില്‍ പോകാന്‍ പറയുന്നു. ഈ മൂന്ന് സംഭവങ്ങളാണ് പെട്ടെന്ന് എന്റെ മനസില്‍ വരുന്നത്. 2014 മുതല്‍ ഇങ്ങോട്ട് പരിശോധിച്ചാല്‍ നൂറുകണക്കിനാളുകളെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

എന്റെ ഓര്‍മയില്‍ വിദ്വേഷ പ്രസംഗങ്ങളില്‍ ഒരു വട്ടം മാത്രമേ അദ്ദേഹം ശകാരിക്കുന്നത് കണ്ടിട്ടുള്ളൂ. അത് 2014ലെ സദ്‌വി നിരഞ്ജന്‍ ജ്യോതിയുടെ റാംസാദേ-ഹറാംസാദേ എന്ന താരതമ്യത്തിനായിരുന്നു. അത് പത്ത് വര്‍ഷം മുമ്പാണ്. അതിന് ശേഷം മൗനമാണ് അദ്ദേഹത്തിന്റെ പ്രതികരണം,’ കരണ്‍ ഥാപ്പര്‍ പറഞ്ഞു.

ഈ മൗനത്തെ എങ്ങനെ വായിച്ചെടുക്കണമെന്നും ഇത് പ്രധാനമന്ത്രിയെക്കുറിച്ച് നമ്മളോട് എന്താണ് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇതില്‍ നിന്നും പ്രധാനമന്ത്രി എന്താണ് തങ്ങളെ കുറിച്ച് ചിന്തിക്കുന്നതെന്ന ചോദ്യവും മുസ്‌ലിങ്ങള്‍ക്കുണ്ടെന്നും കരണ്‍ ഥാപ്പര്‍ സൂചിപ്പിക്കുന്നു.

കലാപകാരികളെ അവരുടെ വസ്ത്രം മുന്‍ നിര്‍ത്തി മനസിലാക്കാമെന്നു പറഞ്ഞ രാഷ്ട്രീയക്കാരനാണ് മോദിയെന്നും കരണ്‍ ഥാപ്പര്‍ കൂട്ടിച്ചേര്‍ത്തു.

content highlight: karan thappar against sathyapal singh bakhel