ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നാണ് ഇന്ത്യ പാകിസ്ഥാന്‍ മത്സരങ്ങള്‍. എല്ലാ കാലത്തും ഇരു ടീമുകളുടെയും മത്സരങ്ങള്‍ക്ക് പ്രത്യേക ആരാധകരുണ്ട്. ചില സാഹചര്യങ്ങള്‍ ഒരു മത്സരത്തിനപ്പുറം ഒരു വികാരത്തിലേക്ക് ഇന്ത്യ-പാക് പോരാട്ടം മാറാറുണ്ട്.
ഏറെ നാളുകള്‍ക്ക് ശേഷം ഇന്ത്യ പാകിസ്ഥാന്‍ മത്സരം ഈ മാസം 28ന് നടക്കും. ഏഷ്യാ കപ്പിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. കഴിഞ്ഞ വര്‍ഷം ട്വന്റി-20 ലോകകപ്പിലേറ്റ തോല്‍വിക്ക് മറുപടി കൊടുക്കാന്‍ ഇന്ത്യന്‍ ടീം ഇറങ്ങുമ്പോള്‍ മറുവശത്ത് പാകിസ്ഥാന്‍ വിജയമാവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണ്.
കളിയുടെ നാടകീയമായ അന്ത്യം കാരണം 1986-ല്‍ ഇന്ത്യക്കെതിരായ പാകിസ്ഥാന്റെ മത്സരം ആരും അത്രപ്പെട്ടെന്ന് മറക്കില്ല. ചേതന്‍ ശര്‍മ്മയുടെ അവസാന പന്തില്‍ നാല് റണ്‍സ് വേണ്ടിയിരിക്കെ ജാവേദ് മിയാന്‍ദാദ് ഒരു സിക്സര്‍ പറത്തിയായിരുന്നു ആ മത്സരം വിജയിച്ചത്.
ഇത് ഓസ്ട്രല്‍-ഏഷ്യ കപ്പിന്റെ ഫൈനലായിരുന്നു, ആ ഗെയിമില്‍ ടീമിന്റെ നായകനായിരുന്നത് കപില്‍ ദേവായിരുന്നു. ആ മത്സരത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് അദ്ദേഹമിപ്പോള്‍.
സ്റ്റാര്‍ സ്പോര്‍ട്‌സിലെ ഫ്രെനെമീസ് എന്ന പരിപാടിയിലാണ് അദ്ദേഹം മത്സരത്തെ കുറിച്ച് സംസാരിച്ചത്. മത്സരത്തില്‍ പാകിസ്ഥാന്‍ ടീമിന്റെ കൂടെയുണ്ടായിരുന്ന വസീം അക്രമും കപില്‍ ദേവിന്റെ കൂടെ സെഗ്‌മെന്റിലുണ്ടായിരുന്നു. ആ മത്സരം ഇന്ത്യക്ക് ഒരുപാട് വര്‍ഷത്തെ ട്രോമയുണ്ടാക്കിയെന്ന് പറയുകയായിരുന്നു വസീം അക്രം.
‘ആ പ്രസിദ്ധമായ ഗെയിമില്‍ നിങ്ങള്‍ (ഇന്ത്യ) 270 റണ്‍സ് സ്‌കോര്‍ ചെയ്യുമെന്നാണ് തോന്നിയത് . പക്ഷേ, എനിക്ക് പെട്ടെന്ന് മൂന്ന് വിക്കറ്റുകള്‍ നേടാന്‍ സാധിച്ചു. അത് കാരണം നിങ്ങള്‍ 245 റണ്‍സ് നേടി ഇന്നിങ്‌സ് അവസാനിപ്പിച്ചും,’ അക്രം കഥ തുടങ്ങി.
എന്നാല്‍ കപില്‍ മത്സരത്തിന്റെ അവസാന ഓവറിലേക്ക് നേരെ കുതിക്കുകയായിരുന്നു. ‘മത്സരത്തിന്റെ അവസാന ഓവറില്‍ പ്രതിരോധിക്കാന്‍ 12-13 റണ്‍സ് വേണമെന്ന് ഞങ്ങള്‍ കരുതി. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു, അക്കാലത്ത് അത് അസാധ്യമായിരുന്നു.
അവസാന ഓവര്‍ ഞങ്ങള്‍ ചേതന് കൊടുക്കാന്‍ തീരുമാനിച്ചു. അതൊരു തെറ്റായ തീരുമാനമാണെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നില്ല. പാകിസ്ഥാന് അവസാന പന്തില്‍ നാല് റണ്‍സ് വേണമായിരുന്നു വിജയിക്കാന്‍. സ്വാഭവികമായി ലോയോര്‍ക്കര്‍ എറിയാനായരുന്നു ഞങ്ങള്‍ തീരുമാനിച്ചത്.
ആ സമയത്ത് ഏറ്റവും മികച്ച ഓപ്ഷന്‍ അതായിരുന്നു. അവന്‍ അവന്റെ പരമാവധി ശ്രമിച്ചു, ഞങ്ങള്‍ എല്ലാവരും ശ്രമിച്ചു, എന്നാല്‍ അത് ഒരു ലോ ഫുള്‍-ടോസ് ആയി മാറി. മിയാന്‍ദാദ് അവന്റെ ബാക്ക്ഫൂട്ട് അനക്കാതെ തന്നെ ആ ബോള്‍ എളുപ്പം കണക്റ്റ് ചെയ്തു.
അത് ഓര്‍ക്കുമ്പോള്‍ ഇന്നും ഞങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയില്ല, ആ തോല്‍വി ടീമിന്റെ മുഴുവന്‍ ആത്മവിശ്വാസവും തകര്‍ത്തു. അടുത്ത നാല് വര്‍ഷം വരെ അവിടെ നിന്ന് ഒരു തിരിച്ചുവരവ് വളരെ ബുദ്ധിമുട്ടായിരുന്നു,’ കപില്‍ ദേവ് പറഞ്ഞു.