സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് കങ്കുവ. 2021ല്‍ അനൗണ്‍സ് ചെയ്ത സിനിമ വന്‍ ബജറ്റില്‍ പൂര്‍ണമായും ത്രീഡിയിലാണ് ഒരുങ്ങുന്നത്. അണ്ണാത്തെയുടെ വന്‍ പരാജയത്തിന് ശേഷം ശിവ സംവിധാനം ചെയ്ത സിനിമ രണ്ട് കാലഘട്ടത്തിന്റെ കഥയാണ് പറയുന്നത്.
സംവിധായകന്‍ ശിവയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ കങ്കുവയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ബി.സി നാലാം നൂറ്റാണ്ടിലെ രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധത്തിന്റെ കാഴ്ചകളാണ് ട്രെയ്‌ലറില്‍ കാണിച്ചിരിക്കുന്നത്. കങ്കുവയായി ലുക്കിലും ബോഡി ലാംഗ്വേജിലും സൂര്യ ഞെട്ടിച്ചപ്പോള്‍ ആദ്യ തമിഴ് ചിത്രത്തില്‍ തന്നെ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന കഥാപാത്രമാണ് ബോബി ഡിയോളിന്റേതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.
രുധിരന്‍ എന്ന വില്ലനായാണ് ബോബി ഡിയോളിന്റെ തമിഴ് അരങ്ങേറ്റം. അത്യധികം റോ ആയിട്ടുള്ള കഥാപാത്രമാകും ബോബിയുടേത്. പീരിയോഡിക് കാലഘട്ടത്തിലെ വിഷ്വലുകളെല്ലാം ഇന്റര്‍നാഷണല്‍ അപ്പീല്‍ നല്‍കുന്നവയാണ്. 18 മാസത്തോളം നീണ്ടുനിന്ന ഷൂട്ടിങ്ങും ആറ് മാസത്തോളം നീണ്ടുനില്‍ക്കുന്ന പോസ്റ്റ് പ്രൊഡക്ഷനുമാണ് ചിത്രത്തിന്റേത്.
രണ്ട് കാലഘട്ടത്തില്‍ നടക്കുന്ന കഥയാണെങ്കിലും പ്രസന്റ് പോര്‍ഷന്റെ യാതൊരു സൂചനയും ട്രെയ്‌ലറില്‍ കാണിച്ചിട്ടില്ല. അതേസമയം ട്രെയ്‌ലറിനൊടുവില്‍ മുഖം വ്യക്തമാക്കാത്ത കഥാപാത്രത്തെ കാണിക്കുന്നുണ്ട്. മുമ്പ് വന്ന റൂമറുകള്‍ വെച്ച് കാര്‍ത്തിയെയാണ് കാണിച്ചിരിക്കുന്നതെന്നാണ് പലരും അനുമാനിക്കുന്നത്.
2022ല്‍ പുറത്തിറങ്ങിയ എതര്‍ക്കും തുനിന്തവനാണ് സൂര്യയുടെ അവസാന തിയേറ്റര്‍ റിലീസ്. കമല്‍ ഹാസന്‍ നായകനായ വിക്രത്തില്‍ അവസാന അഞ്ച് മിനിറ്റില്‍ പ്രത്യക്ഷപ്പെടുന്ന സൂര്യയുടെ റോളക്‌സ് എന്ന കഥാപാത്രം സെന്‍സേഷനായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം സൂര്യ നായകനാകുന്ന ചിത്രം തിയേറ്ററില്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.