ബംഗ്ലാദേശിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിന് കളമൊരുങ്ങുകയാണ്. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരക്കാണ് ബംഗ്ലാദേശ് പാകിസ്ഥാന്‍ മണ്ണിലെത്തുന്നത്. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയമാണ് ആദ്യ മത്സരത്തിന് വേദിയാകുന്നത്.
ഓഗസ്റ്റ് 21ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിനുള്ള പാക് ടീമിനെ കഴിഞ്ഞ ദിവസം പി.സി.ബി പ്രഖ്യാപിച്ചിരുന്നു. ഷാന്‍ മസൂദിന്റെ ക്യാപ്റ്റന്‍സിയിലാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. സൗദ് ഷക്കീലാണ് വൈസ് ക്യാപ്റ്റന്‍.
പരിശീലകന്റെ റോളിലെത്തിയ മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ജേസണ്‍ ഗില്ലസ്പിയുടെ ആദ്യ മത്സരം കൂടിയാണിത്.
സൂപ്പര്‍ താരം അബ്രാര്‍ അഹമ്മദിനെ ടീമില്‍ ഉള്‍പ്പെടുത്താതെയാണ് പാകിസ്ഥാന്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്.
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ തീരുമാനത്തിനെതിരെ രൂക്ഷമായി പ്രതികരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായിരുന്ന കമ്രാന്‍ അക്മല്‍.
അശ്വിനോ ജഡേജയോ ഇല്ലാതെ ഇന്ത്യയോ നഥാന്‍ ലിയോണ്‍ ഇല്ലാതെ ഓസ്‌ട്രേലിയയോ കളത്തിലിറങ്ങുമോ എന്ന് ചോദിച്ച അക്മല്‍ പാകിസ്ഥാന്‍ ടീമിന്റെ ഈ തീരുമാനം അവന്റെ ആത്മവിശ്വാസം തകര്‍ക്കുമെന്നും അഭിപ്രായപ്പെട്ടു.
‘ജേസണ്‍ ഗില്ലസ്പി പാകിസ്ഥാന്റെ പരിശീലകനായിരിക്കുമ്പോള്‍ ഓസ്‌ട്രേലിയന്‍ മൈന്‍ഡ് സെറ്റിനെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. പക്ഷേ ഓസ്‌ട്രേലിയ നഥാന്‍ ലിയോണ്‍ ഇല്ലാതെ ഒരു മത്സരത്തിനിറങ്ങുമോ? അശ്വിനോ ജഡേജയോ ഇല്ലാതെ ഇന്ത്യ കളിക്കുമോ? ഇല്ല. അബ്രാര്‍ അഹമ്മദ് നിങ്ങള്‍ക്കൊപ്പമുണ്ട്, പക്ഷേ നിങ്ങള്‍ അവന്റെ ആത്മവിശ്വാസം ഇല്ലാതാക്കിക്കളഞ്ഞു,’ ക്രിക്കറ്റ് പാകിസ്ഥാനോട് കമ്രാന്‍ അക്മലും പറഞ്ഞു.
ആദ്യ മത്സരത്തില്‍ അബ്രാര്‍ ടീമിന്റെ ഭാഗമായില്ലെങ്കില്‍ അത് അവന്റെ കോണ്‍ഫിഡന്‍സ് ലെവല്‍ കുറയ്ക്കുമെന്ന് മുന്‍ പാക് സൂപ്പര്‍ താരം ബാസിത് അലിയും അഭിപ്രായപ്പെട്ടിരുന്നു.
ആദ്യ മത്സരത്തിനുള്ള പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍
അബ്ദുള്ള ഷഫീഖ്, സയീം അയ്യൂബ്, ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ അലി ആഘ, ഷഹീന്‍ ഷാ അഫ്രിദി, നസീം ഷാ, ഖുറാം ഷഹസാദ്, മുഹമ്മദ് അലി.