Entertainment news
അങ്ങനെ സംഭവിച്ചാല്‍, കൊറിയോഗ്രാഫറായോ സ്റ്റണ്ട് മാസ്റ്ററിന്റെ അസിസ്റ്റന്റായോ ഞാന്‍ സിനിമയില്‍ തുടരും: കമല്‍ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 01, 02:41 am
Sunday, 1st January 2023, 8:11 am

താന്‍ നേടിയെടുത്ത സൗഭാഗ്യങ്ങളെല്ലാം സിനിമയില്‍ നിന്നാണെന്നും, അത് മുഴുവന്‍ നഷ്ടപ്പെട്ടാലും കൊറിയോഗ്രാഫറായോ സ്റ്റണ്ട് മാസ്റ്ററിന്റെ അസിസ്റ്റന്റായോ സിനിമയില്‍ തന്നെ തുടരുമെന്നും കമല്‍ഹാസന്‍. സിനിമയില്‍ തുടങ്ങി സിനിമയില്‍ അവസാനിക്കുന്ന ജീവിതമാണ് തന്റേതെന്നും അവസാനത്തെ ഒരു തുള്ളി രക്തം വരെ സിനിമക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

അഭിനയമായാലും സംവിധാനമായാലും താന്‍ ആദ്യം ചിന്തിക്കുന്നത് പ്രേക്ഷകന്റെ ഭാഗത്ത് നിന്നുമാണെന്നും മുപ്പതാമത്തെ വയസില്‍ അറുപതുകാരനായി അഭിനയിച്ചിട്ടുണ്ടെന്നും വേണ്ടി വന്നാല്‍ തന്റെ അറുപത്തിയെട്ടാമത്തെ വയസിന്‍ മുപ്പതുകാരനായി അഭിനയിക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞു. അങ്ങനെ അഭിനയിക്കാന്‍ മനസ് മാത്രം പോരെന്നും പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ ചെയ്യുന്നതൊക്കെ ഫാന്‍സി ഡ്രസായി മാറുമെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘സിനിമയ്ക്കപ്പുറം ജീവിതത്തില്‍ ഞാന്‍ മറ്റൊന്നും സ്വപ്നം കണ്ടിരുന്നില്ലെന്ന് കൃത്യമായി പറയാന്‍ എനിക്കാവും. കാരണം സിനിമയില്‍ തുടങ്ങി സിനിമയില്‍ തന്നെ അവസാനിക്കുന്നൊരു ജീവിതമാണ് എന്റേതെന്ന് കാലം എന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്, പലവട്ടം. മറ്റേതെല്ലാം മേഖലകളിലൂടെ ഞാന്‍ സഞ്ചരിച്ചാലും എന്റെ അവസാനയിടം സിനിമ തന്നെയാണ്. എന്റെ ശരീരത്തിലെ അവസാനത്തെ ഒരു തുള്ളി രക്തം വരെ സിനിമയ്ക്ക് വേണ്ടിയുള്ളതാണ്.

പരാജയങ്ങള്‍ സിനിമയെ സംബന്ധിച്ചിടത്തോളം, വിജയം പോലെ തന്നെ അനിവാര്യമാണ്. ഞാന്‍ അതിനെക്കുറിച്ച് ആശങ്കപ്പെടാറില്ല. സിനിമയില്‍ കാലെടുത്തുവെക്കുമ്പോള്‍ എന്റെ ഇന്‍വെസ്റ്റ്‌മെന്റ് എന്തായിരുന്നുവെന്ന് എനിക്കറിയാം. ഒരു രൂപപോലും ചെലവാക്കി സിനിമയുടെ സ്‌പേസിലേക്ക് കടന്നുവന്നവനല്ല ഞാന്‍. ‘കളത്തൂര്‍ കണ്ണമ്മ’യില്‍ നിന്നും ‘ഇന്ത്യന്‍’ വരെ നീണ്ട അറുപത്തിരണ്ടുവര്‍ഷങ്ങള്‍, ഞാനൊഴുക്കിയ വിയര്‍പ്പില്‍നിന്നും കഠിനാധ്വാനത്തില്‍നിന്നും നേടിയതാണെല്ലാം. അത് ചിലപ്പോള്‍ ഒന്നായിട്ട് സിനിമ തിരിച്ചെടുത്താലും എനിക്ക് വേദനയില്ല.

അപ്പോഴും ഞാന്‍ സിനിമയെ സ്‌നേഹിക്കും. സിനിമയില്‍ തന്നെ ജോലിചെയ്യും. ഒന്നുമില്ലെങ്കില്‍ കൊറിയോഗ്രാഫറായോ സ്റ്റണ്ട് മാസ്റ്ററുടെ അസിസ്റ്റന്റായോ ഞാന്‍ വര്‍ക്ക് ചെയ്‌തെന്നുവരാം. കാരണം സിനിമയ്ക്കപ്പുറം കമല്‍ഹാസന് മറ്റൊരു ജീവിതമില്ലെന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കുമറിയാമല്ലോ.

അഭിനയമായാലും സംവിധാനമായാലും നിര്‍മാണമായാലും ഞാന്‍ ആദ്യം ചിന്തിക്കുന്നത് പ്രേക്ഷകന്റെ ഭാഗത്തുനിന്നാണ്. എന്റെ മുപ്പതാമത്തെ വയസില്‍ അറുപതുകാരന്റെ വേഷത്തില്‍ ഞാനഭിനയിച്ചിട്ടുണ്ട്. ഈ അറുപത്തിയെട്ടാം വയസ്സില്‍ ഞാന്‍ മുപ്പത്തുകാരനായും അഭിനയിച്ചേക്കാം. അതിന് മനസുമാത്രം പോര, പഠനവും വേണം. അല്ലാതെ ചെയ്താല്‍ അത് ഫാന്‍സി ഡ്രസ്സായി മാറും. വിദേശത്ത് നടന്ന പല ശില്പശാലകളിലും പങ്കെടുത്തതിലൂടെ സിനിമയെക്കുറിച്ച് പുതിയ പല കാര്യങ്ങളും പഠിക്കാനായിട്ടുണ്ട്. അതെല്ലാം അഭിനയത്തിന് ഒരുപാട് ഗുണവും ചെയ്തിട്ടുണ്ട്. എങ്കിലും സിനിമയെ സംബന്ധിച്ചിടത്തോളം ഞാന്‍ നേരത്തേ പറഞ്ഞതുപോലെ പ്രേക്ഷകന്റെ മനസ്സോടെ ചിന്തിച്ചശേഷം മാത്രമേ പഠിച്ച കാര്യങ്ങള്‍ സിനിമയില്‍ ഉപയോഗിക്കാറുള്ളൂ,’ കമല്‍ഹാസന്‍ പറഞ്ഞു.

content highlight: kamalhassan talks about his film career