Film News
അച്ഛന്റേതിനെക്കാള്‍ ആ സംവിധായകന്‍ ചെയ്യുന്ന സിനിമകളാണ് ഇഷ്ടം: കല്യാണി പ്രിയദര്‍ശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 07, 09:40 am
Sunday, 7th August 2022, 3:10 pm

മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് താന്‍ ഏറ്റവും കൂടുതല്‍ കാണാറുള്ളതെന്ന് കല്യാണി പ്രിയദര്‍ശന്‍. ടൊവിനോയും ഷൈന്‍ ടോമും അച്ഛന്റെ സിനിമകള്‍ കണ്ടാണ് ഇന്‍ഡസ്ട്രിയിലെത്തിയതെങ്കില്‍ ആ സിനിമകളുടെ ഷൂട്ടിന്റെ കഥകള്‍ കേട്ടാണ് താന്‍ വന്നതെന്നും റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കല്യാണി പറഞ്ഞു.

‘ലാലങ്കിളിന്റെ സിനിമകളാണ് ഏറ്റവും കൂടുതല്‍ കാണാറുള്ളത്. ചിലപ്പോള്‍ ഫാമിലീസ് തമ്മില്‍ കണക്ഷന്‍ ഉള്ളതുകൊണ്ടാവാം. തന്നെയുമല്ല, അച്ഛന്റെ പടം എന്തായാലും പോയി കാണണമല്ലോ. അച്ഛന്റെ പടത്തെക്കാള്‍ ഇഷ്ടമുള്ള സിനിമകള്‍ സത്യന്‍ അങ്കിളിന്റേതാണ്. നാടോടിക്കാറ്റ് എന്റെ ഏറ്റവും ഫേവറീറ്റ് സിനിമയാണ്,’ കല്യാണി പറഞ്ഞു.

പ്രിയദര്‍ശന്റെ ചിത്രങ്ങള്‍ കണ്ടിട്ടാണ് താനും ടൊവിനോയുമൊക്കെ  സിനിമയിലെത്തിയതെന്നായിരുന്നു ഷൈന്‍ ടോം ചാക്കോ പറഞ്ഞത്.

‘പ്രിയന്‍ സാറും ലാലേട്ടനും ചെയ്യുന്ന പടങ്ങള്‍ കണ്ടിട്ടാണ് ഞങ്ങളൊക്കെ സിനിമയില്‍ വന്നത്. ആ സമയത്ത് പിള്ളേരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിരുന്നത് അവരുടെ സിനിമകളായിരുന്നു. താളവട്ടം, ചിത്രം, ബോയിങ് ബോയിങ് അങ്ങനെയുള്ള സിനിമകളൊക്കെ തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ട്. ചിത്രമൊക്കെ കാണുന്ന സമയത്ത് എം.ജി. ശ്രീകുമാറാണ് ഈ പാട്ടുകള്‍ പാടിയിരിക്കുന്നതെന്ന് പറഞ്ഞാല്‍ അന്ന് ഞാന്‍ വിശ്വസിക്കില്ല,’ ഷൈന്‍ പറഞ്ഞു.

ഈ സിനമകള്‍ കണ്ടിട്ടാണ് സിനിമയിലേക്ക് വന്നതെന്നാണ് ഇവര്‍ പറയുന്നത്, ഞാന്‍ ആ സിനിമകള്‍ ഷൂട്ട് ചെയ്യുന്ന കഥകള്‍ കേട്ടിട്ടാണ് സിനിമയിലേക്ക് വന്നതെന്നായിരുന്നു ഇതിനോടുള്ള കല്യാണിയുടെ പ്രതികരണം.

കല്യാണി പ്രിയദര്‍ശന്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന തല്ലുമാല ഓഗസ്റ്റ് 12ന് റിലീസിനൊരുങ്ങുകയാണ്. ഖാലിദ് റഹ്മാന്റെ സംവിധാനത്തിലെത്തുന്ന ചിത്രം ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്. ചെമ്പന്‍ വിനോദ്, ലുക്മാന്‍ അവറാന്‍, ബിനു പപ്പു എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Kalyani Priyadarshan says she prefers films made by sathyan anthikkad over priyadarshan’s