Entertainment news
പ്രണവിനെ കുറിച്ച് ചോദിക്കല്ലേ; എനിക്ക് മടുത്തു: കല്യാണി പ്രിയദര്‍ശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 12, 03:53 am
Sunday, 12th November 2023, 9:23 am

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും. പ്രേക്ഷകര്‍ക്ക് അവര്‍ പ്രിയപ്പെട്ടതാകാന്‍ കാരണം പ്രിയദര്‍ശന്റെയും മോഹന്‍ലാലിന്റെയും മക്കളായത് കൊണ്ട് മാത്രമല്ല. അവരുടെ അഭിനയം കൊണ്ട് കൂടെയാണ്.

പ്രിയദര്‍ശന്റെയും മോഹന്‍ലാലിന്റെയും മക്കള്‍ എന്നതില്‍ നിന്ന് മലയാളത്തിലെ മുന്‍നിര താരങ്ങളായി മാറാന്‍ രണ്ടുപേര്‍ക്കും കൂടുതല്‍ സമയം വേണ്ടി വന്നിരുന്നില്ല.

ഇരുവരും ചെറുപ്പം മുതല്‍ക്കേ തന്നെ നല്ല സുഹൃത്തുക്കളായിരുന്നു. ഒരുമിച്ച് സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. പ്രിയദര്‍ശന്‍ ഒരുക്കിയ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലൂടെയായിരുന്നു ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്.

അതിന് ശേഷം വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ എന്ന സിനിമയിലും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒന്നിച്ചെത്തി. ആ സിനിമയിലെ അഭിനയത്തിലൂടെ ഇരുവരും കൂടുതല്‍ ജനപ്രിയരായി മാറുകയും ചെയ്തു.

പിന്നാലെ ഇരുവരെയും ചേര്‍ത്ത് പലതരത്തിലുമുള്ള ഗോസിപ്പുകളും ഉയരാന്‍ തുടങ്ങിയിരുന്നു. പലപ്പോഴും പ്രണവ് ഇന്റര്‍വ്യൂകളിലും മറ്റും വരാത്തത് കൊണ്ട് തന്നെ ഇന്റര്‍വ്യൂവിനെത്തുന്ന കല്ല്യാണിയോട് പ്രണവിനെ പറ്റിയുള്ള ചോദ്യങ്ങള്‍ സാധാരണമാണ്.

ഇത്തരത്തില്‍ ഒരു ഇന്റര്‍വ്യൂവില്‍ പ്രണവിന്റെ പേര് കേട്ടതും കല്ല്യാണി പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ പുതിയ സിനിമയായ ‘ശേഷം മൈക്കില്‍ ഫാത്തിമ’യെന്ന സിനിമയുടെ ഭാഗമായി ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കല്ല്യാണി.

അവതാരിക പ്രണവിന്റെ പേര് പറഞ്ഞതും, ‘പ്രണവിനെ പറ്റി ചോദിക്കല്ലേ. മടുത്തു’ എന്ന് ചിരിയോടെ കൈക്കൂപ്പി കൊണ്ട് പറയുകയായിരുന്നു കല്ല്യാണി.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയിലാണ് കല്യാണിയും പ്രണവും ഇനി വീണ്ടും ഒന്നിക്കുന്നത്.


Content Highlight: Kalyani Priyadarshan About Pranav Mohanlal