മലയാളികളുടെ പ്രിയപ്പെട്ട താരപുത്രനാണ് കാളിദാസ് ജയറാം. ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരം ഇപ്പോൾ മലയാളത്തേക്കാൾ തമിഴ് സിനിമകളിലാണ് കൂടുതൽ സജീവം. ലോകേഷ് കനകരാജ് ഒരുക്കിയ വിക്രത്തിലും ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കർ ഒരുക്കുന്ന ഇന്ത്യൻ 2വിലുമെല്ലാം ഭാഗമാവാൻ കഴിഞ്ഞിട്ടുണ്ട്.
വ്യത്യസ്തമായ പ്രകടനത്തിലൂടെ കാളിദാസ് കയ്യടി നേടിയ ചിത്രമായിരുന്നു സുധാ കൊങ്കര സംവിധാനം ചെയ്ത പാവ കഥൈകളിലെ താരത്തിന്റെ കഥാപാത്രം.
ചിത്രത്തിലെ വേഷത്തിനെ കുറിച്ച് സംസാരിക്കുകയാണ് കാളിദാസ്. സിനിമ ഇറങ്ങി രണ്ടുവർഷം കഴിഞ്ഞിട്ടും ഇപ്പോഴും ആ കഥാപാത്രത്തിനെ അഭിനന്ദിച്ചുകൊണ്ട് എല്ലാദിവസവും തനിക്ക് മെസ്സേജ് വരാറുണ്ടെന്നും ഒരു കഥാപാത്രത്തിന് ഇത്രത്തോളം സ്വാധീനം ഉണ്ടാക്കാൻ കഴിയുമെന്ന് ഞാൻ തിരിച്ചറിഞ്ഞത് അങ്ങനെയാണെന്നും സിനിമാ വികടന് നൽകിയ അഭിമുഖത്തിൽ കാളിദാസ് പറഞ്ഞു.
എല്ലാദിവസവും രാവിലെ വെറുതെയൊന്ന് സോഷ്യൽ മീഡിയ ഓൺ ആക്കിയാൽ ആ സിനിമയിലെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് ഒരു മെസ്സേജ് തീർച്ചയായും വന്നിട്ടുണ്ടാകും. ഇന്ന് രാവിലെയും വന്നിട്ടുണ്ട്.
രണ്ടുവർഷമായി ആ സിനിമ ഇറങ്ങിയിട്ട് എന്നാലും ഇപ്പോഴും എന്റെ പെർഫോമൻസ് ഗംഭീരമാണെന്ന് പറഞ്ഞ് ആരെങ്കിലും മെസ്സേജ് അയച്ചിട്ടുണ്ടാവും.
എന്നെ അത്ഭുതപ്പെടുത്തുന്നത് അതൊരു ഫീച്ചർ ഫിലിം പോലുമല്ല. ഒരു ആന്തോളജി സിനിമയിലെ വെറും 35 മിനിറ്റ് മാത്രമുള്ള ചെറിയ സിനിമയാണ്. പ്രേക്ഷകർക്കിടയിൽ ഒരു കഥാപാത്രത്തിന് എത്രത്തോളം ഇമ്പാക്ട് ഉണ്ടാക്കാൻ പറ്റുമെന്ന് ഞാൻ ഇപ്പോഴാണ് തിരിച്ചറിയുന്നത്. അതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ചില കാര്യങ്ങളൊന്നും നമ്മൾ പ്ലാൻ ചെയ്തിട്ട് നടക്കുന്നതല്ല.
ആ ഒരു ഫ്ലോയിൽ അങ്ങ് സംഭവിക്കുന്നതാണ്. പ്ലാൻ ചെയ്തിട്ട് എന്റെ ജീവിതത്തിൽ ഒന്നും നടന്നിട്ടില്ല. സുധാ മാഡത്തിന്റെ കൂടെ വർക്ക് ചെയ്തതാണെങ്കിലും ലോകേഷ് സാറിന്റെ കൂടെ വർക്ക് ചെയ്തതാണെങ്കിലും എല്ലാം അവർ എന്നെത്തന്നെ ചൂസ് ചെയ്തതാണ്.