Entertainment
എന്നെ ആ ചിത്രത്തിലേക്ക് വിളിക്കേണ്ടെന്ന് മമ്മൂക്ക പറഞ്ഞപ്പോൾ വിഷമമായി, പകരം മറ്റൊരു വലിയ സിനിമ കിട്ടി: ഷാജോൺ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 23, 10:15 am
Saturday, 23rd November 2024, 3:45 pm

മിമിക്രിയിലൂടെ സിനിമാ മേഖലയിലേക്ക് വന്ന താരമാണ് കലാഭവന്‍ ഷാജോണ്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയ താരം മുമ്പ് കൂടുതലും നര്‍മം നിറഞ്ഞ വേഷങ്ങളായിരുന്നു ചെയ്തിരുന്നത്.

എന്നാല്‍ ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ദൃശ്യം സിനിമയിലെ സഹദേവന്‍ എന്ന കഥാപാത്രത്തിലൂടെയാണ് താരം തനിക്ക് സീരിയസ് റോളുകളും ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചത്.

ജോണി ആന്റണിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തിയ ചിത്രമായിരുന്നു താപ്പാന. ചിത്രത്തിൽ കലാഭവൻ ഷാജോണും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. മമ്മൂട്ടി കാരണമാണ് ആ വേഷം തന്നെ തേടി വന്നതെന്ന് ഷാജോൺ പറയുന്നു. ആ സിനിമയ്ക്ക് മുമ്പ് മറ്റൊരു സിനിമ തനിക്ക് വന്നിരുന്നുവെന്നും എന്നാൽ അതിൽ ചെറിയ കഥാപാത്രമായതിനാൽ ആ സിനിമയിലേക്ക് തന്നെ വിളിക്കരുതെന്ന് മമ്മൂട്ടി സംവിധായകനോട് പറഞ്ഞെന്നും ഷാജോൺ പറഞ്ഞു.

‘മമ്മൂക്കക്ക് എന്നെ വലിയ ഇഷ്ടമാണ്. എനിക്ക് വേണ്ടി മമ്മൂക്ക ഒരുപാടുപേരോട് പറഞ്ഞിട്ടുണ്ട്. അവന് നല്ല വേഷം കൊടുക്കണമെന്ന് പലരോടും പറയാറുണ്ട്. എന്നെ ഒരു സിനിമയില്‍ ചെറിയ കഥാപാത്രത്തിലേക്ക് കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഒരു ചായക്കടക്കാരന്റെ റോളായിരുന്നു അത്. ദൃശ്യത്തിനൊക്കെ മുമ്പായിരുന്നു സംഭവം. മമ്മൂക്കയുടെ ഒരു പടത്തിലായിരുന്നു അത്.

അന്ന് മമ്മൂക്ക ആ വേഷം എനിക്ക് തരരുതെന്ന് പറഞ്ഞു. അവന് ആ കഥാപാത്രത്തില്‍ ഇടേണ്ട എന്നായിരുന്നു ഇക്ക പറഞ്ഞത്. ആ സിനിമയിലെ അസോസിയേറ്റ് എന്റെ സുഹൃത്തായിരുന്നു. അവര്‍ക്കൊക്കെ അത് കേട്ട് വിഷമമായി. എന്നോട് കാര്യം പറയുകയും ചെയ്യും.

മമ്മൂക്കയാണെങ്കില്‍ എനിക്ക് അടുത്ത പടത്തില്‍ നല്ലൊരു റോള്‍ കരുതി വെച്ചിട്ടുണ്ടെന്നാണ് അന്ന് പറഞ്ഞത്. ആ സിനിമയായിരുന്നു താപ്പാന. അത്തരത്തില്‍ എനിക്ക് വേണ്ടി ഒരുപാട് സംസാരിച്ച ആളാണ് മമ്മൂക്ക,’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.

Content Highlight: Kalabhavan Shajon About His Character In Thappana