എങ്കില്‍ അവരെയും വിളിക്കൂ, തീവ്രവാദികളെന്ന്...
News of the day
എങ്കില്‍ അവരെയും വിളിക്കൂ, തീവ്രവാദികളെന്ന്...
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th June 2017, 3:54 pm

പെരിരിയാര്‍ ഇ.വി. രാമസ്വാമി നായ്ക്കര്‍ വൈക്കത്തുകാരനായിരുന്നില്ല. മലയാളി പോലുമായിരുന്നില്ല. നല്ല ഒന്നാന്തരം ആദിദ്രാവിഡന്‍. തമിഴന്‍. അദ്ദേഹത്തിന്റെ ഭാര്യ നാഗമ്മയും തമിഴത്തിയായിരുന്നു. എന്നിട്ടും രണ്ടുപേരും കൂടി ഒന്നിച്ചുവന്നാണ് വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജയിലില്‍പോയത്.

ടി.കെ. മാധവനോ മന്നത്തു പദ്മനാഭനോ ഒന്നും വൈക്കത്തുകാരായിരുന്നില്ല. മാധവന്‍ മാവേലിക്കരക്കാരനും മന്നം ചങ്ങനാശേരിക്കാരനും. സമരക്കാര്‍ക്ക് ചോറുവെച്ചുകൊടുക്കാന്‍ ലാല്‍സിങ് എന്നയാള്‍ വന്നത് അങ്ങ് അമൃത്‌സറില്‍നിന്നായിരുന്നു.

1924 മാര്‍ച്ച് 30ന് ആരംഭിച്ച് 603 ദിസം നീണ്ട സമരത്തിന്റെ ദിശനിര്‍ണയിച്ച ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയുമൊന്നും വൈക്കത്തുകാരായിരുന്നില്ല…


Also Read: ‘ഹിന്ദു മുസ്‌ലിം പ്രശ്‌നം ആഭ്യന്തര യുദ്ധത്തിലൂടെയല്ലാതെ പരിഹരിക്കാനാവില്ല’; ശ്യാമ പ്രസാദ് മുഖര്‍ജിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ത്രിപുര ഗവര്‍ണര്‍: പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ 


സാക്ഷാല്‍ വൈക്കത്തുകാരനായിരുന്നു പി. കൃഷ്ണപിള്ള. കണ്ണൂരിലെ പെരളശ്ശേരിക്കാരനായിരുന്നു ആയില്യത്ത് കുറ്റ്യേരി ഗോപാലന്‍ എന്ന എ.കെ.ജി. രണ്ടുപേരും ഗുരുവായൂരുകാരും ആയിരുന്നില്ല. എന്നിട്ടും, 1931 ഫ32 കാലത്ത് ഗുരുവായൂര്‍ സത്യാഗ്രഹം നടക്കുമ്പോള്‍ ഇവര്‍ രണ്ടുപേരുമായിരുന്നു സമരത്തിന്റെ കുന്ദമുനകള്‍.

ക്ഷേത്രത്തിനകത്ത് കേറി ബ്രാഹ്മണര്‍ അടിച്ചിരുന്ന മണിയടിച്ചു കൃഷ്ണപിള്ള. വളന്റിയര്‍ ക്യാപ്റ്റനായിരുന്ന എ.കെ.ജിക്ക് പൊതിരെ തല്ലുകിട്ടി.

ഇടുക്കി ജില്ലയിലെ അമരാവതിയില്‍ കുടിയിറക്കപ്പെട്ട കൃഷിക്കാര്‍ക്കുവേണ്ടി സമരം ചെയ്യാനെത്തിയതും നിരാഹാരം കിടന്നതും പരിഹാരമുണ്ടാക്കിയതും എ.കെ.ജിയായിരുന്നു…

അതൊക്കെ പഴയ കഥയല്ലേ എന്നു പറഞ്ഞാല്‍, മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരത്തിന് ഐക്യദാര്‍ഡ്യവുമായി 92ാം വയസ്സില്‍ ഓടിക്കിതച്ചെത്തിയ അച്യൂതാനന്ദന്‍ ആലപ്പുഴ ജില്ലയിലെ പുന്നപ്ര പഞ്ചായത്തിലെ പറവൂര്‍ അംശം ദേശം നിവാസിയായിരുന്നു…

അപ്പോള്‍ പറഞ്ഞുവരുന്നത്, ഒരു പ്രദേശത്തെ ജനം സമരം നടത്തുമ്പോള്‍ അതിനോട് ഐക്യപ്പെടുന്ന മനസ്സുള്ളവര്‍ നാടിന്റെ ഏതു ഭാഗത്തുനിന്നും വരും… അവരെ മുഴുവന്‍ പുറത്തുനിന്നു വന്ന തീവ്രവാദികള്‍, ഭീകരവാദികള്‍ എന്നൊക്കെ വിളിക്കാന്‍ തുടങ്ങിയാല്‍ മുകളില്‍ പറഞ്ഞ സകലമാന ചരിത്രവ്യക്തിത്വങ്ങളും കണ്ടാലുടന്‍ വെടിവെച്ചുകൊല്ലേണ്ട മുരത്ത തീവ്രവാദികള്‍ തന്നെയെന്ന് സമ്മതിക്കേണ്ടിവരും..

പുതുവൈപ്പിനിലെ ജനത അതിജീവനത്തിനായാണ് പോരാടുന്നത്.. അതുകൊണ്ടാണ് ചോര വീണിട്ടും അവര്‍ പോകാതെ അവിടെത്തന്നെ നില്‍ക്കുന്നത്. പോലീസിനെ അഴിച്ചുവിട്ട് അവരെ അടിച്ചമര്‍ത്തുന്നതിനെതിരെ കേരളം മുഴുവന്‍ അവിടേക്ക് ഓടിയെത്തണം… അപ്പോള്‍ കേരളത്തിലെ എല്ലാ ജനതയെയും ചേര്‍ത്ത് തീവ്രവാദി എന്നു വിളിക്കട്ടെ….