ഐസ്‌ക്രീം കേസിലെ ഇരകള്‍ ശിഹാബ് തങ്ങളെ കണ്ടു: റഊഫ്
Dool Talk
ഐസ്‌ക്രീം കേസിലെ ഇരകള്‍ ശിഹാബ് തങ്ങളെ കണ്ടു: റഊഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th April 2011, 9:07 pm

ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷമായ ആരോപണവുമായി രംഗത്ത് വന്ന കെ.എ റഊഫ് പുതിയ വെളിപ്പെടുത്തലുമായി വീണ്ടും. ഡൂള്‍ന്യൂസിനനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മുസ്‌ലിം ലീഗ് മുന്‍ പ്രസിഡന്റ് അന്തരിച്ച ശിഹാബ് തങ്ങളുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയത്.

ശിഹാബ് തങ്ങളെ കുഞ്ഞാലിക്കുട്ടി ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന് നേരത്തെ റഊഫ് വെളിപ്പെടുത്തിയിരുന്നു. അതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം ഇതുവരെ പുറത്ത് വിട്ടിരുന്നില്ല . എന്നാല്‍ ഐസ്‌ക്രീം കേസിലെ ഇരകളായ രണ്ട് പെണ്‍കുട്ടികള്‍ ശിഹാബ് തങ്ങളെ നേരിട്ട കണ്ട കാര്യമാണ് അദ്ദേഹം ഡൂള്‍ന്യൂസിനോട് വെളിപ്പെടുത്തിയത്. കെ.എ റഊഫുമായി ഡൂള്‍ന്യൂസ് പ്രതിനിധി കെ.എം ഷഹീദ് നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണ്ണരൂപം താഴെ

കുഞ്ഞാലിക്കുട്ടിയുമായി അടുത്ത ബന്ധമുള്ളയാളാണ് താങ്കള്‍. അദ്ദേഹത്തിന്റെ ബന്ധുകൂടിയാണ്. ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയെ കേസില്‍ നിന്ന് രക്ഷിക്കുന്നതിന് വേണ്ടി പലതും ചെയ്തുകൊടുത്തുവെന്ന് താങ്കള്‍ തന്നെ പറഞ്ഞിട്ടുണ്ട്. എവിടെ വെച്ചാണ് ഈ ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്?.

ഞാനല്ല കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ആദ്യം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ഞാന്‍ ചെയ്തത്. പിന്നെ കുറേക്കാലമായി ഉള്ളിലൂടെ പുള്ളി എന്നെ ദ്രോഹിക്കുന്നുണ്ടായിരുന്നു. അതിന് ഒരു അറുതി വരുത്തണം. പിന്ന സത്യാവസ്ഥ എല്ലാവരെയും അറിയിക്കണമെന്ന ഉദ്ദേശവും എനിക്കുണ്ടായിരുന്നു.

പത്ത് പതിമൂന്ന് കൊല്ലക്കാലം പുറത്ത് വളരെ സൗഹാര്‍ദത്തില്‍ നില്‍ക്കുകയും ഉള്ളിലൂടെ എന്നെ ദ്രോഹിക്കാന്‍ ശ്രമിക്കുകയുമായിരുന്നു കുഞ്ഞാലിക്കുട്ടി ചെയ്തതെന്ന് എനിക്ക് ബോധ്യമായിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ഞാന്‍ അദ്ദേഹത്തില്‍ നിന്ന് അകലാന്‍ തുടങ്ങിയിരുന്നു. പുറത്ത് വളരെ സൗഹൃദത്തിലായിരുന്നുവെങ്കിലും വളരെ അകല്‍ച്ചയോടെയായിരുന്നു ഞങ്ങള്‍ ഈ ബന്ധം സൂക്ഷിച്ചത്.

ഈ ബന്ധം തുടരുന്ന കാലത്ത് തന്നെ കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്ന മോശമായ പെരുമാറ്റങ്ങളെ ഞാന്‍ കര്‍ശനമായി എതിര്‍ത്തിരുന്നു. ഇതിലുള്ള ഒരു എതിര്‍പ്പും പുള്ളിക്ക് കാണും. പല ഘട്ടത്തിലും കുഞ്ഞാലിക്കുട്ടിയോട് എന്റെ വീട്ടിലേക്ക് വരരുതെന്ന് വരെ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇതൊക്കെ മനസില്‍ സൂക്ഷിച്ച് അവസരം വരുമ്പോള്‍ എനിക്കെതിരെ ഉപയോഗിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി ചെയ്തുകൊണ്ടിരുന്നത്. അപ്പോള്‍ പിന്നെ യഥാര്‍ത്ഥ സത്യമെന്താണെന്ന് ലോകം അറിയട്ടെയെന്ന് ഞാനും കരുതി. ഞാന്‍ ചെയ്യുന്നത് സത്യവിരുദ്ധമായതല്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അല്ലാതെ അദ്ദേഹത്തെ ജയിലിലാക്കണമെന്നൊന്നും എനിക്ക് ആഗ്രഹമില്ലായിരുന്നു. ഇനി ഇത്തരം വൃത്തികേടുകള്‍ എന്നോടെന്നല്ല ആരോടും ചെയ്യാന്‍ പാടില്ല എന്നായിരുന്നു എന്റെ ഉദ്ദേശം.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന അന്തരിച്ച ശിഹാബ് തങ്ങളെ കുഞ്ഞാലിക്കുട്ടി ബ്ലാക്ക് മെയില്‍ ചെയതുവെന്ന് താങ്കള്‍ ആരോപിച്ചിരുന്നു. എന്തായിരുന്നു ബ്ലാക്ക്‌മെയില്‍ നടത്തിയതെന്ന് നിങ്ങള്‍ പിന്നീട് വിശദീകരിക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതുണ്ടായിട്ടില്ല. ആരോപണത്തില്‍ നിന്ന് പിന്‍വാങ്ങുകയാണോ?

നേരത്തെ പറഞ്ഞ ആരോപണത്തില്‍ ഞാന്‍ ഉറച്ച് നില്‍ക്കുകയാണ്. ബ്ലാക്ക്‌മെയില്‍ നടന്നിട്ടുണ്ട്. ഇക്കാര്യം മതനേതാക്കളുമായി സംസാരിക്കുമെന്നും അവര്‍ കേള്‍ക്കാന്‍ സന്നദ്ധരായില്ലെങ്കില്‍ പുറത്ത് പറയുമെന്നുമായിരുന്നു പറഞ്ഞിരുന്നത്. മത നേതാക്കള്‍ പലരോടും ഞാന്‍ ഇക്കാര്യം പറഞ്ഞു. സൗഹൃദവും ഭീഷണിയും ഇടകലര്‍ന്ന ബന്ധമായിരുന്നു കുഞ്ഞാലിക്കുട്ടി തങ്ങളുമായി സൂക്ഷിച്ചത്. ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിച്ച കാര്യം കുറച്ച് മോശപ്പെട്ട സംഭവമായത്‌കൊണ്ട് എനിക്ക് പുറത്ത് പറയുന്നതില്‍ പ്രയാസമുണ്ട്. ഇപ്പോഴത്തെ നിലയില്‍ ഇതെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല.

ഇക്കാര്യം പറഞ്ഞപ്പോള്‍ മതനേതാക്കളുടെ പ്രതികരണം എന്തായിരുന്നു?.

എവരെല്ലാം താടിക്ക് കയ്യും കൊടുത്ത് ഇരുന്നു. ഇങ്ങിനെയൊക്കെ ചെയ്‌തോ എന്ന ആശ്ചര്യത്തിലായിരുന്നു അവര്‍.

തങ്ങളുടെ മക്കളിലൊരാള്‍ക്ക് ഇക്കാര്യം അറിയാമെന്ന് പറഞ്ഞിരുന്നു ആരായിരുന്നു ആ മകന്‍?.

ശിഹാബ് തങ്ങളുടെ മക്കള്‍ എന്ത് നിഷേധക്കുറിപ്പിറക്കിയാലും അവര്‍ക്ക് സംഭവത്തെക്കുറിച്ച് അറിയാം. അവര്‍ക്ക് അറിയാമെന്ന് കുഞ്ഞാലിക്കുട്ടിക്കും അറിയാം. ഇനിയൊരു സാഹചര്യമുണ്ടായാല്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വിശദമാക്കും. ഇപ്പോള്‍ തല്‍ക്കാലം ഇവിടെ നില്‍ക്കട്ടെ.

കുഞ്ഞാലിക്കുട്ടിയുടെ ഈ പ്രവര്‍ത്തനങ്ങളെല്ലാം തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നാണോ നിങ്ങള്‍ പറയുന്നത്.?.

അറിയാമായിരുന്നു. പിന്നെ ഇതുവരെ പറയാത്ത ഒരു കാര്യം നിങ്ങളോട് ഇപ്പോള്‍ പറയാം. അടുത്ത കാലത്ത് ശിഹാബ് തങ്ങള്‍ മരിക്കുന്നതിന്റെ മൂന്ന് മാസം മുമ്പ് ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍പ്പെട്ട രണ്ട് പെണ്‍കുട്ടികള്‍ തങ്ങളെ നേരിട്ട് പോയി കണ്ടിരുന്നു.

കുഞ്ഞാലിക്കുട്ടി ഞങ്ങള്‍ക്ക് പണം തരാമെന്ന് പറഞ്ഞിട്ട് തന്നിട്ടില്ല തങ്ങള്‍ വിളിച്ച് പറയണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഇവര്‍ എത്തിയത്. തങ്ങള്‍ അവരെ മുന്നില്‍ നിര്‍ത്തി കുഞ്ഞാലിക്കുട്ടിയോട് ഫോണില്‍ അന്വേഷിച്ചു.” എന്താ നീ ഇവര്‍ക്ക് പണം കൊടുക്കാം എന്ന് പറഞ്ഞിട്ട് എന്തേ കൊടുക്കാതിരുന്നേ…എന്ന് ചോദിച്ചു.

ഇത് എന്നോട് പറഞ്ഞത് ആ സമയം തങ്ങളുടെ വീട്ടിലുണ്ടായിരുന്ന ഒരു വ്യക്തിയാണ്. പിന്നീട് എന്ത് സംഭവിച്ചുവെന്ന് എന്ന് എനിക്കറിയില്ല. ഈ സംഭവം നടന്നതാണ്. രണ്ട് പെണ്‍കുട്ടികളും ഒരാളുടെ അമ്മയും കൂടെയുണ്ടായിരുന്നു.

കാര്യങ്ങളെല്ലാം ശിഹാബ് തങ്ങള്‍ അറിഞ്ഞിരുന്നു?.

ഒരു പരിധി വരെ അറിഞ്ഞിരുന്നുവെന്ന് വേണം കരുതാന്‍. പക്ഷെ കുഞ്ഞാലിക്കുട്ടി അതൊന്നും സമ്മതിക്കില്ലല്ലോ. തങ്ങളെ… ഞാനിതൊന്നും അറിയില്ലെന്നായിരിക്കുമല്ലോ കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടുണ്ടാവുക. കളവ് പറയുന്നതിന് ഒരു തടസ്സവുമില്ലാത്ത ആളാണല്ലോ. ഞാന്‍ കഅബ തൊട്ട് സത്യം ചെയ്തിട്ടാണ് വരുന്നതെന്ന് പറഞ്ഞ ആളാണല്ലോ. അപ്പോള്‍ നുണ അദ്ദേഹത്തിന് ഒരു ബാറല്ല. എന്തും പറയാം.

മുനീറുമായി രഹസ്യ ചര്‍ച്ച നടത്തി: റഊഫ്-അഭിമുഖം ഭാഗം രണ്ട്

ഹൈദരലി തങ്ങള്‍ ദുര്‍ബലനായ ലീഗ് പ്രസിഡന്റ്: റഊഫ്-അഭിമുഖം ഭാഗം മൂന്ന്

കേസ് മുന്നോട്ട് കൊണ്ട് പോയത് വി.എസ്-അഭിമുഖം ഭാഗം നാല്