എ.കെ. ആന്റണിയുടെ മകനുള്ള വിവേക ബുദ്ധിപോലും രാഹുല്‍ ഗാന്ധിക്കും കമ്പനിക്കും ഇല്ലാതെ പോയി; അനിലിനെ പിന്തുണച്ച് കെ. സുരേന്ദ്രന്‍
തിരുവനന്തപുരം: മോദി ക്വസ്റ്റിയന്‍ (India: The Modi Question) എന്ന ഡോക്യുമെന്ററിയെ വിമര്‍ശിച്ച എ.കെ. ആന്റണിയുടെ മകനും കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറുമായ അനില്‍ കെ. ആന്റണിക്ക് പിന്തുണയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
എ.കെ. ആന്റണിയുടെ മകനുള്ള വിവേക ബുദ്ധിപോലും രാഹുല്‍ ഗാന്ധിക്കും കമ്പനിക്കും ഇല്ലാതെ പോകുന്നു എന്നതാണ് കോണ്‍ഗ്രസിന്റെ വര്‍ത്തമാന ദുരവസ്ഥയെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ. സുരേന്ദ്രന്റെ പ്രതികരണം.
‘എത്രവേഗമാണ് പ്രതിപക്ഷം മോദിവിരുദ്ധതയുടെ പേരില്‍ ഇന്ത്യാ വിരുദ്ധമാവുന്നത് എന്ന് തിരിച്ചറിയാന്‍ ഇന്ത്യന്‍ ജനതയ്ക്ക് അഞ്ഞൂറ് കിലോമീറ്റര്‍ പദയാത്രയൊന്നും നടത്തേണ്ട ആവശ്യമില്ല.
പിന്നെ സി.പി.ഐ.എമ്മിനും കമ്പനിക്കും ബ്രിട്ടീഷുകാരുടെ പാദസേവ ചെയ്യാന്‍ വീണ്ടുമൊരവസരം കൂടി ലഭിച്ചു എന്നതിലുള്ള ചാരിതാര്‍ത്ഥ്യവും. ജന്മനാ ഇന്ത്യാവിരുദ്ധരായ അഞ്ചാംപത്തികള്‍,’ കെ. സുരേന്ദ്രന്‍ പറഞ്ഞു.
ബി.ബി.സി മുന്‍വിധിയുള്ള ചാനലാണെന്നും ഡോക്യുമെന്ററിയിലെ വാദങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ സ്വീകരിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ തകര്‍ക്കുമെന്നുമാണ് അനില്‍ ട്വീറ്റ് ചെയ്തത്.
”ബി.ജെ.പിയുമായി വലിയ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും, മുന്‍വിധികളുടെ ഒരു നീണ്ട ചരിത്രമുള്ള ബ്രിട്ടീഷ് സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് ചാനലായ ബി.ബി.സിയുടെയും ഇറാഖ് യുദ്ധത്തിന് പിന്നിലെ തലച്ചോറായ ജാക്ക് സ്‌ട്രോയുടെയും ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇന്ത്യയിലുള്ളവര്‍ ഏറ്റുപിടിക്കുന്നത് അവര്‍ക്ക് അപകടകരമാം വിധം മുന്‍തൂക്കം നല്‍കുമെന്നും നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുമെന്നുമാണ് ഞാന്‍ കരുതുന്നത്,” എന്നാണ് അനില്‍ കെ. ആന്റണിയുടെ ട്വീറ്റ്.
യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കെ.പി.സി.സിയുടെ മീഡിയ സെല്‍ മേധാവിയുടെ പ്രതികരണം പുറത്തുവന്നിരുന്നത്.
Content Highlight: K . Surendran supported Anil Antony, who criticized the bbc documentary