Kerala News
നികേഷിനെ വേട്ടയാടരുത്, എല്ലാം മറക്കാം: കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 11, 10:15 am
Friday, 11th June 2021, 3:45 pm

കോഴിക്കോട്: റിപ്പോര്‍ട്ടര്‍ ടി.വിയുടെ ചര്‍ച്ചയ്ക്കിടെ മാധ്യമ പ്രവര്‍ത്തകന്‍ നികേഷ് കുമാര്‍ നടത്തിയ വിവാദപരാമര്‍ശത്തില്‍ പ്രതികരണവുമായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. നികേഷിനെതിരെ പ്രതികാരബുദ്ധിയോടെ നീങ്ങുന്നത് ശരിയല്ലെന്ന് സുധാകരന്‍ പറഞ്ഞു.

‘ചാനല്‍ ചര്‍ച്ചകളില്‍ ഇത് പോലുള്ള സംഭവങ്ങള്‍ സ്വാഭാവികമാണ്, അതിനെ ഒരു വൈരാഗ്യബുദ്ധിയോടു കൂടി നോക്കി കാണുന്നത് ശരിയല്ല. അതുകൊണ്ട് എന്റെ പ്രിയപ്പെട്ടവരോട് ഞാന്‍ സ്‌നേഹപൂര്‍വ്വം പറയുന്നു അതങ്ങ് മറക്കാം. അതങ്ങ് പൊറുക്കാം. അതിനപ്പുറത്ത് ഒരു വേട്ടയാടല്‍ ഒരിക്കലും ശരിയല്ല,’ സുധാകരന്‍ പറഞ്ഞു.

ചാനല്‍ ചര്‍ച്ചയില്‍ ഇതുപോലുള്ള സംഭവങ്ങള്‍ സാധാരണമാണെന്നും പ്രതികാരബുദ്ധിയോടു കൂടി നമുക്ക് ആ പ്രശ്‌നത്തെ സമീപിക്കുവാന്‍ സാധിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജാത്യാലുള്ളത് തൂത്താല്‍ പോകുമോ, താങ്കളുടെ നാവില്‍ വരുന്നത് പറയാതിരിക്കാന്‍ താങ്കള്‍ക്ക് കഴിയുമോ എന്നായിരുന്നു ചര്‍ച്ചയ്ക്കിടെ നികേഷിന്റെ പരാമര്‍ശം. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവന്നിരുന്നത്.

പൊളിറ്റിക്കല്‍ കറക്ട്നെസ്സിന്റെ ക്ലാസ് എടുക്കുന്നവര്‍ അത് പാലിക്കുകയും ചെയ്യണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞത്. നികേഷിന്റെ പരാമര്‍ശത്തിനെതിരെ കൊടിക്കുന്നില്‍ സുരേഷ് എം.പിയും കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ. എം. അഭിജിത്തും രംഗത്തെത്തിയിരുന്നു.

കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ സമുന്നതനായ രാഷ്ട്രീയ നേതാവിനെതിരെ വംശീയമായ മുന്‍വിധിയോടെ ചോദ്യം ചോദിക്കുന്നതെന്നും ലോക ചരിത്രത്തില്‍ തന്നെ ഇത്രയും റേസിസ്റ്റ് ആയ ചോദ്യം ഒരു ടി.വി. ഷോയ്ക്കിടെ നേരിടേണ്ടി വന്ന മറ്റൊരു നേതാവ് ഉണ്ടാകില്ലെന്നുമാണ് കൊടിക്കുന്നിലിന്റെ വിമര്‍ശനം

ജാത്യാലുള്ളത് തൂത്താല്‍ പോകുമോ എന്ന നികേഷിന്റെ പദപ്രയോഗം അദ്ദേഹത്തിന്റെ ഉള്ളിലെ സവര്‍ണ്ണബോധത്തിന്റെ നേര്‍സാക്ഷ്യമാണെന്നാണ് അഭിജിത്ത് പറഞ്ഞത്.

സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:

പ്രിയമുള്ളവരെ,

റിപ്പോര്‍ട്ടര്‍ ചാനലുമായി ഞാന്‍ നടത്തിയ അഭിമുഖത്തില്‍ ശ്രീ. നികേഷും ഞാനും തമ്മില്‍ ഉണ്ടായ വാഗ്വാദം നിങ്ങള്‍ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി.

ചര്‍ച്ചയില്‍ ഇത് പോലുള്ള സംഭവങ്ങള്‍ സാധാരണമാണ്. പ്രതികാരബുദ്ധിയോടു കൂടി നമുക്ക് ആ പ്രശ്‌നത്തെ സമീപിക്കുവാന്‍ സാധിക്കുകയില്ല.

കുട്ടിക്കാലം മുതല്‍ എനിക്ക് അറിയാവുന്ന വ്യക്തിയാണ് ശ്രീ.നികേഷ്. ഞാനും നിങ്ങളുമൊക്കെ സ്‌നേഹിക്കുന്ന എം വി ആറിന്റെ മകന്‍, അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് തെറ്റ് വന്നാലും ആ തെറ്റ് തിരുത്തിക്കാനും സഹിക്കാനുമുള്ള ബാധ്യതയും, കടപ്പാടും നമുക്ക് ഉണ്ട്.
ആ സംവാദത്തില്‍ ഞാന്‍ മറുപടി പറഞ്ഞ തോടുകൂടി ആ കാര്യം ഞാന്‍ മറന്നു. അതിനെ ഒരു പ്രതികാരവാ ഞ്ചയോടു കൂടി അതിനെ നോക്കി കാണേണ്ടതില്ല. പ്രതികാരം തീര്‍ക്കുന്ന സംഭവമായി അതിനെ മാറ്റരുത്.

ചാനല്‍ ചര്‍ച്ചകളില്‍ ഇത് പോലുള്ള സംഭവങ്ങള്‍ സ്വാഭാവികമാണ്, അതിനെ ഒരു വൈരാഗ്യബുദ്ധിയോടു കൂടി നോക്കി കാണുന്നത് ശരിയല്ല.
അത് കൊണ്ട് എന്റെ പ്രിയപ്പെട്ടവരോട് ഞാന്‍ സ്‌നേഹപൂര്‍വ്വം പറയുന്നു അതങ്ങ് മറക്കാം. അതങ്ങ് പൊറുക്കാം. അതിനപ്പുറത്ത് ഒരു വേട്ടയാടല്‍ ഒരിക്കലും ശരിയല്ല.

ആ സംഭവം മനസ്സില്‍ വെച്ച് ശ്രീ. നികേഷിനെതിരെ പ്രതികരിക്കുന്ന എന്റെ പ്രിയപ്പെട്ടവരോട് ഞാന്‍ അപേക്ഷിക്കുന്നു, ദയവായി അത് ആവര്‍ത്തിക്കരുത്.

അതില്‍ നിന്ന് പിന്തിരിയണം. എന്റെ ഈ വാക്കുകള്‍ നിങ്ങള്‍ അനുസരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് വായിക്കുന്ന ഓരോ ആളും ഈ നിമിഷം മുതല്‍ പിന്തിരിയണം.

ഇത് പോലുള്ള അന്തരീക്ഷം ഉണ്ടാകുമ്പോള്‍ സഹനശക്തിയോടു കൂടി അത് ശ്രവിക്കാനും അത് ഉള്‍കൊള്ളാനും നമുക്ക് സാധിക്കണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: K Sudhakaran Nikesh Kumar  Reporter TV