തിരുവനന്തപുരം: അരിക്കൊമ്പനാണെന്ന് കരുതി ബി.ജെ.പി പിടിച്ച് കൊണ്ട് പോയത് കുഴിയാനയെയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. അനില്‍ ആന്റണിയുടെ ബി.ജെ.പി പ്രവേശനത്തിന്റെ പശ്ചാത്തലത്തിലാണ് സുധാകരന്റെ പരാമര്‍ശം.
അനില്‍ പാര്‍ട്ടിക്ക് ഗുണമാകുമെന്ന അമിത് ഷായുടെ പ്രതീക്ഷ നല്ലതാണെന്നും എന്നാല്‍ ബി.ജെ.പിയുടെ പ്ലാനൊന്നും നടക്കാന്‍ പോകില്ലെന്ന് വഴിയേ മനസിലാകുമെന്നും സുധാകരന്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു സുധാകരന്റെ പ്രതികരണം.
അനിലിന് ശേഷം ബി.ജെ.പിയിലേക്ക് പോവുന്നത് സുധാകരനായിരിക്കുമെന്ന എം.വി ജയരാജന്റെ പ്രസ്താവനയെയും കെ.പി.സി.സി പ്രസിഡന്റ് രൂക്ഷമായി വിമര്‍ശിച്ചു. ജയരാജനല്ല തന്റെ രാഷ്ട്രീയ ഗുരുവെന്നും കാര്യങ്ങള്‍ തീരുമാനിക്കുന്നത് താനാണെന്നുമാണ് സുധാകരന്‍ പറഞ്ഞത്. വായില്‍ തോന്നിയത് കോതക്ക് പാട്ടെന്ന് പറയുന്ന ജയരാജന്റെ വാക്കുകള്‍ക്ക് മറുപടി നല്‍കുന്നത് തന്നെ നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും സുധാകരന്‍ പറഞ്ഞു. അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നതിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് തന്നെ എ.കെ. ആന്റണിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്ക് മറുപടിയായാണ് സുധാകരന്‍ ഇക്കാര്യം പറഞ്ഞത്.
ഇനി അത്തരമൊരു നടപടി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നാണ് ഉണ്ടായതെങ്കില്‍ ശക്തമായി പ്രതിരോധിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് വേണ്ടി എ.കെ. ആന്റണി ചെയ്ത ത്യാഗോജ്വലമായ ജീവിതവും പ്രവര്‍ത്തനവും ആരും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ എ.കെ. ആന്റണിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്ന ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം ഹസനാണ് രംഗത്തെത്തിയത്. അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നതിന് എ.കെ. ആന്റണിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നാണ് എം.എം ഹസന്‍ പറഞ്ഞത്.
അനില്‍ ആന്റണിയെ ഐ.ടി കണ്‍വീനറാക്കിയപ്പോഴും, കെ.പി.സി.സി ജനറല്‍ സെക്രട്ടറിയാക്കാന്‍ ശ്രമിച്ചപ്പോഴും ശക്തമായി എതിര്‍ത്ത ആളാണ് ആന്റണിയെന്നാണ് എം.എം ഹസന്‍ പറഞ്ഞത്. അനിലിന് വേണ്ടി പദവിക്കായി ഒരിക്കല്‍ പോലും ശ്രമിക്കാത്ത എ.കെ. ആന്റണിയെ ക്രൂശിക്കുന്നത് നിര്‍ത്തണമെന്നാണ് എം.എം. ഹസന്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ കണ്‍വീനറായിരുന്ന അനില്‍ ആന്റണി ബി.ജെ.പിയിലേക്ക് കൂറുമാറിയത്. മകന്റ പ്രവര്‍ത്തിയില്‍ ദുഖമുണ്ടെന്നായിരുന്നു വിഷയത്തില്‍ എ.കെ. ആന്റണിയുടെ പ്രതികരണം.
Content Highlight: K sudhakaran mocking anil antony