സി.പി.ഐ.എം അടിമയാകാത്തതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന സണ്ണി എം. കപിക്കാടിന് ഐക്യദാര്‍ഢ്യം: കെ. സുധാകരന്‍
Kerala News
സി.പി.ഐ.എം അടിമയാകാത്തതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന സണ്ണി എം. കപിക്കാടിന് ഐക്യദാര്‍ഢ്യം: കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd February 2022, 9:51 pm

തിരുവനന്തപുരം: സി.പി.ഐ.എമ്മിനെതിരെയും ഭരിക്കുന്ന സര്‍ക്കാരിനെതിരെയും ഒരഭിപ്രായവും പറയാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. സി.പി.ഐ.എം അടിമയാകാത്തതിന്റെ പേരില്‍ ആക്രമണം നേരിടുന്ന സാംസ്‌കാരിക പ്രവര്‍ത്തകന്‍ സണ്ണി എം. കപിക്കാടിന് നേരെ സൈബര്‍ ആക്രമണം നടക്കുകയാണെന്ന് സുധാകരന്‍ പറഞ്ഞു.

സണ്ണി എം. കപിക്കാടിന് കെ.പി.സി.സിയടെ ഐക്യദാര്‍ഢ്യം. ഈ രാജ്യത്തെ ഓരോ പൗരനും സ്വന്തം അഭിപ്രായം നിര്‍ഭയം പറയുവാനുള്ള സ്വാതന്ത്ര്യം കൂടിയാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നാടിന് നേടിത്തന്നതെന്നും സുധാകരന്‍ പറഞ്ഞു.

കക്ഷിരാഷ്ട്രീയ ഭേദമന്യേ അഭിപ്രായം പറയുന്ന സണ്ണി എം. കപിക്കാട് കഴിഞ്ഞദിവസം ചാനല്‍ ചര്‍ച്ചയില്‍ സി.പി.ഐ.എം കൊലപാതക രാഷ്ട്രീയത്തിലൂടെ രക്തസാക്ഷികളെ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് പറഞ്ഞ് വിമര്‍ശിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് നീചമായ രീതിയില്‍ ഇപ്പോള്‍ ആക്രമണം നേരിടേണ്ടി വരുന്നത്. ദളിത് വിരുദ്ധതയും വ്യക്തിഹത്യയുമാണ് സി.പി.ഐ.എം അദ്ദേഹത്തിനെതിരെ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

‘സി.പി.ഐ.എമ്മും അവരുടെ സൈബര്‍ പടയും നടത്തുന്ന ക്രൂരമായ ആക്രമണങ്ങള്‍ക്ക് സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പറയുന്ന പലരും വിധേയരാവുകയാണ്. അതിന്റെ അവസാനത്തെ ഇരയാണ് ദളിത് ആക്ടിവിസ്റ്റ് കൂടിയായ ശ്രീ സണ്ണി എം. കപിക്കാട്.

ഇടതുപക്ഷ സാംസ്‌കാരിക നായകന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോട് കൂടിയാണ് സൈബര്‍ ആക്രമണം അരങ്ങേറുന്നത് എന്നത് സാംസ്‌കാരിക കേരളത്തെ ലജ്ജിപ്പിക്കുന്നു,’ സുധാകരന്‍ പറഞ്ഞു.

ബി.ജെ.പി പിന്തുണ കൊണ്ടാണെങ്കിലും രണ്ടാമതും അധികാരം കിട്ടിയതിനാല്‍ എന്തും ചെയ്യാമെന്ന് വിചാരിച്ച് മദോന്മത്തരായി നടക്കുകയാണ് സി.പി.ഐ.എം നേതൃത്വവും അണികളും. ഇത് കേരളത്തെ രാഷ്ട്രീയ അരാജകത്വത്തിലേക്ക് കൊണ്ടെത്തിച്ചിരിക്കുകയാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS:  K. Sudhakaran criticize CPIM , Cyber attack against Sunny M Kapikad