Kerala News
'30 വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത യൂദാസിന്റെ ദിവസത്തില്‍ പലതും സംഭവിക്കും': അനില്‍ ആന്റണിയുടെ ബി.ജെ.പി പ്രവേശനത്തില്‍ പ്രതികരിച്ച് കെ.സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Apr 06, 11:33 am
Thursday, 6th April 2023, 5:03 pm

തിരുവനന്തപുരം: എ.കെ. ആന്റണിയുടെ മകനും കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ തലവനുമായിരുന്ന അനില്‍ ആന്റണിയുടെ ബി.ജെ.പി പ്രവേശനത്തെ യൂദാസിനോട് ഉപമിച്ച് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ. സുധാകരന്‍. എ.കെ. ആന്റണിയുടെ മകനെന്നതിനപ്പുറം അനില്‍ ആന്റണി കോണ്‍ഗ്രസ് പാര്‍ട്ടിക്കാരുമല്ലെന്നും അദ്ദേഹം ബി.ജെ.പിയിലേക്ക് പോകുന്നതില്‍ കോണ്‍ഗ്രസിന് പ്രശ്‌നമില്ലെന്നും കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഇന്ന് പെസഹ വ്യാഴമാണ്. 30 വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത യൂദാസിന്റെ ദിവസമാണ്. ആ ദിവസത്തില്‍ പലതും സംഭവിക്കും. ആ കൂട്ടത്തിലൊന്നായി ഇത് കണ്ടാല്‍ മതി.

അനില്‍ ആന്റണി എ.കെ. ആന്റണിയുടെ മകനെന്നതിനപ്പുറം കോണ്‍ഗ്രസ് പാര്‍ട്ടിക്കാരുമല്ല. അദ്ദേഹത്തിന് അങ്ങനൊരു ഉത്തരവാദിത്തം ഞങ്ങളാരും കൊടുത്തിട്ടില്ല, അദ്ദേഹം എടുത്തിട്ടുമില്ല.

അദ്ദേഹം കൊടികുത്തി നടന്നിട്ടില്ല. പോസ്റ്റര്‍ ഒട്ടിച്ച് നടന്നിട്ടില്ല. സിന്ദാബാദ് വിളിച്ചിട്ടില്ല. ജാഥ സംഘടിപ്പിച്ചിട്ടില്ല. സമരം ചെയ്തിട്ടില്ല. ഒന്നും ചെയ്തിട്ടില്ല.

അദ്ദേഹത്തില്‍ നിന്ന് നമുക്കെന്താ പ്രശ്‌നം. ആന്റണിയുടെ മകന്‍ എന്നതിനപ്പുറത്ത് കോണ്‍ഗ്രസിനകത്ത് അദ്ദേഹം ഒന്നും അല്ല, ഞങ്ങള്‍ക്ക് അതില്‍ പ്രത്യേകിച്ച് ചിന്തിക്കേണ്ടതില്ല, അതില്‍ വേവലാതിപ്പെടേണ്ട പ്രശ്‌നവുമില്ല,’ കെ. സുധാകരന്‍ പറഞ്ഞു.

എ.കെ. ആന്റണി മകന്റെ വ്യക്തി സ്വാതന്ത്ര്യത്തില്‍ ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു.

‘അനില്‍ ആന്റണി പോയതില്‍ പറഞ്ഞുകണ്ട അഭിപ്രായം രാജ്യത്തെ വഞ്ചിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് മോചനം നേടാന്‍ എന്നാണ്. അത് കൂലങ്കശമായി ചിന്തിക്കേണ്ട കാര്യമാണ്. ആര് വഞ്ചിക്കുന്നു, ആരാണ് വഞ്ചിതരാകുന്നത് എന്ന് സ്വയം ചിന്തിക്കുക.

ജനം വിലയിരുത്തും, അതിനപ്പുറത്ത് നമുക്ക് ഒന്നും പറയാനില്ല. ബാക്കി കാര്യങ്ങള്‍ എ.കെ. ആന്റണി പറയും.

രാഷ്ട്രീയം വ്യക്തിഗതമാണ്. എത്രയോ ആളുകളുണ്ട് അങ്ങനെ. ഇത് ഒരു പുതിയ സംഭവമല്ലല്ലോ. ഒരു കുടംബത്തില്‍ വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുള്ളത് കൊണ്ട് വ്യക്തിബന്ധങ്ങളോ കുടുംബ ബന്ധങ്ങളോ തകരുന്നില്ല. ആന്റണി മകന്റെ വ്യക്തി സ്വാതന്ത്ര്യത്തില്‍ ഇടപെടാറില്ല,’ അദ്ദേഹം പറഞ്ഞു.

അനില്‍ ആന്റണിക്ക് ബുദ്ധി ഇല്ലാത്തതിനാലാണ് അദ്ദേഹം പോയതെന്നും സംഭവത്തില്‍ എ.കെ ആന്റണിക്ക് മനപ്രയാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി കോണ്‍ഗ്രസില്‍ നിന്ന് കൊണ്ട്‌ പോയവരെയൊക്കെ ശവപ്പറമ്പില്‍ കൊണ്ട്‌ പോയി നിര്‍ത്തിയിട്ടുണ്ടെന്നും അവരൊക്കെ അന്ത്യനാളുകള്‍ കാത്ത് നില്‍ക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

വ്യാഴാഴ്ചയാണ് അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി നേതാവ് പിയൂഷ് ഗോയലിന്റെ കയ്യില്‍ നിന്നാണ് അനില്‍ ആന്റണി ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ളവരുടെ കൂടെയാണ് അനില്‍ ആന്റണി ബി.ജെ.പി ആസ്ഥാനത്ത് എത്തിച്ചേര്‍ന്നത്.

2002 ഗുജറാത്ത് വംശഹത്യയെയും നരേന്ദ്ര മോദിയുടെ അതിലെ പങ്കിനെയും കുറിച്ച് ആധികാരികമായി സംസാരിക്കുന്ന ബി.ബി.സിയുടെ ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍ (India: The Modi Question) എന്ന ഡോക്യുമെന്ററിയെ വിമര്‍ശിച്ചുകൊണ്ട് അനില്‍ ആന്റണി പങ്കുവെച്ച ട്വീറ്റ് വലിയ വിവാദമായിരുന്നു. കോണ്‍ഗ്രസിനകത്ത് നിന്നുതന്നെ അനില്‍ ആന്റണിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

ഇതിന് പിന്നാലെ അദ്ദേഹം കോണ്‍ഗ്രസിന്റെ പദവികളില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും രാജിക്കത്തില്‍ അദ്ദേഹം വിമര്‍ശനമുന്നയിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന് ചുറ്റും മുഖസ്തുതിക്കാരാണുള്ളതെന്നും പാര്‍ട്ടിയില്‍ യോഗ്യതയുള്ളവരേക്കാള്‍ സ്തുതിപാഠകര്‍ക്കാണ് സ്ഥാനം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

content highlight: k sudhakaran about anil antony