തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ നിന്നും ഇന്നലെ കേരളത്തിലെത്തിയ ഖദീജ എന്ന സ്ത്രീ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണപ്പെട്ടിരുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ.
മഹാരാഷ്ട്രയില്‍ നിന്നും മൂന്ന് പേര്‍ക്കൊപ്പം ടവേര വാഹനത്തിലാണ് അവര്‍ വന്നത്. വരുമ്പോള്‍ തന്നെ അവര്‍ക്ക് കടുത്ത ക്ഷീണമുണ്ടായിരുന്നു. മകനാണ് അവരെ ചാവക്കാട് ആശുപത്രിയില്‍ എത്തിച്ചത്. സീരിയസ് ആയതുകൊണ്ട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഇതിനിടെ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചപ്പോഴാണ് കൊവിഡ് പോസിറ്റീവായി കണ്ടത്. മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് മുന്‍പ് തന്നെ അവര്‍ മരണപ്പെടുകയായിരുന്നെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ അവശരായ നിരവധി പേര്‍ ഉണ്ട്. കൊവിഡ് പടര്‍ന്നുപിടിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും ഇങ്ങോട്ട് വരുന്നവരോട് വരേണ്ട എന്ന് പറയാന്‍ ആവില്ല. എന്നാല്‍ കര്‍ശന പരിശോധന തന്നെ നടത്തേണ്ടതുണ്ട്.
വരുന്നവരെ രക്ഷിക്കുകയും ഇവിടെ ഉള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകയും ചെയ്യരുത്. ഇത് രണ്ടും നടത്തണം. റെഡ് സോണില്‍ നിന്ന് വരുന്നവരെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയരാക്കാന്‍ തന്നെയാണ് തീരുമാനം.
ട്രെയിനില്‍ വരുന്നവരില്‍ തന്നെ ധാരാളം കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആദ്യ രണ്ട് ഘട്ടത്തില്‍ 513 കേസുകളില്‍ മൂന്ന് മരണം സംഭവിച്ചു. ബാക്കി എല്ലാവരേയും രക്ഷപ്പെടുത്തി. 93 വയസുള്ളവരെ വരെ രക്ഷിച്ചെടുത്തിരുന്നു.
കേരളത്തിന്റെ റിക്കവറി റേറ്റ് 99 ശതമാനമാണ്. ചിട്ടയായ പ്രവര്‍ത്തനം കൊണ്ടാണ് അതിന് സാധിച്ചത്. മെയ് 7 ന് ശേഷം ഇന്നലെ വരെ പരിശോധിക്കുമ്പോള്‍ 188 കേസുണ്ട്. എല്ലാം പുറത്തുനിന്ന് വന്നവരാണ്. അതില്‍ കുറച്ച് അവരുടെ കോണ്‍ടാക്ടും.
വരുന്നവരില്‍ നിന്നും വേറെ കോണ്ടാക്ട് ഇല്ലാതിരിക്കുക എന്നതാണ് പ്രധാനം. വളരെ കര്‍ശനമായ ക്വാറന്റീനിലൂടെ വരുന്നയാളില്‍ മാത്രം ഒതുക്കിനിര്‍ത്താന്‍ സാധിച്ചാല്‍ നമുക്ക് രക്ഷപ്പെടാന്‍ കഴിയും. രോഗികളുടെ എണ്ണം കൂടിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരും. അതിനാലാണ് കര്‍ശനമായ ക്വാറന്റീന്‍ നിര്‍ദേശിക്കുന്നത്.
ഇന്നലെ മരണപ്പെട്ടവര്‍ക്കൊപ്പം യാത്രചെയ്ത മൂന്ന് പേരും നിരീക്ഷണത്തിലാണ്. ലക്ഷണമൊന്നുമില്ലെങ്കിലും പുറത്തുനിന്ന് വന്നവര്‍ കര്‍ശനമായ ക്വാറന്റീന്‍ പാലിക്കണം. ഹോം ക്വാറന്റീന്‍ ആണ് ഫലപ്രദമെന്നും പക്ഷേ അത് കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
മാഹിയില്‍ നിന്നും കേരളത്തില്‍ ചികിത്സയ്ക്ക് വന്ന് മരണപ്പെട്ട രോഗിയുടെ കണക്ക് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ പട്ടികയിലെഴുതിയതിനെ കുറിച്ചും ശൈലജ ടീച്ചര്‍ പ്രതികരിച്ചു.
എണ്ണം കണക്കാക്കുമ്പോള്‍ കേരളത്തില്‍ ഉള്ളവര്‍, ഇവിടെ അസുഖം വന്ന് ഇവിടെ മരിക്കുന്നവരേയാണ് നമ്മുടെ കണക്കില്‍ ഉള്‍പ്പെടുത്തിയത്.
മാഹിയില്‍ നിന്ന് അസുഖം വന്ന് അദ്ദേഹം ഇവിടേക്ക് വന്നു. ചികിത്സ എടുത്തു, മരണപ്പെട്ട ശേഷം അവിടേക്ക് തന്നെ കൊണ്ടുപോയി. അദ്ദേഹം അവിടുത്തുകാരനാണ്. അതുകൊണ്ടാണ് നമ്മുടെ പട്ടികയില്‍ ചേര്‍ക്കാതിരുന്നത്.
എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നമ്മുടെ പട്ടികയില്‍ ചേര്‍ത്തതായാണ് കാണുന്നത്. നമുക്ക് അതില്‍ വിരോധമില്ല. പക്ഷേ നമ്മുടെ കണക്കില്‍ മൂന്ന് മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ.
മൂന്ന് നാലാവുന്നതോ നാല് അഞ്ചാവുന്നതോ വലിയ കാര്യമല്ല. നമ്മുടെ കണക്കില്‍ ഇന്നലത്തെ മരണം ചേര്‍ത്ത് നാലാണ്. ഇതൊന്നും തര്‍ക്ക വിഷയമില്ല. കേരളത്തിന്റെ പട്ടികയില്‍ ചേര്‍ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായിട്ടൊന്നും അറിയില്ല.
അതെല്ലം പിന്നെ വിശകലനം ചെയ്യാവുന്നതേയുള്ളു. എവിടെയായാലും മരണം മരണമാണ്. നമ്മള്‍ ശാസ്ത്രീയമായ രീതി വെച്ചു കണക്കാക്കി എന്നേയുള്ളൂ.- ആരോഗ്യമന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക