കെ. ആര്‍ ഗൗരിയമ്മ അന്തരിച്ചു
Kerala News
കെ. ആര്‍ ഗൗരിയമ്മ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th May 2021, 7:37 am

തിരുവനന്തപുരം: മുന്‍ മന്ത്രിയും ജെ.എസ്.എസ് നേതാവുമായ കെ. ആര്‍ ഗൗരിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു.

രാവിലെ ഏഴുമണിയോടെയാണ് മരണം സംഭവിച്ചത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

1919 ജൂലൈ 14ന് ആലപ്പുഴയിലെ ചേര്‍ത്തലയിലായിരുന്നു ഗൗരിയമ്മയുടെ ജനനം. എറണാകുളം മഹാരാജാസ് കോളേജിലും ലോ കോളേജിലുമായി പഠനം പൂര്‍ത്തിയാക്കി.

കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായിരുന്നു. കമ്മ്യൂണിസ്റ്റ് നേതാവ് ടി. വി തോമസ് ആണ് ജീവിത പങ്കാളി.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെത്തിയ ഗൗരിയമ്മ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെയും കര്‍ഷക പ്രസ്ഥാനങ്ങളിലൂടെയും കേരള രാഷ്ട്രീയത്തില്‍ സജീവമായി.

പത്ത് തവണ കേരള നിയമസഭാംഗമായി. കൂടുതല്‍ തവണ നിയമസഭാംഗമായ വനിത ഗൗരിയമ്മയാണ്. കൂടുതല്‍ തവണ മന്ത്രിസഭാംഗമായ വനിതയും ഗൗരിയമ്മയായിരുന്നു. ആറ് തവണയാണ് ഗൗരിയമ്മ മന്ത്രിയായത്.

കാര്‍ഷിക പരിഷ്‌കരണ നിയമം പാസാക്കിയത് കെ. ആര്‍ ഗൗരിയമ്മയാണ്. ഭൂപരിഷ്‌കരണ നിയമവും സഭയില്‍ അവതരിപ്പിച്ചു.

1994ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പട്ടു. തുടര്‍ന്ന് ജനാധിപത്യ സംരക്ഷണ സമിതിയെന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. 2019 വരെ ജെ.എസ്.എസിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു.

1994 മുതല്‍ 2016 വരെ ജെ.എസ്.എസ് യു.ഡി.എഫിനൊപ്പമായിരുന്നു. 2016ല്‍ എല്‍.ഡി.എഫിലേക്ക് തിരികെയെത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: JSS leader former minister K R Gawri Amma passes away