കൊച്ചി: നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെയും ക്യാരി ബാഗുകളുടെയും വിൽപനയും ഉപയോഗവും തടയുന്നതിനായി കർശന നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെ സ്വാഗതം ചെയ്ത് കേരള ബയോ ഡീഗ്രേഡബിൾ പേപ്പർ പ്രൊഡക്ട്‌സ് മാനുഫാക്‌ച്വറേഴ്‌സ് അസോസിയേഷൻ (കെ.ബി.പി.പി.എം.എ).
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് ബദലായി ജൈവനശീകരണത്തിലൂടെ മണ്ണിലലിഞ്ഞ് ചേരുന്ന തരം പേപ്പർ ഉത്പന്നങ്ങൾ നിർമിക്കുന്ന ഉത്പാദകരുടെ കൂട്ടായ്‌മയാണ് കേരള ബയോഡീഗ്രേഡബിൾ പേപ്പർ – പ്രോഡക്ട്സ് മാനുഫാക്‌ച്വറേഴ്‌സ് അസോസിയേഷൻ.
മുഖ്യമന്ത്രിയുടെ പ്രസ്‌താവന വന്നതിന് പിന്നാലെ വ്യാഴാഴ്ച ചേർന്ന അടിയന്തര യോഗത്തിലാണ് അസോസിയേഷൻ സർക്കാരിന് പിന്തുണയറിയിച്ചത്. നിരോധിത ഉത്പന്നങ്ങൾ എത്തുന്നത് തടയുന്നതിനായി ശക്തമായ നടപടികൾ എടുക്കുന്നതിനായി എല്ലാവിധ സഹകരണവും സർക്കാരിന് ഉറപ്പ് നൽകുമെന്ന് അസോസിയേഷൻ പ്രഖ്യാപിച്ചു.
നിരോധിത പ്ലാസ്‌റ്റിക് കോട്ടിങ് ഉള്ള പേപ്പർ പ്ലേറ്റുകൾ, പേപ്പർ കപ്പുകൾ,സിൽവർ പ്ലാസ്‌റ്റിക് കോട്ടിങ് ഉള്ള പ്ലേറ്റുകൾ കേക്ക് ബോക്സുകൾ തുടങ്ങിയ ഉത്പന്നങ്ങൾ നികുതിവെട്ടിച്ച് അനധികൃതമായി അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുകയും വിൽപന നടത്തുകയും ചെയ്യുന്നതായി പരാതിയുണ്ട്.
അമിതലാഭം പ്രതീക്ഷിച്ചു കൊണ്ട് നിയമങ്ങൾ കാറ്റിൽ പറത്തി വ്യാപാരികൾ ഈ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതുമൂലം നാടിൻ്റെ പരിസ്ഥിതിയും ജനങ്ങളുടെ ആരോഗ്യവും നശിക്കുകയാണെന്ന് കേരള ബയോഡീഗ്രേഡബിൾ പേപ്പർ പ്രോഡക്ട്സ് മാനുഫാക്‌ച്വറേഴ്‌സ് അസോസിയേഷൻ യോഗം വിലയിരുത്തി.
നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ സൃഷ്‌ടിക്കുന്ന മാലിന്യക്കൂമ്പാരങ്ങളിൽ നിന്നും പൂർണമായും വേറിട്ട് നിൽക്കുന്നതാണ് ബയോ ഡീഗ്രേഡബിൾ ഉത്പന്നങ്ങൾ. ഇവ കമ്പോസ്റ്റുകളിൽ നിക്ഷേപിക്കുകയോ റീസൈക്കിൾ ചെയ്യുകയോ കത്തിച്ചുകളയുകയോ ചെയ്യാവുന്നവയാണ്. ഇതൊന്നും പ്രകൃതിക്ക് യാതൊരു ദോഷവും ഉണ്ടാക്കുകയില്ലെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതും സർക്കാർ ഏജൻസികളുടെ സർട്ടിഫിക്കേഷൻ ഉള്ളതുമാണ്.
ഇക്കാര്യങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ ശരിയായ ബോധവത്കരണം നടത്തുക. മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ബയോഡീഗ്രേഡബിൾ എന്നത് വ്യക്തമാക്കുന്ന എല്ലാ രേഖകളും അടങ്ങുന്ന ക്യൂ.ആർ കോഡ് ഉൾപ്പെടുത്തി മാത്രം വിപണിയിൽ എത്തുന്നുവെന്ന് ഉറപ്പുവരുത്തുക, പ്ലാസ്റ്റിക് കോട്ടിങ്ങ് ഉള്ള ഉത്പന്നങ്ങൾ അനധികൃതമായി സംസ്ഥാനത്തെത്തുന്നത് തടയാൻ വാഹന പരിശോധന അടക്കമുള്ള കാര്യങ്ങൾ കർശനമാക്കുക, എന്നീ ആവശ്യങ്ങൾ സർക്കാരിനോട് ഉന്നയിക്കാനും യോഗം തീരുമാനിച്ചു.
ആഗോളതലത്തിൽ തന്നെ എല്ലാ രാജ്യങ്ങളും ബയോ ഡീഗ്രേഡബിൾ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിച്ചു മുന്നോട്ട് പോകുകയാണ്. എന്നാൽ ഇന്ത്യയിൽ തന്നെ ആദ്യമായി ഈ ഉത്പന്നങ്ങൾ നിർമിക്കാൻ കേരളത്തിൽ നിന്ന് അനുമതി നേടുകയും സർക്കാർ നിർദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നിർമാണം നടത്തുകയും ചെയ്യുന്ന സംരംഭകരെ പ്രോൽസാഹിപ്പിക്കാൻ സർക്കാർ നയം രൂപീകരിക്കുന്നില്ല എന്നതിൽ അസോസിയേഷൻ ആശങ്കയറിയിച്ചു.
Content Highlight: k.p.p.pm.a support the statement of kerala government