തിരുവനന്തപുരം: വായ്പാപരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി കേരളത്തെ ശ്വാസം മുട്ടിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സംസ്ഥാനത്തിന്റെ മുന്നോട്ട് പോക്കിനെ തന്നെ തടപ്പെടുത്തുന്ന വെട്ടിക്കുറക്കലാണ് ഉണ്ടായിട്ടുള്ളതെന്നും ഇന്ത്യയിലെ ഒരു സംസ്ഥാനത്തോടും കാണിക്കാത്ത വിവേചനപരമായ സമീപനമാണ് കേരളത്തോട് കേന്ദ്രം കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘15,390 കോടിയാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. 32,000 കോടി ലഭിക്കുമെന്നാണ് കണക്കുകള്‍ അനുസരിച്ച് പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം 23,000 കോടിയാണ് ആദ്യഘട്ടത്തില്‍ വന്നിരുന്നത്. വലിയ രീതിയിലുള്ള വെട്ടിക്കുറക്കലാണ് ഇപ്പോള്‍ ഉണ്ടായിരുക്കുന്നത്. ഇത്രയും രൂപ വെട്ടിക്കുറച്ചതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ഇതിന്റെ വിശദമായ വിവരങ്ങള്‍ പിന്നിട് വരും. സംസ്ഥാനത്തിന്റെ മുന്നോട്ട് പോക്കിനെ തടപ്പെടുത്തുന്നതാണ് വെട്ടിക്കുറക്കല്‍,’ ധനമന്ത്രി പറഞ്ഞു.
നിത്യച്ചെലവുകള്‍ക്ക് പോലും തടസമുണ്ടാകുന്ന വെട്ടിക്കുറക്കലാണ് ഉണ്ടായിരിക്കുന്നതെന്നും ആഭ്യന്തര വരുമാനവും നികുതി വരുമാനവും വര്‍ധിപ്പിച്ചത് കൊണ്ടാണ് കഴിഞ്ഞ വര്‍ഷം പിടിച്ചുനില്‍ക്കാനായതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളാണ് ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കിട്ടേണ്ട വായ്പയുടെ പകുതിയായാണ് വെട്ടിക്കുറച്ചിരിക്കുന്നത്. കേരളത്തിലെ ജനങ്ങളാണ് ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുക. കേരളത്തിലെ ജനങ്ങള്‍ക്ക് അര്‍ഹമായി കിട്ടേണ്ടതാണിത്. ഈ വര്‍ഷം കേന്ദ്രം തന്നുകൊണ്ടിരുന്ന ആര്‍.ഡി ഗ്രാന്റിലും 10,000 കോടിയുടെ കുറവ് വന്നിരുന്നു,’ അദ്ദേഹം പറഞ്ഞു.
ഇത് കേരളത്തിലെ മുഴുവന്‍ ജനങ്ങളും അവരുടെ വികാരമായി ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ശക്തമായ പ്രതിഷേധം നടത്തണമെന്നും ഇന്ത്യയിലെ ഒരു സംസ്ഥാനത്തോടും കാണിക്കാത്ത വിവേചനപരമായ സമീപനമാണ് കേരളത്തോട് കേന്ദ്രം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.