തിരുവനന്തപുരം: പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും സമരങ്ങള്‍ നിര്‍ത്താനുള്ള തീരുമാനങ്ങള്‍ ആരോടും ആലോചിക്കാതെ എടുത്തതായിരുന്നെന്നും കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ. മുരളീധരന്‍. സമരങ്ങള്‍ നിര്‍ത്താനുള്ള തീരുമാനം എടുത്തത് പേടിച്ചിട്ടാണെന്ന് തോന്നുമെന്നും മുരളീധരന്‍ വിമര്‍ശിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യു.ഡി.എഫ് കണ്‍വീനറാകാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നതായും കെ മുരളീധരന്‍ എം.പി വ്യക്തമാക്കി. എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
എ ഗ്രൂപ്പിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ബെന്നി ബെഹ്നാന്‍ രാജിവെച്ചിരുന്നു. അതിന് പിന്നാലെയാണ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. മുരളീധരന്‍ എം.പി രാജി വെച്ചത്.
ഒരേസമയം രണ്ട് പദവികള്‍ കൈകാര്യം ചെയ്യേണ്ടതില്ലെന്നും പാര്‍ട്ടി പുനഃസംഘടന ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും അതൊന്നും തുറന്നു പറയാതിരുന്നത് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കാതിരിക്കാനാണെന്നും രാജിവെച്ചതിന് പിന്നാലെ കെ. മുരളീധരന്‍ പറഞ്ഞിരുന്നു.
ഞായറാഴ്ച്ചയാണ് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുകയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ ബെന്നി ബെഹ്നാന്‍ വ്യക്തമാക്കിയത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബെന്നി ബെഹ്നാന്‍ കണ്‍വീനര്‍ സ്ഥാനം രാജിവെക്കണമെന്ന ധാരണ കെ.പി.സി.സിയിലുണ്ടായിരുന്നു. എന്നാല്‍ എം.പിയായതിന് ശേഷവും സ്ഥാനമൊഴിയാന്‍ ബെന്നി വിമുഖത കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ കെ.പി.സി.സി തന്നെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെന്നിയുടെ രാജി.
അതേസമയം നിയമസഭയിലേക്ക് താന്‍ ഇല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതാണെന്ന് നേരത്തെ മുരളീധരന്‍ പറഞ്ഞിരുന്നു. എം.പിമാരായി നില്‍ക്കുന്നവര്‍ കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു എന്നും അതാണ് രാജിക്ക് പിന്നില്‍ എന്നുമാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്. ഇത് തെറ്റായ വ്യാഖ്യാനമാണെന്നും രാജിവെക്കാനുള്ള തീരുമാനം നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല സത്യസന്ധമായി നിറവേറ്റും. ഒരു തെരഞ്ഞെടുപ്പ് തന്റെ അജണ്ടയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ അസംബ്ലിയിലൊക്കെ വട്ടിയൂര്‍കാവില്‍ യു.ഡി.എഫിന്റെ സ്ഥിതി വളരെ പ്രയാസമായിരുന്നു. ആ മണ്ഡലത്തില്‍ അഞ്ച് കൊല്ലംകൊണ്ട് ഓരോ വീടുമായും താന്‍ ഉണ്ടാക്കിയ ബന്ധമാണ് വികസനത്തേക്കാള്‍ ഏറെ തന്നെ അവിടെ വിജയിക്കാന്‍ സഹായിച്ചത്. ആ ബന്ധമുള്ളവര്‍ക്ക് മാത്രമേ അവിടെ വിജയിക്കാന്‍ കഴിയൂ. അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം വളരെ പ്രധാനമാണെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലിലെ ക്ലോസ്എന്‍കൗണ്ടറില്‍ പറഞ്ഞിരുന്നു.
കേരളത്തില്‍ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കുറേ പ്രസംഗം നടത്തിയതുകൊണ്ടൊന്നും വിജയിക്കില്ല. ജനങ്ങളുമായി ബന്ധം സ്ഥാപിച്ചാല്‍ മാത്രമേ വിജയിക്കുള്ളൂ. എട്ട് അസംബ്ലിയില്‍ താന്‍ സജീവമായുണ്ടാകും. അതുപോലെ എല്ലാവരും ഓരോ മണ്ഡലങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കാന്‍ തയ്യാറാകട്ടേയെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ആള്‍ക്കൂട്ട സമരങ്ങള്‍ അവസാനിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ അതിനോട് സഹകരിക്കുമെന്നുമായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക