'ആ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തത് തെറ്റ്'; ലതികയെ തള്ളി കെ.കെ. ശൈലജ
Kerala News
'ആ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തത് തെറ്റ്'; ലതികയെ തള്ളി കെ.കെ. ശൈലജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th August 2024, 8:34 am

വടകര: കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് വിവാദത്തില്‍ മുന്‍ സി.പി.ഐ.എം എം.എല്‍.എ കെ.കെ. ലതികയെ തള്ളി കെ.കെ. ശൈലജ. സമൂഹ മാധ്യമങ്ങളിലൂടെ ലതിക കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് പ്രചരിപ്പിച്ചത് തെറ്റായെന്ന് കെ.കെ. ശൈലജ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് മുന്‍ ആരോഗ്യമന്ത്രിയും വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന കെ.കെ. ശൈലജയുടെ പരാമര്‍ശം.

സ്‌ക്രീന്‍ഷോര്‍ട്ട് പ്രചരിപ്പിച്ചത് തെറ്റായ നീക്കമാണെന്ന് പാര്‍ട്ടി അന്ന് തന്നെ ചൂണ്ടിക്കാട്ടിയിരുന്നതായും കെ.കെ. ശൈലജ പറഞ്ഞു. സംഭവത്തില്‍ വിശദീകരണം തേടിയപ്പോള്‍, സമൂഹത്തില്‍ ഇങ്ങനെയെല്ലാം നടക്കുന്നുണ്ടെന്ന് പൊതുജനം അറിയട്ടേയെന്നും സ്‌ക്രീന്‍ഷോര്‍ട്ട് നിര്‍മിച്ചത് ആരാണെന്ന് കണ്ടെത്തണമെന്നും തന്നോട് ലതിക പറഞ്ഞതായും കെ.കെ. ശൈലജ ചൂണ്ടിക്കാട്ടി.

സ്‌ക്രീന്‍ഷോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടതിന് പിന്നാലെ തനിക്കെതിരെ ആരോപണങ്ങള്‍ സൃഷ്ടിച്ചവരും ശിക്ഷിക്കപ്പെടണമെന്നും കെ.കെ. ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. തെറ്റായ കാര്യമാണ് സംഭവിച്ചതെന്നും സ്‌ക്രീന്‍ഷോര്‍ട്ട് ഷെയര്‍ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് തന്നെയാണ് തന്റെ നിലപാടെന്നും കെ.കെ. ശൈലജ കൂട്ടിച്ചേര്‍ത്തു.

സ്‌ക്രീന്‍ഷോര്‍ട്ട് നിര്‍മിച്ചതാണോ ഷെയര്‍ ചെയ്തതാണോ ഏറ്റവും വലിയ അപരാധമെന്നും കെ.കെ. ശൈലജ ചോദിച്ചു. സ്‌ക്രീന്‍ഷോര്‍ട്ട് നിര്‍മിച്ചതില്‍ അന്വേഷണം നടക്കട്ടേയെന്നും മുന്‍ ആരോഗ്യമന്ത്രി പ്രതികരിച്ചു. അതേസമയം സ്‌ക്രീന്‍ഷോര്‍ട്ട് സംബന്ധിച്ച് പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും കെ.കെ. ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനുപുറമെ, ലൗജിഹാദ് ഉണ്ടെന്ന് താന്‍ പറഞ്ഞുവെന്ന തരത്തില്‍ മാതൃഭൂമിയുടെ പേരില്‍ വ്യാജകോപ്പി നിര്‍മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കെ.കെ. ശൈലജ പറഞ്ഞു. തന്നെ ബോംബമ്മ എന്ന് വിശേഷിപ്പിച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പേരില്‍ പ്രചരിച്ച വ്യാജ ലെറ്റര്‍ പാഡിലും അന്വേഷണം വേണം. കുടുംബ ഗ്രൂപ്പുകളിലാണ് ഇതെല്ലാം പ്രചരിപ്പിച്ചതെന്നും കെ.കെ. ശൈലജ ചൂണ്ടിക്കാട്ടി.

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ടിന് പിന്നില്‍ യു.ഡി.എഫാണെന്ന് താങ്കൾ ആദ്യം ആരോപിച്ചിരുന്നുവല്ലോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, നിഷേധിക്കാത്ത പക്ഷം യു.ഡി.എഫ് തന്നെയാണ് ഇതിന് പിന്നില്ലെന്ന് വിശ്വസിക്കുന്നുവെന്നാണ് താന്‍ പറഞ്ഞതെന്നായിരുന്നു കെ.കെ. ശൈലജയുടെ മറുപടി. ഇടതിന്റേതെന്ന് തോന്നിക്കുന്ന വിധത്തില്‍ കൊടിയും നിറവും നല്‍കി ചില കേന്ദ്രങ്ങളില്‍ ഇടതുപക്ഷത്തിനെതിരെ വ്യാജ പ്രചരണങ്ങള്‍ നടന്നിട്ടുണ്ടെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞിരുന്നതായും കെ.കെ. ശൈലജ പറഞ്ഞു.

ഇന്നലെ മാധ്യമങ്ങളോട് പ്രതികരിക്കവെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സി.പി.ഐ.എം നടത്തിയത് ഭീകര പ്രവര്‍ത്തനത്തിന് സമാനമാണെന്ന് സ്‌ക്രീന്‍ഷോര്‍ട്ട് വിവാദത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമങ്ങളോട്, ഒരു ആത്മീയ നേതാവിന്റെ പേരില്‍ വ്യാജ ലെറ്റര്‍പാഡ് നിര്‍മിച്ചതല്ലേ ഭീകര പ്രവര്‍ത്തനമെന്നും കെ.കെ. ശൈലജ ചോദിച്ചു.

കാഫിര്‍ പരാമര്‍ശമുള്ള സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലാണെന്നായിരുന്നു സ്‌ക്രീന്‍ഷോര്‍ട്ട് പ്രചരണത്തില്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നത്.

അതേസമയം റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഇങ്ങനെയാകുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നതാണെന്നും വി.ഡി. സതീശന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. കാഫിര്‍ പ്രചരണം കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും തലയില്‍ ചുമത്തി സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ക്രൂരമായ നീക്കമാണ് സി.പി.ഐ.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: K.K.Shailaja pushed former CPIM MLA KK Latika in the Kafir screenshot controversy