Kerala News
മന്ത്രി ബാലന്റെ പരാമര്‍ശം വിവരക്കേട്; സിനിമാ സെറ്റുകളില്‍ പരിശോധന നടത്താന്‍ പൊലീസിനു ആരുടേയും പരാതിയുടെ ആവശ്യമില്ലെന്നും കെമാല്‍ പാഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 01, 04:59 am
Sunday, 1st December 2019, 10:29 am

കൊച്ചി: സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന നിര്‍മാതാക്കളുടെ വെളിപ്പെടുത്തലില്‍ പരാതിക്ക് കാത്തുനില്‍ക്കാതെ പൊലീസ് കേസെടുക്കണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ.

സെറ്റുകളില്‍ പരിശോധന നടത്താനും കേസെടുക്കാനും നിര്‍മാതാക്കളുടെ പരാതി വേണമെന്ന മന്ത്രി എ.കെ ബാലന്റെ നിലപാട് വിവരക്കേടാണെന്നും കെമാല്‍ പാഷ പറഞ്ഞു.

‘സെറ്റുകളില്‍ പരിശോധന നടത്താന്‍ പൊലീസിനു ആരുടേയും പരാതിയുടെ ആവശ്യമില്ല. കേസെടുക്കാന്‍ മന്ത്രിയുടെ അനുമതിയും വേണ്ട.’ കെമല്‍ പാഷ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഷൂട്ടിംഗ് സെറ്റില്‍ നടന്‍ ഷെയ്ന്‍ നിഗം അച്ചടക്ക ലംഘനം നടത്തിയതുമായി ബന്ധപ്പെട്ടാണ് സെറ്റുകളിലെ ലഹരി ഉപയോഗത്തെ കുറിച്ച് നിര്‍മാതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തുന്നത്.

തുടര്‍ന്ന് സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ പറഞ്ഞിരുന്നു. ആരോപണത്തെക്കുറിച്ച് തെളിവ് നല്‍കാന്‍ നിര്‍മാതാക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സിനിമ മേഖലയില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരും. ഇതിനായി നിയമനിര്‍മാണം നടത്തുമെന്നും എ.കെ ബാലന്‍ പറഞ്ഞിരുന്നു.

സിനിമാ സെറ്റില്‍ നിലവില്‍ പെരുമാറ്റച്ചട്ടം ഇല്ല എന്ന പ്രശ്നം ഉണ്ട്. അതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഒരു കമ്മിറ്റി ഉണ്ടായിട്ടുണ്ട്. അതിന്റെ തെളിവെടുപ്പ് അവസാനിപ്പിക്കാന്‍ പോകുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിന് പിന്നാലെ തന്നെ നിയമനിര്‍മാണത്തിന് രൂപം കൊടുക്കും. സിനിമാ മേഖലയിലെ അംഗീകരിക്കാനാവാത്ത പ്രവണതകള്‍ തുടച്ചുമാറ്റുമെന്നും മന്ത്രി പറഞ്ഞിരുന്നു.

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച നിര്‍മ്മാതാക്കളുടെ പ്രതികരണം അതിവൈകാരികമാണെന്നും സെറ്റുകളിലെല്ലാം റെയ്ഡ് നടത്തുക അപ്രായോഗികമാണെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു.