world
ജനകീയ പ്രതിഷേധം; ജോര്‍ദാന്‍ പ്രധാനമന്ത്രി രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 04, 12:15 pm
Monday, 4th June 2018, 5:45 pm

അമ്മാന്‍: നികുതി വര്‍ധനവിനെതിരെയടക്കം ജനകീയ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ജോര്‍ദാന്‍ പ്രധാനമന്ത്രി ഹാനി അല്‍ മുല്‍ക്കി രാജിവെച്ചു. കിങ് അബ്ദുള്ള രാജാവിനാണ് രാജിസമര്‍പ്പിച്ചത്. ഐ.എം.എഫ് പിന്തുണയോടെയുള്ള പുതിയ നികുതി ബില്ലിനെതിരെയും വിലവര്‍ധനവിലും സര്‍ക്കാരിന്റെ സാമ്പത്തിക നടപടികള്‍ക്കെതിരെയും ശക്തമായ പ്രതിഷേധമാണ് ജോര്‍ദാനില്‍ നടക്കുന്നത്.

കാബിനറ്റ് അംഗമായ ഡോ. ഒമര്‍ റസാസിനെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജോര്‍ദാനിലെ സ്വീകാര്യനായ നേതാവായാണ് വിദ്യഭ്യാസ മന്ത്രിയായ റസാസ് അറിയപ്പെടുന്നത്.

ബുധനാഴ്ച മുതല്‍ തലസ്ഥാനമായ അമ്മാനിലും മറ്റുപ്രധാന നഗരങ്ങളിലും സര്‍ക്കാരിനെതിരെ കടുത്ത പ്രക്ഷോഭമാണ് നടക്കുന്നത്. 2016ല്‍ അധികാരമേറ്റ ഹാനി അല്‍ മുല്‍ക്കിന് ഭരണപ്രതിസന്ധിയെ തുടര്‍ന്ന് ആറു തവണ ക്യാബിനറ്റ് പുനസംഘടിപ്പിക്കേണ്ടി വന്നിരുന്നു.

37 ബില്ല്യണ്‍ ഡോളര്‍ വരുന്ന രാജ്യത്തിന്റെ കടം (ജി.ഡി.പിയുടെ 95 ശതമാനം) തീര്‍ക്കാന്‍ അവശ്യവസ്തുക്കളുടെയടക്കം വിലവര്‍ധിപ്പിച്ച നടപടിയാണ് ജോര്‍ദാന്‍ ജനതയെ തെരുവിലിറക്കിയത്. 2018ന് ശേഷം ഇന്ധനവിലയും വൈദ്യുതി ചാര്‍ജും സര്‍ക്കാര്‍ കുത്തനെ കൂട്ടിയിരുന്നു.

ദ ഇക്കണോമിസ്റ്റ് മാസിക പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം അറബ് ലോകത്തെ ഏറ്റവും ചെലവേറിയ നഗരമായി പ്രഖ്യാപിച്ചത് അമ്മാനെയാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 18.5 ശതമാനം ജനത തൊഴില്‍ രഹിതരുമാണ്.