Cricket
സ്റ്റോക്‌സിനെ പോലെയൊന്നുമല്ല; പറ്റുന്ന കാലത്തോളം താന്‍ എല്ലാ ഫോര്‍മാറ്റിലും കളിക്കുമെന്ന് ഇംഗ്ലണ്ട് താരം
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jul 23, 08:35 am
Saturday, 23rd July 2022, 2:05 pm

 

ക്രിക്കറ്റിന്റെ കഠിനമായ ഷെഡ്യൂളിനെ ചൊല്ലി പല താരങ്ങളും പരാതി പറയാറുണ്ട്. ചില താരങ്ങള്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച് പോകാറുമുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയ ആളാണ് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്‌സ്.

എല്ലാ ഫോര്‍മാറ്റിലും ഇംഗ്ലണ്ടിന്റെ പ്രധാന താരമായിരുന്ന സ്റ്റോക് ഏകദിനത്തില്‍ നിന്നും പെട്ടെന്ന് വിരമിക്കുകയായിരുന്നു. എല്ലാ ഫോര്‍മാറ്റിലെയും പ്രഷര്‍ താങ്ങാന്‍ സാധിക്കുന്നില്ല എന്നായിരുന്നു താരം പറഞ്ഞത്.

സ്റ്റോക്‌സിനെ പോലെതന്നെ ഇംഗ്ലണ്ടിന്റെ മറ്റൊരു പ്രധാന താരമാണ് ജോണി ബെയര്‍സ്‌റ്റോ. എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനം നടത്താന്‍ താരത്തിന് സാധിക്കാറുണ്ട്. അറ്റാക്കിങ് ബാറ്റിങ് ശൈലിയുള്ള താരത്തിന്റെ ടെസ്റ്റിലെ ബാറ്റിങ് ഈയിടെ ചര്‍ച്ചയായ കാര്യമാണ്.

തനിക്ക് പറ്റുന്ന കാലത്തോളം എല്ലാ ഫോര്‍മാറ്റിലും കളിക്കണമെന്നാണ് ബെയര്‍‌സ്റ്റോയും ആഗ്രഹം. എല്ലാ ഫോര്‍മാറ്റും വ്യത്യസ്തമാണെന്നാണ് അദ്ദേഹം പറയുന്നത്. ഫോര്‍മാറ്റ് മാറി കളിക്കുന്നത് എക്‌സൈറ്റിങ്ങാണെന്നും അദ്ദേഹം പറഞ്ഞു.

‘മൂന്ന് സ്‌ക്വാഡുകളുടെയും ഭാഗമാകാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. അവയെല്ലാം വ്യത്യസ്തമാണ്. ഓരോ ടീമിന്റെയും ഭാഗമാകുന്നത് വളരെ വലുതാണ്. ഇത് ആവേശകരമാണ്. ഓരോന്നിലും ചെല്ലുമ്പോള്‍ ഒരു ഫ്രഷ്നെസ് ഉണ്ട്. പുതിയ മുഖങ്ങള്‍ പുതിയ ഊര്‍ജം പകരാന്‍ സഹായിക്കും. കാരണം ഇതെല്ലാം വ്യത്യസ്ത ഫോര്‍മാറ്റാണ്,’ ബെയര്‍സ്‌റ്റോ പറഞ്ഞു.

ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ നായകനായ ജോസ് ബട്‌ലര്‍ ടെസ്റ്റ് മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് കുറച്ചുനാള്‍ മുന്നെ പറഞ്ഞിരുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നായകനായും ബാറ്ററായും കീപ്പറായും ഒരുപാട് ഉത്തവാദിത്തം ഉള്ളതിനാലാണ് അദ്ദേഹം ടെസ്റ്റില്‍ നിന്നും വിട്ട് നില്‍ക്കുന്നത്.

 

എന്തായാലും സ്റ്റോക്‌സിന്റെ വിരമിക്കല്‍ പുതിയ വഴിതിരിവുകള്‍ക്കാണ് കളമൊരുക്കുന്നത്.

Content Highlights:  Jonny Bairstow says he wants to play in Every Format in Cricket