'ബസവേശ്വര വരികള്‍ ചൊല്ലിയത് കൊണ്ട് പുതിയ ജോലി അവസരങ്ങള്‍ ഉണ്ടാകില്ല'; നിര്‍മ്മല സീതാരാമനോട് സിദ്ധരാമയ്യ
Union Budget 2019
'ബസവേശ്വര വരികള്‍ ചൊല്ലിയത് കൊണ്ട് പുതിയ ജോലി അവസരങ്ങള്‍ ഉണ്ടാകില്ല'; നിര്‍മ്മല സീതാരാമനോട് സിദ്ധരാമയ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th July 2019, 10:37 pm

ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെതിരെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ബസവേശ്വര വരികള്‍ ചൊല്ലിയത് കൊണ്ട് പുതിയ ജോലികള്‍ ഉണ്ടാകില്ലെന്നാണ് സിദ്ധരാമയ്യയുടെ പ്രതികരണം.

12ാം നൂറ്റാണ്ടില്‍ ജിവിച്ചിരുന്ന സാമൂഹ്യപരിഷ്‌ക്കര്‍ത്താവായിരുന്ന ബസവേശ്വരന്റെ ജോലി തന്നെയാണ് ആരാധന എന്ന വരികളാണ് ബജറ്റ് അവതരണത്തിനിടയില്‍ നിര്‍മ്മല സീതാരാമന്‍ ഉപയോഗിച്ചത്.

സൂത്രങ്ങള്‍ കൊണ്ട് തെരഞ്ഞെടുപ്പ് വിജയിക്കാന്‍ കഴിഞ്ഞേക്കും, പക്ഷെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവില്ല. സൂര്യന താഴെയുള്ള എല്ലാം ബജറ്റിലുണ്ട്. പക്ഷെ ആര്‍ക്കും ഒന്നും ലഭിക്കുന്ന തരത്തിലല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

രണ്ടാം എന്‍.ഡി.എ സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ പുതുതായി ഒന്നും പറയുന്നില്ലെന്ന് കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞിരുന്നു.

പുതിയ ഇന്ത്യയെ കുറിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, പഴയ വീഞ്ഞ് പുതിയ കുപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും രഞ്ജന്‍ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.

തൊഴില്‍ വര്‍ധനയ്ക്കായി ഒന്നുംതന്നെ ബജറ്റില്‍ ഇല്ലെന്നും പുതുതായി ഒന്നിനും തുടക്കം കുറിച്ചിട്ടില്ലെന്നും രഞ്ജന്‍ ചൗധരി ചൂണ്ടിക്കാട്ടി.