Malayalam Cinema
'ഷെയ്ന്‍ എനിക്ക് മകനെപ്പോലെ, പിണക്കമില്ല '; പക്ഷേ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സംഘടനകളെന്നും ജോബി ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 20, 01:34 pm
Friday, 20th December 2019, 7:04 pm

കൊച്ചി: ഷെയ്ന്‍ നിഗം വിവാദങ്ങളില്‍ മാപ്പ് പറഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്. ഷെയന്‍ തനിക്ക് മകനെപ്പോലെയാണെന്നും പക്ഷേ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സംഘടനകളാണെന്നും താന്‍ സംഘടന എടുക്കുന്ന തീരുമാനത്തിനൊപ്പമായിരിക്കുമെന്നുമാണ് ജോബിജോര്‍ജ് പറഞ്ഞത്. 24 ന്യൂസിനോടാണ് ജോബി പ്രതികരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”ഷെയ്ന്‍ എനിക്ക് മകനെപ്പോലെയല്ലേ അവനെ കൊല്ലുമെന്നോ തല്ലുമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞുവെന്ന് പറയുന്ന വോയിസ് ക്ലിപ്പ് നിങ്ങള്‍ കേള്‍പ്പിച്ചു.ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. എല്ലാം ദൈവത്തിന് സമര്‍പ്പിക്കുന്നു. ഞാന്‍ ജീവിക്കുന്നത് സത്യസന്ധമായിട്ടാണ്.

അതുകൊണ്ട് ഇതൊന്നും കേട്ടാല്‍ ഞാന്‍ പേടിക്കില്ല. എനിക്ക് അവനോട് ഒരു പിണക്കവുമില്ല. പക്ഷേ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സംഘടനകളാണ്. സംഘടനകള്‍ എടുക്കുന്ന തീരുമാനത്തിനൊപ്പമാണ് ഞാന്‍ ” ജോബിജോര്‍ജ് പറഞ്ഞു.

ഷെയ്ന്‍ ക്ഷമ പറഞ്ഞെങ്കില്‍ ഷെയ്‌നിന് പക്വത എത്തിത്തുടങ്ങി എന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ഷെയ്ന്‍ ഉയരങ്ങളിലെത്താന്‍ പ്രാര്‍ഥിക്കുമെന്നും ആരെയും പിന്നില്‍ നിന്ന് കുത്തരുതെന്നും ജോബിജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ഷെയിന്‍ നിഗം രംഗത്തെത്തിയിരുന്നു. താന്‍ മൂലം വേദനിച്ച എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്നാണ് ഷെയ്ന്‍ പറഞ്ഞത്. മനപൂര്‍വ്വം ആരെയും വേദനിപ്പിക്കാന്‍ താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും ഷെയിന്‍ വ്യക്തമാക്കി. ഫ്ളവേഴ്സ് കോമഡി ഉത്സവത്തിന്റേ വേദിയില്‍ വെച്ചായിരുന്നു ഷെയിന്‍ ഇക്കാര്യം പറഞ്ഞത്.