പാലക്കാട്: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യയാണെന്നും നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെതിരെ തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയുള്ള സി.ബി.ഐ കുറ്റപത്രത്തിനെതിരെ ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത്. ജിഷ്ണുവിനോട് പ്രതികാരമുണ്ടായിരുന്ന ഏക വ്യക്തി കൃഷ്ണദാസാണ്. ശക്തിവേലിനെയും പി.പി പ്രവീണിനെയും ആയുധങ്ങളാക്കി ഉപയോഗിച്ച കൃഷ്ണദാസിനെ തെളിവില്ലെന്ന് പറഞ്ഞ് വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ശ്രീജിത്ത് പറഞ്ഞു.
ശ്രീജിത്തിന്റെ വാക്കുകള്‍
ജിഷ്ണുവിനെതിരെ ഉപയോഗിച്ച ആയുധം മാത്രമാണ് ഇപ്പോള്‍ സി.ബി.ഐ കണ്ടെത്തിയത്. ജിഷ്ണുവിന് എതിരെ ഉപയോഗിച്ച ആയുധങ്ങളാണ് എന്‍. ശക്തിവേലും പി.പി പ്രവീണും. ഇവരെ ഉപയോഗിച്ച ആളെ തെളിവില്ലെന്ന് പറഞ്ഞ് വിട്ടയച്ചതിനെതിരെ നീതിന്യായ വ്യവസ്ഥയുടെ അങ്ങേയറ്റം വരെ പോവും.
സുപ്രീംകോടതിയാണ് ഈ കേസ് സി.ബി.ഐയെ ഏല്‍പ്പിച്ചത്. സി.ബി.ഐയുടെ അന്വേഷണത്തില്‍ പിഴവുണ്ടായിട്ടുണ്ട്. വേണ്ടത്ര രീതിയില്‍ അന്വേഷണം നടത്താനോ വ്യക്തമായ മൊഴി രേഖപ്പെടുത്താനോ സി.ബി.ഐ ശ്രമിച്ചിട്ടില്ല എന്ന് ഞങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കും.
ഞങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള തെളിവുകള്‍ കൈമാറാനായി നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഒറ്റത്തവണ മാത്രമാണ് ജിഷ്ണുവിന്റെ അമ്മയെയും അച്ഛനെയും ഉള്‍പ്പെടെയുള്ളവരെ സി.ബി.ഐ വന്ന് കണ്ടിട്ടുള്ളത്. മുഴുവന്‍ വിവരങ്ങളും ഫോണിലൂടെയും അറിയിക്കാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ സഹകരിച്ചില്ല.
ജിഷ്ണുവിനോട് പ്രതികാരമുണ്ടായിരുന്ന ഏക വ്യക്തി കൃഷ്ണദാസാണ്. കൃഷ്ണദാസിന്റെ കോളേജിലെ കൊള്ളരുതയ്മക്കെതിരെ ശബ്ദമുയര്‍ത്തി എന്ന കുറ്റമാണ് ജിഷ്ണു ചെയ്തിട്ടുള്ളത്. കൃഷ്ണദാസിന്റെ അറിവില്ലാതെ ഇങ്ങനെയൊരു സംഭവം നടക്കില്ല.
അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ പോലും സാക്ഷികളെ ഭീഷണിപ്പെടുത്തുകയും പരീക്ഷയില്‍ ബോധപൂര്‍വ്വം തോല്‍പ്പിക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കേസിലെ സാക്ഷികളായ രണ്ട് വിദ്യാര്‍ത്ഥികളെ കൃഷ്ണദാസ് നിരന്തരം വേട്ടയാടിയ സംഭവം ഞങ്ങളും ഈ വിദ്യാര്‍ത്ഥികളും സി.ബി.ഐ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളടക്കം കുറ്റപത്രത്തില്‍ ഉണ്ടോയെന്ന് ഞങ്ങള്‍ പരിശോധിക്കുകയും സുപ്രീംകോടതിയെ ധരിപ്പിക്കുകയും ചെയ്യും.