2018 എന്ന ചിത്രം വളരെ വൈകാരിക നിമിഷങ്ങൾ സമ്മാനിച്ചതാണ്. കുട്ടികളും വലിയവരുമായ താരങ്ങൾ പ്രേക്ഷകരെ കരയിച്ചു. 2018 ൽ അഭിനയിച്ച എല്ലാവരും തന്നെ സൂപ്പർ ഹീറോകളാണ്. ചിത്രത്തിൽ തന്റെ മകന്റെ വേഷം ചെയ്ത പ്രണവ് ബിനു എന്ന കൊച്ച് താരത്തെക്കുറിച്ച് പറയുകയാണ് ജിലു ജോസഫ്.
ചിത്രത്തിൽ പ്രണവ് കരയുന്ന രംഗം കണ്ടിട്ട് തനിക്ക് കരച്ചിൽ വന്നെന്നും കരയല്ലേയെന്ന് പറയാൻ തോന്നിയെന്നും ജിലു പറഞ്ഞു. നടൻ സുധീഷിന്റെ മികച്ച അഭിനയം മുഖത്ത് ഭാവങ്ങൾ വരുത്താൻ തന്നെ സഹായിച്ചെന്ന് ജിലു പറഞ്ഞു. ബിഹൈൻഡ് വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. അഭിമുഖത്തിൽ പ്രണവും പങ്കെടുത്തു.
‘പ്രണവിന്റെയും സുധീഷ് ചേട്ടന്റെയും പെർഫോമൻസ് വളരെ മികച്ചതായിരുന്നു. ഇവരുടെ മുഖത്തേക്ക് നോക്കുമ്പോൾ തന്നെ നമുക്ക് കരച്ചിൽ വരും. ഇവന്റെ കരച്ചിൽ കണ്ടിട്ട് ‘മോനെ നീ കരയല്ലേ’ എന്ന് പറയാൻ തോന്നിയിട്ടുണ്ട്. നിഷ്‍കളങ്കത സുധീഷ് ചേട്ടന്റെ മുഖത്ത് തന്നെ എഴുതി വെച്ചിട്ടുണ്ട്. പുള്ളീടെ നിഷ്കളങ്കത കണ്ടിട്ട് സ്വാഭാവികമായും നമ്മുടെ മുഖത്ത് എക്സ്പ്രഷൻ വരും.
ഷൂട്ടിങ് തുടങ്ങി കുറെ കഴിഞ്ഞാണ് ഈ സിനിമയിൽ കുറെ ആളുകൾ ഉണ്ടെന്നും ധാരാളം ആളുകളുടെ ജീവിതങ്ങൾ കാണിക്കുന്നുണ്ടെന്നും മനസിലാക്കിയത്. അതുകൊണ്ട് എനിക്ക് ഇവരുടെ കൂടെ പിടിച്ചുനിൽക്കാൻ പറ്റിയാൽ മതിയായിരുന്നു എന്ന ഒരേയൊരു ആഗ്രഹം മാത്രമാണ് ഉണ്ടായിരുന്നത്. അതിന്റെ ക്രെഡിറ്റ് സംവിധായകനുള്ളതാണ്,’ ജിലു പറഞ്ഞു.
അഭിമുഖത്തിൽ ഭിന്നശേഷിയുള്ള കുട്ടികളെപ്പറ്റി തനിക്ക് നേരത്തെ അറിയാമായിരുന്നെന്നും അവരുടെ രീതികൾ നേരിട്ട് കണ്ടിട്ടുള്ളതുകൊണ്ട് സിനിമയിൽ അതിനെ അവതരിപ്പിക്കാൻ കഴിഞ്ഞെന്നും പ്രണവ് പറഞ്ഞു.
‘എന്റെ ചെറുപ്പത്തിൽ ഞാനും അച്ഛനും കൂടി ഭിന്നശേഷിക്കാരായ കുട്ടികളെ കാണാൻ ഒരു സ്കൂളിൽ ഇടക്കൊക്കെ പോകാറുണ്ടായിരുന്നു. അവർ സാധാരണ കുട്ടികളിൽ നിന്നും വളരെ വ്യത്യസ്തമായിട്ട് പെരുമാറുന്നതെന്താണെന്ന് ഞാൻ അച്ഛനോട് ചോദിച്ചിട്ടുണ്ട്. അവർ നമ്മളെപ്പോലെ തന്നെയാണെന്നും പക്ഷെ അവർ വളരെ വ്യത്യസ്തമായിട്ടാണ് എല്ലാം പഠിക്കുന്നതെന്നുമാണ് അച്ഛൻ അന്ന് എനിക്ക് പറഞ്ഞ് തന്നത്. അതെന്റെ ഓർമയിൽ തങ്ങി നിന്നിരുന്നു. അതുകൊണ്ട് അന്ന് കണ്ട അവരുടെ പെരുമാറ്റം ഓർത്ത് ചെയ്തതാണ്,’ പ്രണവ് പറഞ്ഞു.