Dalit Movement
'ലൗജിഹാദല്ല, സാഹോദര്യമാണ് ഞങ്ങളുടെ വഴി'; വര്‍ഗ്ഗീയത ഭിന്നിപ്പിക്കുന്ന ജനതയെ തുന്നിച്ചേര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജിഗ്നേഷ് മേവാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jan 09, 02:33 pm
Tuesday, 9th January 2018, 8:03 pm

ന്യൂദല്‍ഹി: ഞങ്ങള്‍ ഇന്ത്യയുടെ നിയമവ്യവസ്ഥയില്‍ മാത്രമാണ് വിശ്വസിക്കുന്നത്. ലൗ ജിഹാദല്ല, പ്രണയത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതിനിധികളാണ് ഞങ്ങള്‍. ഫെബ്രുവരി 14 ന് പ്രണയദിനം ആഘോഷിക്കുമെന്നും ദല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധ റാലിയില്‍ ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനി പറഞ്ഞു.

മോദിസര്‍ക്കാര്‍ തന്നെയും തന്റെ പിന്‍തുടര്‍ച്ചക്കാരെയും ലക്ഷ്യമിട്ടിരിക്കുകയാണ്. അതുകൊണ്ടാണ് പൂനെ സംഘര്‍ഷത്തിന്റെ പേരില്‍ കേസെടുത്തത്. അഴിമതി, ദാരിദ്രം, തൊഴിലില്ലായ്മ, എന്നിങ്ങനെ രാജ്യത്ത് നടക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളെ അവഗണിക്കുന്ന രീതിയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. അടിസ്ഥാനപ്രശ്‌നങ്ങളെ അവഗണിച്ച് പകരം ലൗ ജിഹാദിനും, ഘര്‍വാപസിക്കും ഇടം നല്‍കുകയാണ് മോദി സര്‍ക്കാര്‍.

വിഘടന-വര്‍ഗ്ഗീയശക്തികളാല്‍ ഭിന്നിപ്പിച്ചുപോകുന്ന ഇന്ത്യന്‍ ജനതയെ ഒന്നായി നിലനിര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്ന് മേവാനി പറഞ്ഞു.സ്‌നേഹത്തിന്റെ ഭാഷയാണ് ഞങ്ങള്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ സംഘപരിവാര്‍ശക്തികളുടെ പ്രധാനലക്ഷ്യം ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയെന്നതുതന്നെയാണ്.

ഇന്ത്യന്‍ ഭരണഘടനയുടെയും മനുസ്മൃതിയുടെയും കോപ്പികള്‍ നല്‍കിയാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഏതായിരിക്കും സ്വീകരിക്കുകയെന്നും മേവാനി ചോദിച്ചു. നജിം, രോഹിത് വെമുല,ജി.എസ്.ടി പ്രതിഷേധങ്ങള്‍ നടന്നിട്ടും നടപടികള്‍ സ്വീകരിക്കാത്തതിന്റെ കാരണമെന്തെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരത്തില്‍ നിരവധി ചോദ്യങ്ങള്‍ പ്രധാനമന്ത്രിക്ക് നേരേ മുന്നോട്ട് വച്ചാണ് മേവാനി പ്രതിഷേധ ജാഥയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് യൂത്ത് ഹുങ്കാര്‍ എന്ന പേരില്‍ യുവജനങ്ങളുടെ പ്രതിഷേധ റാലി ആരംഭിച്ചത്. ഗുജറാത്ത് എം.എല്‍.എ ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി കുടാതെ ജെ.എന്‍.യു നേതാക്കളായ കനയ്യ കുമാര്‍, ഷെഹ്‌ല റാഷിദ്, ഉമര്‍ ഖാലിദ്, അസ്സം കര്‍ഷക നേതാവ് അഖില്‍ ഗോഗോയ്, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തിരുന്നു.

ദളിത് നേതാവായ ചന്ദ്രശേഖര്‍ ആസാദിനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. രാജ്യത്ത് തുടര്‍ന്നുവരുന്ന ദളിത്-ന്യൂനപക്ഷ ചൂഷണങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.