ഐ.പി.എല്ലിന് ശേഷം നടക്കുന്ന ടി-20 ലോകകപ്പിന്റെ ആവേശം കത്തിക്കയറുകയാണ്. ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ലോകകപ്പിനെ കുറിച്ചുള്ള ചര്‍ച്ചകളും ഐ.പി.എല്ലിനൊപ്പം തന്നെ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമാണ്.
ഇന്ത്യന്‍ താരങ്ങള്‍ക്ക് ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടണമെങ്കില്‍ ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തുകയാണ് ഏക പോംവഴി. ലോകകപ്പിന് മുമ്പ് ഇന്ത്യ മറ്റ് ടി-20 പരമ്പരകളോ സന്നാഹ മത്സരങ്ങളോ കളിക്കാത്തതിനാല്‍ ഐ.പി.എല്‍ തന്നെയായിരിക്കും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാനുള്ള മാനദണ്ഡം.
ജൂണ്‍ രണ്ടിനാണ് ക്രിക്കറ്റ് മാമാങ്കത്തിന് നാന്ദി കുറിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസും അമേരിക്കയുമാണ് ഇത്തവണ ലോകകപ്പിന് വേദിയാകുന്നത്. ഡാല്ലസില്‍ നടക്കുന്ന ഉദ്ഘാടന മത്സത്തില്‍ ആതിഥേയരായ അമേരിക്ക അമേരിക്കാസ് ക്വാളിഫയര്‍ ജയിച്ചെത്തിയ കാനഡയെ നേരിടും.
ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ജൂണ്‍ നാലിനാണ് ആദ്യ മത്സരത്തിനായി കളത്തിലിറങ്ങുന്നത്. ബാര്‍ബഡോസില്‍ നടക്കുന്ന മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡാണ് എതിരാളികള്‍.