ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് യേശുദാസ് എനിക്ക് വേണ്ടി പാടില്ലെന്ന് പറഞ്ഞത്: ജെറി അമല്‍ദേവ്
Entertainment
ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് യേശുദാസ് എനിക്ക് വേണ്ടി പാടില്ലെന്ന് പറഞ്ഞത്: ജെറി അമല്‍ദേവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd July 2024, 10:25 pm

മലയാളത്തിലെ മികച്ച സംഗീതസംവിധായകരുടെ പേരില്‍ പലരും വിട്ടുപോകുന്ന ഒരു പേരാണ് ജെറി അമല്‍ദേവ്. ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയാണ് ജെറി അമല്‍ദേവ് സിനിമാരംഗത്തേക്കെത്തുന്നത്. 44 വര്‍ഷത്തെ കരിയറില്‍ വെറും 25 ചിത്രങ്ങള്‍ക്ക് മാത്രമാണ് ജെറി സംഗീതം നല്‍കിയിട്ടുള്ളത്.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെയും, അപരാഹ്നത്തിലെയും സംഗീതത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ ജെറി അമല്‍ദേവ് ഇപ്പോള്‍ സിനിമാമേഖലയില്‍ അധികം സജീവമല്ല. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവാണ് ജെറി ഏറ്റവുമൊടുവില്‍ സംഗീതം നല്‍കിയ ചിത്രം.

മലയാളത്തിലെ എക്കാലത്തെയും മികച്ച ഗായകനായ യേശുദാസുമായുണ്ടായ വഴക്കിനെക്കുറിച്ച് സംസാരിക്കുകയാണ് ജെറി അമല്‍ദേവ്. വര്‍ഷങ്ങളോളം ജെറിക്ക് വേണ്ടി യേശുദാസ് പാടിയിരുന്നില്ല. എന്നാല്‍ ഈ വഴക്ക് വെറുമൊരു തെറ്റിദ്ധാരണയുടെ പുറത്ത് ഉണ്ടായതാണെന്ന് ജെറി പറഞ്ഞു. താന്‍ ഇന്‍ഡസ്ട്രിയിലെത്തുന്ന സമയത്ത് തന്നെ യേശുദാസ് ലെജന്‍ഡറി ഗായകനായിരുന്നുവെന്ന് ജെറി പറഞ്ഞു.

എന്നാല്‍ യേശുദാസിന് സ്ത്രീകളുടെ ശബ്ദമാണെന്ന് താന്‍ പറഞ്ഞുവെന്ന് ആരോ യേശുദാസിനെ തെറ്റിദ്ധരിപ്പിച്ചെന്നും അദ്ദേഹം സത്യാവസ്ഥ മനസിലാക്കാതെ തനിക്ക് വേണ്ടി പാടാതായി എന്നും ജെറി പറഞ്ഞു. ഒടുവില്‍ നവോദയ അപ്പച്ചന്‍ ഇടപെട്ടാണ് തങ്ങളുടെ വഴക്ക് പരിഹരിച്ചതെന്നും ജെറി കൂട്ടിച്ചേര്‍ത്തു. ഓണ്‍ലുക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ജെറി അമല്‍ദേവ് ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വന്ന സമയത്ത് തന്നെ യേശുദാസ് ലെജന്‍ഡറി ഗായകനാണ്. അദ്ദേഹത്തെപ്പോലൊരു ഗായകന്‍ വേറെ എവിടെയും ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള ഒരാളോട് എനിക്ക് എപ്പോഴും ബഹുമാനം മാത്രമേയുള്ളൂ. ഞങ്ങള്‍ നല്ല സൗഹൃദത്തിലായിരുന്നു. എന്നാല്‍ ഞങ്ങളുടെ സൗഹൃദം ഇഷ്ടപ്പെടാത്ത ആരൊക്കെയോ ഉണ്ടായിരുന്നു. അവരാണ് പ്രശ്‌നമുണ്ടാക്കിയത്.

ഏതോ ഒരു മരക്കോന്തന്‍ യേശുദാസിന്റെയടുത്ത് പോയിട്ട് ‘യേശുദാസിന് സ്ത്രീകളുടെ ശബ്ദമാണെന്ന് ജെറി പറഞ്ഞു’ എന്ന് വിശ്വസിപ്പിച്ചു. ഇത് കേട്ടിട്ട് സത്യാവസ്ഥ അന്വേഷിക്കാതെ ഇനി എനിക്ക് വേണ്ടി പാടില്ല എന്ന് യേശുദാസ് തീരുമാനിച്ചു. വര്‍ഷങ്ങളോളം ആ വഴക്ക് ഉണ്ടായിരുന്നു. ഒടുവില്‍ നവോദയ അപ്പച്ചന്‍ ഇടപെട്ടാണ് ഞങ്ങള്‍ തമ്മിലുള്ള വഴക്ക് തീര്‍ത്തത്. എന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയത് യേശുദാസാണ്,’ ജെറി അമല്‍ദേവ് പറഞ്ഞു.

Content Highlight: Jerry Amaldev about the issues happened with Yesudas