Entertainment news
പ്രഭാസ് - മോഹന്‍ലാല്‍ ചിത്രങ്ങള്‍ ക്ലാഷ് റിലീസിനെത്തുമ്പോള്‍; പ്രതികരിച്ച് ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 13, 03:07 pm
Wednesday, 13th December 2023, 8:37 pm

മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നേര്. സുപ്രധാനമായ കേസിന്റെ പശ്ചാത്തലത്തിലുള്ള ഒരു കോര്‍ട്ട് റൂം ഡ്രാമയാണ് ചിത്രം.

ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത്. ഡിസംബര്‍ 21നാണ് നേര് റിലീസ് ചെയ്യുന്നത്.

അതേസമയം, പ്രഭാസ് ചിത്രം സലാര്‍ ഡിസംബര്‍ 22നാണ് തിയേറ്ററില്‍ റിലീസിനെത്തുന്നത്. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ പ്രഭാസിനൊപ്പം പൃഥ്വിരാജും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പ്രഭാസ് ചിത്രത്തിനൊപ്പം തന്റെ ചിത്രം ക്ലാഷ് റിലീസിനെത്തുന്നതിനെ എങ്ങനെയാണ് കാണുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. നേരിന്റെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സലാര്‍ വളരെ വ്യത്യസ്തമായ ഒരു സിനിമയാണ്. ആക്ഷന്‍ മൂവിയാണ് അത്. നിങ്ങള്‍ക്ക് ആ സിനിമ പോയി കാണാം, അതിന് ശേഷം നേര് സിനിമ കണ്ടാല്‍ മതി.

നമ്മളുടെ സിനിമയില്‍ അങ്ങനെ ആക്ഷന്‍ ഒന്നുമില്ല. ഒരു ഫാമിലി ഇമോഷന്‍ സിനിമയൊക്കെ ഇഷ്ടപെടുന്നവര്‍ക്ക് കാണാന്‍ കഴിയുന്ന സിനിമയാണ് നേര്.

ഞാന്‍ ചെയ്യുന്ന സിനിമയൊക്കെ അങ്ങനെയുള്ളതാണ്. ഫാമിലി ഓറിയന്റഡ് സിനിമയാണ് ഇത്. എന്നുകരുതി ചെറുപ്പക്കാര്‍ കാണരുത് എന്നല്ല. ഈ സിനിമ അവര്‍ക്കും കാണാം.

അത് അവരുടെ ചോയ്‌സാണ്. ഞാന്‍ എവിടെയോ ആരോ എഴുതിയത് കണ്ടു, മോര്‍ണിങ് ഷോ സലാര്‍ കാണാന്‍ പോകാം. എന്നിട്ട് ഉച്ചക്ക് ശേഷം നേര് കാണാമെന്ന്. അത് അയാള്‍ തീരുമാനിച്ചു കഴിഞ്ഞു. അയാളുടെ ചോയ്‌സാണ് അതൊക്കെ,’ ജീത്തു ജോസഫ് പറഞ്ഞു.

മോഹന്‍ലാല്‍, പ്രിയ മണി എന്നിവരാണ് നേര് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹനായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്.

മോഹന്‍ലാലിനും പ്രിയ മണിക്കും പുറമെ ജഗദീഷ്, സിദ്ധീഖ്, അനശ്വര രാജ്, ശാന്തി മായാദേവി, ഗണേഷ് കുമാര്‍ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

അതേസമയം, സലാറില്‍ പ്രഭാസിനും പൃഥ്വിരാജിനും പുറമെ ശ്രുതി ഹാസന്‍, ജഗപതി ബാബു, ഈശ്വരി റാവു, ബോബി സിംഹ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രവി ബസ്രുര്‍ സംഗീതവും ഭുവന്‍ ഗൗഡ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

Content Highlight: Jeethu Joseph Talks About Neru And Salaar Movie