national news
ബീഹാറില്‍ മഹാസഖ്യം പിളരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയെന്ന് ജെ.ഡി.യുവിന്റെ താക്കീത്; 17 ഭരണകക്ഷി എം.എല്‍.എമാര്‍ വിളിക്കപ്പുറത്തെന്ന് ആര്‍.ജെ.ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 15, 09:19 am
Friday, 15th January 2021, 2:49 pm

പട്‌ന: ബീഹാറില്‍ പരസ്പരം വെല്ലുവിളിച്ച് ജെ.ഡി.യുവും ആര്‍.ജെ.ഡിയും. ദിവസങ്ങള്‍ക്കുള്ളില്‍ ആര്‍.ജെ.ഡിക്കും മഹാസഖ്യത്തിനും ഇടയില്‍ പിളര്‍പ്പുണ്ടാകുമെന്നാണ് ജെ.ഡി.യു ഉറപ്പിച്ച് പറയുന്നത്. അതേസമയം, ജെ.ഡി.യുവിനെ വെല്ലുവിളിച്ച് ആര്‍.ജെ.ഡിയും രംഗത്തെത്തിയിട്ടുണ്ട്.

ആര്‍.ജെ.ഡിക്കും മഹാസഖ്യത്തിനും ഇടയില്‍ പിളര്‍പ്പുണ്ടാകുമെന്നാണ് ജെ.ഡി.യു നേതാവ് ഉമേഷ് കുശ് വാഹ അവകാശപ്പെടുന്നത്. എന്നാല്‍ ജനുവരി 14 ന് ശേഷം ആര്‍.ജെ.ഡിയിലേക്ക് മാറാന്‍ ഭരണകക്ഷിയുടെ 17 എം.എല്‍.എമാര്‍ തന്നോടൊപ്പം ഉണ്ടെന്നാണ് ആര്‍.ജെ.ഡി ശ്യാം രാജക് അവകാശപ്പെടുന്നത്.

ആര്‍.ജെ.ഡിയില്‍ ഒരുതരത്തിലുള്ള പ്രശ്‌നവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് മുതിര്‍ന്ന ആര്‍.ജെ.ഡി വക്താവ് മൃതുഞ്ജയ് തിവാരി പറഞ്ഞു. ഭരണ സഖ്യത്തില്‍ നിന്നുള്ള പലരും പുറത്തുചാടാന്‍ ആഗ്രഹിക്കുന്നുവെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.

ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറും ബി.ജെ.പിയും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന വാദങ്ങള്‍ ശക്തിപ്പെടുമ്പോഴാണ് ആര്‍.ജെ.ഡിക്കെതിരെ ജെ.ഡി.യു രംഗത്തെത്തിയത്.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ വിജയിച്ചെങ്കിലും ജെ.ഡി.യുവിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. മുഖ്യമന്ത്രിസ്ഥാനം ബി.ജെ.പി നിതീഷ് കുമാറിന് നല്‍കിയെങ്കിലും കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു അദ്ദേഹം. പിന്നീട് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ തനിക്ക് താല്പര്യം ഇല്ലായിരുന്നെന്നും ആര്‍ക്ക് വേണമെങ്കിലും ആ സ്ഥാനത്തേക്ക് വരാമെന്നും നിതീഷ് കുമാര്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: JD-U to RJD: Cross-defection fears drive Bihar’s political parties into a frenzy