കൊച്ചി: ഈ വര്‍ഷത്തെ സംസ്ഥാന തിരുവോണം ബമ്പര്‍ ലോട്ടറിയടിച്ച കൊച്ചി മരട് സ്വദേശി ജയപാലന് ഭീഷണിക്കത്ത്. 15 ദിവസത്തിനകം 65 ലക്ഷം രൂപ നല്‍കണമെന്നും അല്ലെങ്കില്‍ ലോട്ടറിയടിച്ച തുക അനുഭവിക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണിക്കത്തില്‍ പറയുന്നു.
പണം നല്‍കിയില്ലെങ്കില്‍ ക്വട്ടേഷന്‍ നല്‍കി അപായപ്പെടുത്തുമെന്നാണ് കത്തില്‍ പറയുന്നത്. തൃശൂര്‍ ചേലക്കര പിന്‍കോഡില്‍ നിന്ന് ലഭിച്ച കത്ത് കണ്ണൂര്‍ ശൈലിയിലാണ്. പോപ്പുലര്‍ ഫ്രണ്ട് കേരള, കണ്ണൂര്‍ എന്നെഴുതിയാണ് ഭീഷണിക്കത്ത് ആരംഭിക്കുന്നത്.
കത്ത് കിട്ടിയ കാര്യം വേറെയാരും അറിയരുതെന്നും പറയുന്നുണ്ട്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും കത്തില്‍ നല്‍കിയിട്ടുണ്ട്. ജീവിതം വഴിമുട്ടിയ 70കാരനും ഭാര്യക്കും സ്ഥലം വാങ്ങാനാണ് പണമെന്നും കത്തില്‍ പറയുന്നു.
സംഭവത്തില്‍ ജയപാലന്‍ മരട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ജൂലൈ 22ന് ആയിരുന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തിരുവോണം ബംബര്‍ ഭാഗ്യക്കുറി 2021 ടിക്കറ്റ് പ്രകാശനം ചെയ്തത്. 300 രൂപയായിരുന്നു ടിക്കറ്റ് വില.
റെക്കോര്‍ഡ് വില്‍പ്പനയാണ് ഈ വര്‍ഷം ടിക്കറ്റ് വില്‍പ്പനയില്‍ ഉണ്ടായത്. അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 44 ലക്ഷം ടിക്കറ്റുകള്‍ ആണ് വിറ്റുപോയത്.