രാജ്യസഭയിൽ ജയാബച്ചനും ജഗദീപ് ധൻകറും തമ്മിൽ വാക്ക് തർക്കം; പ്രതിപക്ഷം ഇറങ്ങി പോയി
NATIONALNEWS
രാജ്യസഭയിൽ ജയാബച്ചനും ജഗദീപ് ധൻകറും തമ്മിൽ വാക്ക് തർക്കം; പ്രതിപക്ഷം ഇറങ്ങി പോയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th August 2024, 4:59 pm

ന്യൂദൽഹി: രാജ്യസഭയിൽ സ്പീക്കർ ജഗദീപ് ധൻകറും ബോളിവുഡ് നടിയും സമാജ്‌വാദി പാർട്ടി എം.പിയുമായ ജയാ ബച്ചനും തമ്മിൽ വാക്‌പോര്. ഇരുവരും പരസ്പരം രൂക്ഷമായി വിമർശിച്ചു. ഒടുവിൽ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

സഭയിൽ സംസാരിക്കാൻ ജയാ ബച്ചനെ ക്ഷണിച്ച സ്പീക്കർ ജയാ അമിതാബ് ബച്ചൻ എന്ന ചേർത്ത് വിളിക്കുകയായിരുന്നു. ഇത് എം.പിയെ ചൊടിപ്പിച്ചു. തന്നോടും മറ്റ് പ്രതിപക്ഷ അംഗങ്ങളോടും അസ്വീകാര്യമായ രീതിയിലാണ് സ്പീക്കർ സംസാരിച്ചതെന്നും അത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ജയാ ബച്ചൻ വിമർശിച്ചു. എന്നാൽ ജയാബച്ചന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായി സ്പീക്കർ പ്രതികരിക്കുകയായിരുന്നു.

‘ജയാ ബച്ചൻ ജീ നിങ്ങൾ ഒരു സെലിബ്രറ്റി ആയിരിക്കാം അത് എനിക്ക് പ്രശനമല്ല. നിങ്ങൾ സഭയുടെ മര്യാദകൾ പാലിക്കൂ ആദ്യം,’ അദ്ദേഹം നീരസത്തോടെ പ്രതികരിച്ചു.

തന്നെ ജയാ അമിതാഭ് ബച്ചൻ എന്ന സംബോധന ചെയ്യുന്നതിൽ ജയാ ബച്ചൻ ഇതിന് മുൻപും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ‘ഞാനൊരു കലാകാരിയാണ്. നിങ്ങളുടെ സംസാര ശൈലി ശരിയല്ല. നമ്മൾ എല്ലാവരും സഹപ്രവർത്തകരാണ്. നിങ്ങൾ സ്പീക്കറുടെ സീറ്റിൽ ആണ് എന്നത് മാത്രമാണ് വ്യത്യാസം,’ അവർ പറഞ്ഞു.

എന്നാൽ ഇത് സ്കൂൾ അല്ലെന്ന് വിമർശിച്ച് കൊണ്ട് സ്പീക്കർ പ്രതികരിച്ചു. ‘ഇതൊരു സ്കൂൾ അല്ല. എന്നും നിങ്ങൾക്ക് സ്കൂൾ വിദ്യാഭ്യാസം നൽകാൻ സാധിക്കില്ല. നിങ്ങൾ ഒരു സെലിബ്രറ്റി ആകാം എന്നാൽ മാന്യമായി പെരുമാറുക,’ അദ്ദേഹം പറഞ്ഞു.

പിന്നാലെ പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് വാക് ഔട്ട് ചെയ്യുകയായിരുന്നു.

വാക് ഔട്ടിന് ശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിച്ച ജയാ ബച്ചൻ തനിക്ക് ഏറെ അപമാനകരാമായ അനുഭവമാണ് ഉണ്ടായതെന്ന് പറഞ്ഞു.

Content Highlight: Jaya Bachan vs Jagdeep Dhankhar again; Opposition, led by Sonia Gandhi, walks out of Rajya Sabha