ഓസ്ട്രേലിയയില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ജസ്പ്രീത് ബുംറ പുറത്തായത് ആരാധകരെ വലിയ നിരാശരാക്കിയിരുന്നു. പരിക്ക് മൂലം സൂപ്പര്‍ താരം ടീമിലില്ലാതായത് ഇന്ത്യക്ക് തിരിച്ചടിയാവും.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്ക് മുമ്പ് നടന്ന പരിശീലനത്തില്‍ വെച്ചാണ് ബുംറക്ക് പരിക്കേറ്റത്. പുറത്തിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമിക്കണമെന്ന നിര്‍ദേശമാണ് മെഡിക്കല്‍ സംഘം ബുംറക്ക് നല്‍കിയത്.
ബുംറ ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഐ.പി.എല്ലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന ബുംറ ലോകകപ്പിന്റെ സമയത്ത് സ്ഥിരമായി പരിക്കിന്റെ പിടിയിലാവുന്നതാണ് ട്രോളുകളുണ്ടായിരുന്നത്.
‘കുരക്കുന്ന എല്ലാ പട്ടിയേയും കല്ലെറിയാന്‍ തുനിഞ്ഞാല്‍ നിങ്ങള്‍ ഒരിക്കലും നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തില്ല,’ എന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ വാക്കുകളാണ് ബുംറ പങ്കുവെച്ചിരിക്കുന്നത്.
തന്നെ വിമര്‍ശിക്കുകയും ഇന്ത്യന്‍ ടീമിനോടുള്ള പ്രതിബദ്ധതയെ ചോദ്യം ചെയ്യുകയും ചെയ്തവര്‍ക്കെല്ലാമുള്ള അടിയായിട്ടാണ് ബുംറ ഈ പോസ്റ്റര്‍ പങ്കുവെച്ചതെന്നാണ് ആരാധകര്‍ പറയുന്നത്.
‘ബുംറയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം സ്റ്റോറി വളരെയധികം സംസാരിക്കുന്നു’ എന്ന് പറഞ്ഞാണ് പ്രമുഖ സ്‌പോര്‍ട്‌സ് സൈറ്റായ സ്‌പോര്‍ട്‌സ് കീഡ സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്.
അതേസമയം, ടി20 ലോകകപ്പില്‍ ബുംറക്ക് പകരക്കാരനായി ദീപക് ചഹറോ മുഹമ്മദ് ഷമിയോ മുഹമ്മദ് സിറാജോ ടീമിലിടം പിടിക്കാനാണ് സാധ്യത. ഒക്ടോബര്‍ 23ന് മെല്‍ബണില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാനെയാണ് ഇന്ത്യ നേരിടുന്നത്.