Advertisement
Football
ജപ്പാന്‍-സ്‌പെയ്ന്‍ മത്സരം നിര്‍ണായകം; കോസ്റ്റാറിക്കയോട് ജയിച്ചാലും ഗ്രൂപ്പ് കടക്കാന്‍ ജര്‍മനി പാടുപെടും
സ്പോര്‍ട്സ് ഡെസ്‌ക്
2022 Nov 27, 10:19 pm
Monday, 28th November 2022, 3:49 am

ലോകകപ്പില്‍ ഗ്രൂപ്പ് ഇയിലെ സൂപ്പര്‍ പോരാട്ടമെന്ന് വിശേഷിപ്പിച്ച ജര്‍മനി- സ്‌പെയ്ന്‍ മത്സരം സമനിലയില്‍ അവസാനിച്ചിരിക്കുകയാണ്. ഈ സമനിലയോടെ ആദ്യ മത്സരത്തില്‍ ജപ്പാനോട് അട്ടിമറി തോല്‍വി വഴങ്ങിയ ജര്‍മനി പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി.

സമനില വഴങ്ങിയെങ്കിലും സ്‌പെയ്ന്‍ തന്നെയാണ് ഗ്രൂപ്പ് ഇയില്‍ ഒന്നാമത്. രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റാണുള്ളത്. ഒരു വിജയവും ഒരു തോല്‍വിയുമുള്ള ജപ്പാന്‍ രണ്ടാമതാണ്. ഇതേ പോയിന്റുള്ള കോസ്റ്റാറിക്ക ഗോള്‍ ശരാശരിയുടെ കണക്കനുസരിച്ച് മൂന്നാമതാണ്. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ജര്‍മനി ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്. ഒരു പോയിന്റാണ് ജര്‍മനിക്കുള്ളത്. അടുത്ത മത്സരം തോറ്റാലോ സമനിലയായാലോ ജര്‍മനി പുറത്താകും.

അടുത്ത മത്സരത്തില്‍ വിജയിച്ചാലും ജപ്പാന്‍- സ്‌പെയ്ന്‍ മത്സരത്തിന്റെ ഫലവും ജര്‍മനിയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തെ സ്വാധീനിക്കും. കോസ്റ്റാറിക്കയുമായാണ് ജര്‍മനിയുടെ അവസാന മത്സരം.

അതേസമയം, വാശിയേറിയ സ്‌പെയ്ന്‍- ജര്‍മനി പോരാട്ടം 1-1നാണ് അവസാനിച്ചത്. 62ാം മിനിട്ടില്‍ ആല്‍വാരോ മൊറാട്ടയുടെ ഗോളില്‍ സ്പെയ്‌നാണ് ആദ്യം മുന്നിലെത്തിയത്. ഇടതുവിങ്ങില്‍ നിന്ന് ജോഡി ആല്‍ബ നല്‍കിയ പാസ് മൊറാട്ട വലയിലെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് 83ാം മിനിട്ടില്‍ നിക്ലാസ് ഫുള്‍ക്രഗ് ജര്‍മനിയെ തോല്‍വിയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. മുസിയാലയുടെ അസിസ്റ്റില്‍ പന്തുമായി വലതുവിങ്ങിലൂടെ വന്ന ഫുള്‍ക്രഗ് ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ തോല്‍വിയുറപ്പിച്ചയിടത്തു നിന്നാണ് അവസാന മിനിട്ടുകളില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് ജര്‍മനി സമനില പിടിച്ചെടുത്തത്.