Entertainment news
താടി വെക്കാന്‍ പാടില്ലാത്ത കോളേജിലാണ് ഞാന്‍ പഠിച്ചത്; ഒരിക്കലും സിനിമയില്‍ ഒരു പ്രൈവറ്റ് കോളേജ് കൊണ്ടുവരില്ല, ക്യാമ്പസ് എന്നാല്‍ സര്‍ക്കാര്‍ കോളേജാണ്: ജന ഗണ മന തിരക്കഥാകൃത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 28, 05:51 am
Thursday, 28th April 2022, 11:21 am

സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ്, മംമ്ത മോഹന്‍ദാസ്, ശാരി, വിന്‍സി അലോഷ്യസ്, ധ്രുവന്‍ എന്നിവരെ അണിനിരത്തി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മന ഏപ്രില്‍ 28 വ്യാഴാഴ്ച റിലീസ് ചെയ്തിരിക്കുകയാണ്.

ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യചിത്രം ക്വീനിന്റെ തിരക്കഥാകൃത്ത് കൂടിയായ ഷാരിസ് മുഹമ്മദ് തന്നെയാണ് ജന ഗണ മനയുടെയും തിരക്കഥ രചിച്ചിരിക്കുന്നത്. അധ്യാപകന്‍ കൂടിയാണ് ഷാരിസ്.

തന്റെ കോളേജ് പഠനകാലത്തെ കുറിച്ചും താന്‍ എഴുതുന്ന സിനിമകളില്‍ കോളേജിനെക്കുറിച്ച് എഴുതുന്നതിനെക്കുറിച്ചും സംസാരിക്കുകയാണ് മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷാരിസ്.

ക്യാംപസുകളെ പറ്റി പറയുമ്പോള്‍ ഷാരിസ് ഭയങ്കര സന്തോഷവാനാണല്ലോ, കോളേജ് കാലത്തെ ഓര്‍മകള്‍ നന്നായി ഓര്‍ത്തുവെച്ച് അതെല്ലാം സിനിമകളില്‍ കൊണ്ടുവരുന്നുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം.

”നേരെ തിരിച്ചാണ്. താടി വെക്കാന്‍ പാടില്ലാത്ത ഒരു പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജിലാണ് ഞാന്‍ പഠിച്ചത്. അതുകൊണ്ടാണ് ഞാന്‍ പഠിപ്പിക്കുന്ന കോളേജില്‍ ചെല്ലുമ്പോള്‍ എനിക്ക് വിഷമം തോന്നുന്നത്. കാരണം, നമ്മള്‍ അങ്ങനത്തെ ഒരു ക്യാമ്പസില്‍ അല്ലല്ലോ പഠിച്ചത്.

ഇവിടെ ഇഷ്ടമുള്ള ഡ്രസ് ഇടാം. നമ്മള്‍ ഈ യൂണിഫോമുമിട്ടൊക്കെയാണ് പഠിച്ചത്. പഠിച്ച കോളേജിന്റെ പേര് ഞാന്‍ പറയുന്നില്ല. പറഞ്ഞാല്‍ ഞാന്‍ വല്ലാണ്ട് അധികം പറഞ്ഞുപോകും.

വേറെ കോളേജുകളില്‍ പോകുമ്പോള്‍, അവിടത്തെ വൈബ് കണ്ടിട്ട്, നമുക്ക് ഒരേസമയം സന്തോഷവും വിഷമവും ഒക്കെ തോന്നും. അതാണ് ലൈഫ്,” ഷാരിസ് പറഞ്ഞു.

അങ്ങനെയുള്ള ആഗ്രഹങ്ങളാണോ ക്വീന്‍ സിനിമയില്‍ കൊണ്ടുവന്നത്, എന്ന ചോദ്യത്തിനും ഷാരിസ് മറുപടി പറയുന്നുണ്ട്.

ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തൊരിക്കലും ഒരു പ്രൈവറ്റ് കോളേജിനെക്കുറിച്ച് സിനിമയില്‍ എഴുതില്ല. ക്യാമ്പസ് എന്ന് പറഞ്ഞാല്‍ അത് സര്‍ക്കാര്‍ കോളേജുകളാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. നോ ഒഫന്‍സ് ടു എനി പ്രൈവറ്റ് കോളേജ്. പക്ഷെ, കുറേക്കൂടെ ഉറക്കെ സംസാരിക്കുന്നത് സര്‍ക്കാര്‍ കോളേജുകളാണ്,” ഷാരിസ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Jana Gana Mana script writer Sharis Mohammed about private and government colleges